ഐപാഡ് എയര്‍ 1500 രൂപയ്ക്ക് വിറ്റഴിച്ചു, 11 ദിവസത്തിനുശേഷം ട്വിസ്റ്റ്; വിശദീകരിച്ച് റീട്ടെയ്ല്‍ സ്ഥാപനം

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | PTI
പ്രതീകാത്മകചിത്രം | PTI

ഐപാഡ് എയര്‍ (13 ഇഞ്ച്) വെറും 15 യൂറോയ്ക്ക് (ഏകദേശം 1,500 രൂപ) അബദ്ധത്തില്‍ വിറ്റഴിച്ച് റീട്ടെയ്ല്‍ സ്ഥാപനം. ഇറ്റാലിയന്‍ റീട്ടെയ്ല്‍ ശൃംഖലയായ മീഡിയ വേള്‍ഡില്‍നിന്ന് ഐപാഡ് വാങ്ങിയവര്‍ക്കാണ് 'ലോട്ടറി'യടിച്ചത്. എന്നാല്‍ 11 ദിവസം കഴിഞ്ഞതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു.

ഐപാഡ് വാങ്ങിയവരില്‍നിന്ന് അത് തിരികെ വാങ്ങാനോ അല്ലെങ്കില്‍ വില മുഴുവന്‍ ഈടാക്കാനോ ശ്രമിക്കുകയാണ് ഇപ്പോള്‍ ഈ സ്ഥാപനം. വില്‍പ്പന നടന്ന് 11 ദിവസത്തിന് ശേഷമാണ് റീട്ടെയ്ല്‍ ശൃംഖല തങ്ങളുടെ ഭാഗത്തുനിന്ന് സംഭവിച്ച തെറ്റ് കണ്ടെത്തിയതെന്ന് വയേഡ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഏകദേശം 79,990 രൂപയാണ് ഐപാഡ് എയറിന്റെ യഥാര്‍ഥ വില.

സ്ഥാപനം ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുകയും സ്റ്റോറില്‍നിന്ന് നേരിട്ട് വില്‍പ്പന നടത്തുകയും ചെയ്തിരുന്നു. അവിശ്വസനീയമായ കുറഞ്ഞ വിലയ്ക്ക് ഐപാഡുകള്‍ പണം നല്‍കിയവര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ വിലക്കുറവില്‍ ഐപാഡുകള്‍ വാങ്ങിയവര്‍ അവ തിരികെ നല്‍കുകയോ അല്ലെങ്കില്‍ യഥാര്‍ഥ വില നല്‍കുകയോ ചെയ്യണമെന്നാണ് റീട്ടെയ്ലര്‍ ഇപ്പോള്‍ അഭ്യര്‍ഥിക്കുന്നത്. അതിനിടെ, വ്യവസ്ഥകളും നിബന്ധനകളും സ്ഥാപനത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. അതിനാല്‍ തുക മുഴുവന്‍ നല്‍കാന്‍ തയ്യാറാകുന്നവര്‍ക്ക് ഡിസ്‌കൗണ്ടും അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

പ്രസിദ്ധീകരിച്ച വില തെറ്റായിരുന്നു' എന്ന് കാണിച്ച് മീഡിയ വേള്‍ഡ് ഉപഭോക്താക്കള്‍ക്ക് നിലവില്‍ ഇമെയില്‍ അയച്ചിട്ടുണ്ട്. വളരെ കുറഞ്ഞ വിലയില്‍ ഐപാഡ് എയര്‍ വാങ്ങിയ ഉപഭോക്താക്കള്‍ രണ്ട് ഓപ്ഷനുകളില്‍ ഒന്ന് തിരഞ്ഞെടുക്കണമെന്ന് കമ്പനി ആവശ്യപ്പെടുന്നു. 1. ഐപാഡ് കൈവശം വെക്കുകയും ബാക്കി തുക അടയ്ക്കുകയും ചെയ്യുക. 2. അവര്‍ക്കുണ്ടായ അസൗകര്യം കണക്കിലെടുത്ത് 1500 രൂപ റീഫണ്ടും ഏകദേശം 2050 രൂപയുടെ ഡിസ്‌കൗണ്ട് വൗച്ചറും സ്വീകരിക്കുക.

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലുണ്ടായ ഒരു സാങ്കേതിക പിഴവ് മൂലം വളരെ കുറഞ്ഞ സമയത്തേക്ക് ചില ഉല്‍പ്പന്നങ്ങളുടെ വില തെറ്റായി പ്രദര്‍ശിപ്പിക്കേണ്ടിവന്നു എന്നാണ് മീഡിയ വേള്‍ഡ് വിശദീകരിക്കുന്നത്. സംഭവിക്കാന്‍ പാടില്ലാത്ത പിഴവാണുണ്ടായതെന്നും അവര്‍ സമ്മതിക്കുന്നു. ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം നല്‍കുന്നതിനും പരമാവധി സംരക്ഷണം ഉറപ്പാക്കുന്നതിനും ഞങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും കമ്പനി പറയുന്നു.

Content Highlights: Italian retailer MediaWorld accidentally sold 13-inch iPad Air models for just €15. Now they`re asking customers to return them or pay the full price. Find out what happened!