മലയാളികളുടെ എ.ഐ. സ്റ്റാര്‍ട്ടപ്പ് കമ്പനി ഫ്‌ലിപ്കാര്‍ട്ട് ലീപ് ഇന്നവേഷന്‍ നെറ്റ്‌വര്‍ക്കിലേക്ക്

സ്റ്റോറി ബ്രെയിന്‍ സ്ഥാപകര്‍, സ്‌റ്റോറി ബ്രെയിന്‍ ലോഗോ.
സ്റ്റോറി ബ്രെയിന്‍ സ്ഥാപകര്‍, സ്‌റ്റോറി ബ്രെയിന്‍ ലോഗോ.

ഫ്‌ലിപ്കാര്‍ട്ടിന്റെ പ്രമുഖ സ്റ്റാര്‍ട്ടപ്പ് ആക്‌സലറേറ്റര്‍ പ്രോഗ്രാമായ ഫ്‌ലിപ്കാര്‍ട്ട് ലീപ് ഇന്നവേഷന്‍ നെറ്റ്‌വര്‍ക്കിലേക്ക് (FLIN) കേരളത്തില്‍നിന്നുള്ള സംരംഭകര്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സ്റ്റോറിബ്രെയിന്‍ തെരഞ്ഞെടുക്കപ്പെട്ടു. 500-ൽ അധികം അപേക്ഷകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നാണ് സ്റ്റോറിബ്രെയിന്‍. ഫ്‌ലിന്‍ പ്രോഗ്രാമിലൂടെ ഫ്‌ലിപ്കാര്‍ട്ടുമായി ചേര്‍ന്ന് പൈലറ്റ് പ്രോജക്റ്റുകള്‍ നടപ്പിലാക്കാനും കമ്പനിയുടെ പ്രൊഡക്റ്റ് ടീമുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുമുള്ള അവസരം ഇവര്‍ക്ക് ഇതുവഴി ലഭിക്കും. 

മലയാളി സംരംഭകരായ ജിക്കു ജോസ് (സി.ഇ.ഒ.), ജിബിന്‍ മാത്യു (സി.ടി.ഒ.) എന്നിവര്‍ 2019 ഒക്ടോബറില്‍ സിംഗപ്പുരിലാണ് സ്റ്റോറിബ്രെയിന്‍ സ്ഥാപിച്ചത്. ഇ-കൊമേഴ്സ് മേഖലയില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്ന ഈ സ്റ്റാര്‍ട്ടപ്പ്, ഉത്പന്നങ്ങളുടെ വിവരണങ്ങള്‍ സ്വയമേവ ചെറു വീഡിയോകളാക്കി മാറ്റുന്ന 'മീഡിയ സമ്മറി' (MediaSummary) എന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 

ഫ്‌ലിപ്കാര്‍ട്ട്, സെഫോറ, ഹൗസിങ് തുടങ്ങിയ പ്രമുഖ കമ്പനികള്‍ ഇതിനോടകം തന്നെ സ്റ്റോറിബ്രെയിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തി വരുന്നു. 2024 സെപ്റ്റംബറില്‍ ഗൂഗിള്‍ സിംഗപ്പുരിലെ മികച്ച 25 എ.ഐ. സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായി സ്റ്റോറിബ്രെയിനെ തെരഞ്ഞെടുക്കുകയും തുടര്‍ന്ന് ഒക്ടോബറില്‍ ഗൂഗിളുമായി പങ്കാളിത്തം സ്ഥാപിക്കുകയും ചെയ്തു. 'വീഡിയോ ആയിരിക്കും ഭാവിയിലെ ആശയവിനിമയത്തിന്റെ പ്രധാന മാധ്യമം' എന്ന കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കുന്ന സ്റ്റോറിബ്രെയിന് ആന്റ്ലര്‍, ഇന്‍വെസ്റ്റിഗേറ്റ് വെഞ്ച്വര്‍ ക്യാപിറ്റല്‍ തുടങ്ങിയ നിക്ഷേപകരുടെ പിന്തുണയും ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഹൂസ്റ്റണ്‍, സിംഗപ്പുര്‍ എന്നിവിടങ്ങളിലായി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു കിടക്കുന്നു.

ഇന്റലിജന്‍സ് നോഡ്, ഇന്‍വെന്‍സോ ലാബ്‌സ്, ഫില്ലോ, ഡി-ഐഡി എന്നിവയാണ് ഫ്‌ലിന്നില്‍ ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട മറ്റ് കമ്പനികള്‍. 'ഫ്‌ലിന്‍ പ്രോഗ്രാമിലൂടെ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ നവീകരണത്തിന്റെ കാറ്റലിസ്റ്റായി ഫ്‌ലിപ്കാര്‍ട്ട് തുടരുകയാണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ പരിഹാരങ്ങള്‍ പരീക്ഷിക്കാനും, മെച്ചപ്പെടുത്താനും, നടപ്പിലാക്കാനും ഒരു സഹകരണ വേദി ഒരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം' എന്നാണ് ഫ്‌ലിപ്കാര്‍ട്ട് ഗ്രൂപ്പിന്റെ പ്രൊഡക്റ്റ് സ്ട്രാറ്റജി ആന്‍ഡ് ഫ്‌ലിപ്കാര്‍ട്ട് ലാബ്‌സിന്റെ വൈസ് പ്രസിഡന്റും മേധാവിയുമായ നരേന്‍ രാവുല പറഞ്ഞത്.

Content Highlights: malayali ai startup company storybrain selected to flipkart leap innovation network