അബുദാബി വിമാനം കൊച്ചിയിലേക്ക് മടങ്ങിയത് ഒറ്റ എൻജിനുമായി, ഭീഷണിയായി അമിതഭാരവും – ആശങ്കയുടെ നിമിഷങ്ങൾ

എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം |ഫോട്ടോ:PTI
എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം |ഫോട്ടോ:PTI

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ IX 415 വിമാനം അടിയന്തരമായി തിരിച്ചിറക്കേണ്ടിവന്ന വാർത്ത പുറത്തുവന്നിരിക്കുകയാണ്. ഓഗസ്റ്റ് 31-ന് നടന്ന സംഭവത്തെക്കുറിച്ചുള്ള വാർത്ത ഇപ്പോഴാണ് പുറത്തുവന്നത്. എൻജിനിലെ ഓയിലിന്റെ അളവിൽ വലിയ കുറവ് ശ്രദ്ധയിൽപ്പെടുകയും തുടർന്ന് എൻജിൻ ഓയിലിന്റെ മർദം കുറഞ്ഞതുമാണ് വിമാനം തിരിച്ചിറക്കാൻ കാരണമായത്.

ഏറെ അപകടം നിറഞ്ഞ ഘട്ടത്തിലൂടെയായിരുന്നു യാത്രികരെ വഹിച്ചുകൊണ്ടുള്ള ഈ വിമാനത്തിന്റെ തിരിച്ചിറക്കമെന്ന് വ്യോമയാന വിദഗ്ധനായ ജേക്കബ് കെ. ഫിലിപ്പ് പറഞ്ഞു. എൻജിൻ ഓയിൽ അളവ് കുറയുന്നതും മർദം കുറയുന്നതും എൻജിനിലെ തീപ്പിടിത്തത്തിലേക്കോ പൊട്ടിത്തെറിയിലേക്കോ വരെ നയിച്ചേക്കാവുന്ന സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

36,000 അടി ഉയരത്തിലെ പ്രതിസന്ധി

വിമാനം കൊച്ചിയിൽനിന്ന് ടേക്ക് ഓഫ് ചെയ്ത് ഏകദേശം 50-55 മിനിറ്റുകൾ കഴിഞ്ഞപ്പോൾ, 36,000 അടി ഉയരത്തിൽ വെച്ചാണ് ഒന്നാം നമ്പർ എൻജിനിലെ ലൂബ്രിക്കേറ്റിങ് ഓയിലിന്റെ അളവ് വളരെ വേഗം കുറയുന്നതായ സൂചന പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെട്ടത്. മറ്റേതു വാഹനങ്ങളിലെയുംപോലെ എൻജിൻ സുഗമമായി പ്രവർത്തിക്കാനും ചൂടാകാതിരിക്കാനും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ഈ ലൂബ്രിക്കേറ്റിങ് ഓയിൽ. ഇതിന്റെ അളവ് കുറയുന്നത് സാധാരണ വലിയൊരു അപകടമാകണമെന്നില്ലെങ്കിലും ദീർഘദൂരയാത്രയായതിനാൽ പൈലറ്റുമാർ ഇവിടെ ജാഗ്രത പാലിക്കുകയായിരുന്നു.

നിർണായകമായ 'ഫോർഡെക്' (FORDEC) വിശകലനം

പ്രശ്നം തിരിച്ചറിഞ്ഞ പൈലറ്റുമാർ ഒട്ടും സമയം കളയാതെ സാധാരണ നടപടിക്രമങ്ങൾ പാലിച്ച് ഫോർഡെക് (FORDEC) എന്ന റിസ്ക് അസസ്മെന്റിലൂടെ സാഹചര്യം വിലയിരുത്തി. അപകടസാധ്യതകളും വസ്തുതകളും ചർച്ച ചെയ്യാനും കൊച്ചിയിലോ അബുദാബിയിലോ ബന്ധപ്പെട്ട് അടുത്തതായി എന്തുചെയ്യണമെന്ന് തീരുമാനിക്കാനും പൈലറ്റുമാർ ഏകദേശം 20 മിനിറ്റോളം സമയമെടുത്തു. ഒടുവിൽ ഓയിലിന്റെ അളവ് വീണ്ടും കുറഞ്ഞുകൊണ്ടിരുന്ന സാഹചര്യത്തിൽ യാത്ര ഉപേക്ഷിച്ച് കൊച്ചിയിലേക്കുതന്നെ തിരിച്ചുപറക്കാൻ അവർ തീരുമാനിക്കുകയായിരുന്നു.

യാത്രയ്ക്കിടെ എൻജിൻ ഓഫാക്കേണ്ടിവന്നു

രാത്രി പത്തുമണി കഴിഞ്ഞാണ് വിമാനം കൊച്ചി ലക്ഷ്യമാക്കി തിരിഞ്ഞത്. തിരിച്ചുപറന്ന് ഏകദേശം 45 മിനിറ്റുകൾ കഴിഞ്ഞപ്പോൾ, വിമാനം ലക്ഷദ്വീപിനു മുകളിൽ എത്തിയ സമയത്ത് കാര്യങ്ങൾ കൂടുതൽ വഷളായി. ഒന്നാം നമ്പർ എൻജിനിലെ ഓയിൽപ്രഷറും ക്രമാതീതമായി താഴാൻ തുടങ്ങി. ഓയിലിന്റെ അളവ് കുറയുന്നതിനെക്കാൾ അപകടകരമാണ് ഓയിൽപ്രഷർ താഴുന്നത്. ഓയിൽ പമ്പ് ചെയ്യുന്ന സംവിധാനത്തിന് തകരാർ സംഭവിച്ചാൽ പ്രഷർ കുറയും, ഇത് എൻജിന്റെ ഭാഗങ്ങളിലേക്ക് ലൂബ്രിക്കേഷൻ എത്താതിരിക്കാൻ കാരണമാകും. അങ്ങനെ വന്നാൽ എൻജിൻ അമിതമായി ചൂടുപിടിച്ച് തീപിടിക്കാനോ പൊട്ടിത്തെറിക്കാനോ വലിയ സാധ്യതയുണ്ട് -- ജേക്കബ് പറഞ്ഞു. ഇതേത്തുടർന്നാണ് പൈലറ്റുമാർ തകരാറിലായ ഒന്നാം നമ്പർ എൻജിൻ പൂർണമായും ഓഫ് ചെയ്തത്.

അടുത്ത വെല്ലുവിളി ഇന്ധനഭാരം

കൊച്ചി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതുവരെ ഏകദേശം അരമണിക്കൂർ സമയം വിമാനം പറന്നത് ഒറ്റ എൻജിന്റെ കരുത്തിലാണ്. സാധാരണഗതിയിൽ ഒരു എൻജിൻ ഉപയോഗിച്ച് വിമാനത്തിന് പറക്കാനാകുമെങ്കിലും ഈ സാഹചര്യത്തെ അതീവ ഗുരുതരമാക്കിയത് വിമാനത്തിന്റെ അമിതഭാരമായിരുന്നു. അബുദാബിയിലേക്ക് പോകാൻ ആവശ്യമായ ഇന്ധനം മുഴുവൻ നിറച്ചാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. യാത്ര തുടങ്ങി കുറഞ്ഞ സമയംകൊണ്ട് തിരിച്ചിറങ്ങേണ്ടിവന്നതിനാൽ വലിയൊരു അളവ് ഇന്ധനം വിമാനത്തിൽ ബാക്കിയുണ്ടായിരുന്നു.

ലാൻഡിങ് സമയത്ത് വിമാനത്തിന് താങ്ങാൻ കഴിയുന്ന പരമാവധി ഭാരത്തെക്കാൾ (Maximum Landing Weight) വളരെ കൂടുതലായിരുന്നു ഇതെന്ന് കരുതപ്പെടുന്നു. ഇത്രയും വലിയ ഭാരവുമായി ലാൻഡ് ചെയ്യുമ്പോൾ അത് വിമാനത്തിന് കേടുപാടുകൾ സംഭവിക്കാൻവരെ കാരണമായേക്കാം. ഭാരം കുറയ്ക്കാൻ ഇന്ധനം അന്തരീക്ഷത്തിലേക്ക് ഒഴുക്കിക്കളയാനുള്ള (Fuel Jettison) സംവിധാനം ബോയിങ് 737 വിമാനങ്ങൾക്കില്ല. സാധാരണയായി ആകാശത്ത് വട്ടമിട്ടു പറന്ന് ഇന്ധനം കത്തിച്ചുകളയാറാണ് ഇത്തരം സന്ദർഭങ്ങളിൽ പതിവ്. ഇവിടെ ഒറ്റ എൻജിനുമായി വട്ടമിട്ടു പറന്ന് പൈലറ്റുമാർക്ക് അത് ചെയ്യേണ്ടിവന്നു.

എന്തായാലും ആകാശത്ത് അപ്രതീക്ഷിതമായുണ്ടായ സാങ്കേതിക തകരാറിനെ കൃത്യമായ തീരുമാനങ്ങളിലൂടെയും ഏകോപനത്തിലൂടെയും മറികടന്ന് വലിയൊരു ദുരന്തം ഒഴിവാക്കാൻ പൈലറ്റുമാർക്കും അധികൃതർക്കും കഴിഞ്ഞു.

Content Highlights: An Air India Express flight traveling from Kochi to Abu Dhabi narrowly escaped a major disaster when pilots skillfully executed a single-engine emergency landing after a critical drop in engine oil pressure forced them to shut down an engine mid-air.