തുണിക്കടകളിലെ ട്രയൽ റൂം ഇല്ലാതാക്കുമോ? സാങ്കേതികവിദ്യ വികസിപ്പിച്ച് സ്റ്റാർട്ടപ്പ്

#സ്വന്തം ലേഖകന്‍
ഹഡില്‍ ഗ്ലോബല്‍ പ്രദര്‍ശനം കാണാനെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശനെ ലൂമി വ്യൂ സ്‌ക്രീന്‍ വെര്‍ച്വലായി ടി-ഷര്‍ട്ട് ധരിപ്പിച്ചപ്പോള്‍.
ഹഡില്‍ ഗ്ലോബല്‍ പ്രദര്‍ശനം കാണാനെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശനെ ലൂമി വ്യൂ സ്‌ക്രീന്‍ വെര്‍ച്വലായി ടി-ഷര്‍ട്ട് ധരിപ്പിച്ചപ്പോള്‍.

തിരുവനന്തപുരം: തുണിക്കടകളിൽ ട്രയൽ റൂം ഇല്ലാതാകുന്ന കാലം വരുമോ..? വരുമെന്നാണ് ഹഡിൽ ഗ്ലോബൽ പ്രദർശനവേദിയിലെത്തിയ ലൂമി വ്യൂ സ്റ്റാർട്ടപ്പ് കാട്ടിത്തന്നത്. അതിന് വെർച്വൽ മോഡലാക്കിയത് മുഖ്യമന്ത്രിയെയും.

തൂവെള്ള ഖാദിഷർട്ടും മുണ്ടും ധരിച്ച് ഹഡിൽ ഗ്ലോബൽ സ്റ്റാളുകൾ കാണാനെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശനെ ലൂമി വ്യൂ ഒരുനിമിഷംകൊണ്ട് പൂക്കി മുഖ്യമന്ത്രിയാക്കിമാറ്റി സ്‌ക്രീനിൽ കാണിച്ചു. വ്യത്യസ്തവസ്ത്രങ്ങൾ ധരിച്ചുനോക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് സ്റ്റാർട്ടപ്പായ ലൂമിവ്യൂ വികസിപ്പിച്ചത്.

സ്‌ക്രീനിനു മുന്നിൽനിൽക്കാൻ മുഖ്യമന്ത്രിയോട് അഭ്യർഥിച്ച സംരംഭകരോട്, എന്തോ കുസൃതി ഒപ്പിക്കാനാണ് പോകുന്നതെന്ന് അറിയാമെന്നും നോക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ കാരിക്കേച്ചറും പൂക്കി വിശേഷണവുമുള്ള ടി-ഷർട്ട് ധരിച്ച സതീശനെയാണ് പിന്നാലെ സ്‌ക്രീനിൽ കാണിച്ചത്. കാഴ്ചകണ്ട് മുഖ്യമന്ത്രി പൊട്ടിച്ചിരിച്ചു.

ഉപഭോക്താക്കൾക്ക് വസ്ത്രങ്ങൾ നേരിട്ടു ധരിച്ചുനോക്കാതെതന്നെ വ്യത്യസ്തവേഷങ്ങൾ പരീക്ഷിക്കാനുള്ള സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് ലൂമിവ്യൂ സ്ഥാപകൻ ജാനുകൃഷ്ണ എ.എസ്. പറഞ്ഞു. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പുകൾ നൽകും. അതോടൊപ്പം ഉപഭോക്താക്കൾ ധരിച്ചുനോക്കുന്ന വസ്ത്രങ്ങൾ കടയിലെ ജീവനക്കാർക്ക് വീണ്ടും മടക്കി ഷെൽഫുകളിൽ വെക്കേണ്ടിവരുന്ന ജോലിയും കുറയ്ക്കും.

Content Highlights: LumiView showcased innovative virtual trial room technology at Huddle Global., The technology allows users to try on different outfits virtually without physically wearing them., It enhances the customer shopping experience and reduces manual work for retail staff., The demonstration featured a fun virtual makeover of V.D. Satheesan.