വൻ മുന്നേറ്റവുമായി യുഎസിലെ മലയാളി എഐ സ്റ്റാർട്ടപ്പ്, മൂല്യം 41,000 കോടി രൂപ

മലയാളിയായ അശ്വിൻ ശ്രീനിവാസ് കോ ഫൗണ്ടറായുള്ള ആർട്ടിഫിഷ്യൽ ഇന്റജിലൻസ് (എഐ) സ്റ്റാർട്ടപ്പിന് ആറുമാസംകൊണ്ട് മൂല്യത്തിൽ മൂന്നുമടങ്ങ് വർധന. യുഎസ് ആസ്ഥാനമായുള്ള ’ഡെക്കഗൺ’ (decagon.ai) എന്ന സ്റ്റാർട്ടപ്പിന്റെ മൂല്യം 450 കോടി ഡോളറായാണ് വർധിച്ചത്. അതായത്, ഏതാണ്ട്, 41,000 കോടി രൂപ. കോട്യു മാനേജ്മെന്റ്, ഇൻഡെക്സ് വെഞ്ച്വേഴ്സ് എന്നീ നിക്ഷേപ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള നിക്ഷേപ റൗണ്ടിലൂടെ 25 കോടി ഡോളർ (ഏതാണ്ട് 2,275 കോടി രൂപ) സമാഹരിച്ചതോടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. നിലവിലുള്ള നിക്ഷേപകരും കെമിസ്ട്രി വി.സി., ഡെഫിനിഷൻ കാപ്പിറ്റൽ, സ്റ്റാർവുഡ് കാപ്പിറ്റൽ തുടങ്ങിയ പുതിയ നിക്ഷേപകരും ഈ റൗണ്ടിൽ പങ്കാളികളായി.
എറണാകുളം സ്വദേശിയായ അശ്വിൻ ശ്രീനിവാസും ചൈനീസ് വംശജനായ അമേരിക്കക്കാരൻ ജെസ് സാങ്ങും ചേർന്ന് 2023-ൽ ആരംഭിച്ച സംരംഭമാണ് ഡെക്കഗൺ. ടെക് കമ്പനികൾക്ക് കസ്റ്റമർ സപ്പോർട്ട് ജോലികൾ എളുപ്പമാക്കിക്കൊടുക്കുന്ന ജനറേറ്റീവ് എ.ഐ. പ്ലാറ്റ്ഫോമാണ് കമ്പനി ഒരുക്കുന്നത്. 2025 ജൂണിൽ 31.1 കോടി ഡോളർ സമാഹരിച്ചപ്പോൾ കമ്പനിയുടെ മൂല്യം 150 കോടി ഡോളറായിരുന്നു. ആ നിലയിൽനിന്നാണ് വെറും ആറുമാസംകൊണ്ട് 450 കോടി ഡോളറിലേക്ക് മൂല്യം കുതിച്ചുയർന്നത്. ട്രാവൽ-ഹോട്ടൽ, ധനകാര്യ സേവനം, ആരോഗ്യ പരിരക്ഷ, ഓൺലൈൻ റീട്ടെയിൽ തുടങ്ങിയ മേഖലകളിലായി നൂറോളം കമ്പനികളെ കഴിഞ്ഞ വർഷം ഉപഭോക്തൃ നിരയിലേക്ക് എത്തിക്കാനായതാണ് കമ്പനിക്ക് നേട്ടമായത്.
Content Highlights: Ernakulam Native's AI Startup Decagon Now Worth ₹41,000 Crore After Mega Funding