ആരുടേയും ഭീഷണിക്ക് വഴങ്ങി മാപ്പ്‌ പറയരുത്. സക്കർബർഗിന് പിന്തുണയുമായി എം.പി. മഹുവ മൊയ്ത്ര

#ടെക്നോളജി ഡെസ്ക്
മഹുവ മൊയ്ത്ര| Photo: PTI
മഹുവ മൊയ്ത്ര| Photo: PTI

ന്യൂഡൽഹി: മോദിയുടെ വീഡിയോ അപ്രത്യക്ഷമായ വിഷയത്തിൽ മെറ്റ സി.ഇ.ഒ. മാർക്ക് സക്കർബർഗിന് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്ര. ഭീഷണിക്കു വഴങ്ങി മാപ്പുപറയരുതെന്ന് അവർ ‘എക്‌സി’ൽ കുറിച്ചു.

'ഹലോ മാർക്ക്, കേന്ദ്രസർക്കാർ ഇടയ്ക്കിടെ ജനങ്ങളെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തി അവർക്കിഷ്ടപ്പെടാത്ത ഉള്ളടക്കം നീക്കംചെയ്യാറുണ്ട്. ഒരു വീഡിയോ അബദ്ധത്തിൽ കുറച്ചുനേരം അപ്രത്യക്ഷമായെന്നു കരുതി ആകാശം ഇടിഞ്ഞുവീഴില്ല. ആരുടേയും ഭീഷണിക്ക് വഴങ്ങി മാപ്പുപറയരുത്.' -മൊയ്ത്ര കുറിച്ചു.

ചോദ്യച്ചോർച്ചകളിൽ നടപടി ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി പോസ്റ്റുചെയ്ത സെൽഫി വീഡിയോ ഫെയ്സ്ബുക്കിൽനിന്ന് നീക്കാനിടയായ സംഭവത്തിൽ വിശദീകരണം നൽകുന്നതിന് മെറ്റ കമ്പനിയുടെ ആഗോള നേതൃസംഘം ഡൽഹിയിലെത്തിയിട്ടുണ്ട്. മെറ്റയുടെ പബ്ലിക് പോളിസി മേധാവി ജോയൽ കപ്ലാനും ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം.

ബുധൻ, വ്യാഴം ദിവസങ്ങളിൽ സംഘം തലസ്ഥാനത്തുണ്ടാകുമെന്നും കമ്പനിയോട് വിശദീകരണം ചോദിക്കുമെന്നും കേന്ദ്ര ഐ.ടി. സെക്രട്ടറി എസ്. കൃഷ്ണൻ പറഞ്ഞു.

പ്രധാനമന്ത്രിയുടെ വീഡിയോ താൽക്കാലികമായി നീക്കം ചെയ്തതിൽ മെറ്റ നേരത്തെ ക്ഷമാപണം നടത്തിയിരുന്നു. എന്നാൽ, ഈ സംഭവത്തിൽ കമ്പനി ചൂണ്ടിക്കാണിച്ച 'സാങ്കേതിക തകരാറിനെക്കുറിച്ച്' വിശദീകരിക്കുന്ന രേഖാമൂലമുള്ള റിപ്പോർട്ടും ഒപ്പം പോസ്റ്റ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് രേഖാമൂലമുള്ള മാപ്പപേക്ഷയും സർക്കാർ ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരങ്ങൾ.

Content Highlights: TMC MP Mahua Moitra has urged Meta CEO Mark Zuckerberg not to apologize or yield to government pressure after Meta officials arrived in Delhi to submit a formal explanation over the temporary deletion of PM Narendra Modi's Facebook video.