മെറ്റയുടെ എഐ സിസ്റ്റത്തിലെ പിഴവ്: 20,000-ത്തിലധികം ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു

മെറ്റയുടെ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അധിഷ്ഠിതമായ ഇൻസ്റ്റാഗ്രാം അക്കൗണ്ട് റിക്കവറി സിസ്റ്റത്തിലെ ഗുരുതരമായ പിഴവ് മുതലെടുത്ത് ഹാക്കർമാർ ആഗോളതലത്തിൽ ഇരുപതിനായിരത്തിലധികം അക്കൗണ്ടുകളുടെ നിയന്ത്രണം കൈക്കലാക്കിയതായി മെറ്റാ സ്ഥിരീകരിച്ചു. അക്കൗണ്ടുകൾ തിരികെ ലഭിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഹൈ ടച്ച് സപ്പോർട്ട് (HTS) എന്ന നിർമിത ബുദ്ധി അധിഷ്ഠിത ടൂളിലാണ് ഈ സുരക്ഷാ വീഴ്ച കണ്ടെത്തിയത്. പ്രധാനമായും ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) ഇല്ലാത്ത അക്കൗണ്ടുകളെയാണ് ഈ പ്രശ്നം ബാധിച്ചത്.
ഹാക്കിങ് നടന്ന രീതി
അക്കൗണ്ട് റിക്കവറി സമയത്ത് നൽകുന്ന ഇമെയിൽ വിലാസം ഇൻസ്റ്റാഗ്രാം അക്കൗണ്ടുമായി ബന്ധമുള്ളതാണോ എന്ന് പരിശോധിക്കുന്നതിൽ നിർമിത ബുദ്ധി സംവിധാനം പരാജയപ്പെട്ടതാണ് ഹാക്കർമാർക്ക് സഹായകമായത്. നിർമിത ബുദ്ധി സംവിധാനത്തെ കബളിപ്പിച്ച് ഇരകളുടെ അക്കൗണ്ടുകളുമായി ഹാക്കർമാർ തങ്ങളുടെ സ്വന്തം ഇമെയിൽ വിലാസങ്ങൾ ബന്ധിപ്പിക്കുകയും, തുടർന്ന് പാസ്‌വേഡ് റീസെറ്റ് കോഡ് സ്വന്തമാക്കി അക്കൗണ്ടുകളിൽ പ്രവേശിക്കുകയുമാണ് ചെയ്തത്. അക്കൗണ്ട് ഉടമകളുടെ യഥാർത്ഥ ലൊക്കേഷൻ സ്ഥിരീകരിക്കാൻ ഹാക്കർമാർ വിപിഎൻ സേവനങ്ങൾ ഉപയോഗിക്കുകയും ചെയ്തു.
ഇരകൾ ആരെല്ലാം? വിവരച്ചോർച്ച എത്രത്തോളം?
ബരാക് ഒബാമ, വൈറ്റ് ഹൗസ്, സെഫോറ എന്നിവയുൾപ്പെടെയുള്ള പ്രമുഖ അക്കൗണ്ടുകളെ ഈ ഹാക്കിങ് ബാധിച്ചിട്ടുണ്ട്. ഏപ്രിൽ 17-നാണ് ആദ്യത്തെ ആക്രമണം നടന്നതെന്ന് കരുതപ്പെടുന്നു. മേയ് 31-നാണ് മെറ്റാ ഈ സുരക്ഷാ വീഴ്ച കണ്ടെത്തുന്നത്. ബാധിക്കപ്പെട്ട ഉപയോക്താക്കളുടെ ഇമെയിൽ ഐഡികൾ, ഫോൺ നമ്പറുകൾ, ജനനത്തീയതി, ഫോട്ടോകൾ, വീഡിയോകൾ, ഡയറക്ട് മെസ്സേജുകൾ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ ഹാക്കർമാർക്ക് ലഭിച്ചിട്ടുണ്ടാകാമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
മെറ്റയുടെ പ്രതികരണം
പ്രശ്നം പൂർണ്ണമായും പരിഹരിച്ചതായി മെറ്റയുടെ കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് ആൻഡി സ്റ്റോൺ അറിയിച്ചു. സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് മെറ്റാ എച്ച്.ടി.എസ് സിസ്റ്റം നിർത്തിവെക്കുകയും, ഇതിലൂടെ നിർമ്മിച്ച പാസ്‌വേഡ് റീസെറ്റ് ലിങ്കുകൾ അസാധുവാക്കുകയും ചെയ്തു. ബാധിക്കപ്പെട്ട ഉപയോക്താക്കൾക്ക് പുതിയ പാസ്‌വേഡും കൂടുതൽ സുരക്ഷാ പരിശോധനകളും നൽകിയതിന് ശേഷമേ അക്കൗണ്ടുകളിലേക്ക് വീണ്ടും പ്രവേശിക്കാൻ സാധിക്കൂ എന്നും കമ്പനി വ്യക്തമാക്കി.
Content Highlights: Meta has fixed a critical vulnerability in its AI-assisted High Touch Support (HTS) recovery system that allowed hackers to exploit accounts lacking two-factor authentication and hijack over 20,000 Instagram profiles globally, including high-profile pages like Barack Obama and the White House.