റോബോട്ട് യുഗത്തിൽ പോലീസ്; ഇനി ട്രാഫിക് നിയന്ത്രിക്കാൻ ‘ദക്ഷ’ , രക്ഷാപ്രവർത്തനത്തിന് ‘കവച്’

#ടെക്നോളജി ഡെസ്ക്
മന്ത്രി രമേശ് ചെന്നിത്തല കവച് റോബോട്ടിക് വാഹനത്തോടൊപ്പം വേദിയിലേക്ക് വരുന്നു
മന്ത്രി രമേശ് ചെന്നിത്തല കവച് റോബോട്ടിക് വാഹനത്തോടൊപ്പം വേദിയിലേക്ക് വരുന്നു

കൊച്ചി: പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി പോലീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്ന റോബോട്ടുകളെ പരിചയപ്പെടുത്തി കേരള പോലീസ്. ട്രാഫിക് നിയന്ത്രണം, ദുരന്തനിവാരണം, രക്ഷാപ്രവർത്തനം, ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കാവുന്ന നൂതന റോബോട്ടിക് സംവിധാനങ്ങളാണ് പ്രദർശിപ്പിച്ചത്. സേനയ്ക്കായി പാനായിക്കുളം ആസ്ഥാനമായുള്ള ’ഐ ഹബ് റോബോട്ടിക്‌സ്’ വികസിപ്പിച്ച താര വിഭാഗത്തിൽ രണ്ട് മോഡലുകൾ നിലവിൽ പ്രവർത്തനസജ്ജമാണ്. താര-1 റിസപ്ഷനിസ്റ്റ് റോബോട്ടാണ്. ആളുകളെ സ്വാഗതം ചെയ്യാനും 100-ലധികം ഭാഷകൾ സംസാരിക്കാനും കഴിയും. താര ടീച്ച് / താര ലേൺ റോബോട്ട് ക്ലാസുകൾ എടുക്കുകയും സങ്കീർണമായ വിഷയങ്ങൾ ലളിതമായ ഭാഗങ്ങളാക്കി വിഭജിച്ച് എളുപ്പത്തിൽ പഠിപ്പിക്കുകയും ചെയ്യും.

വ്യാവസായിക ആവശ്യങ്ങൾക്കുള്ളതാണ് ദക്ഷ റോബോട്ട്. വ്യവസായശാലകളിൽ ദൈനംദിന ജോലികൾക്കും ട്രാഫിക് നിയന്ത്രണത്തിനും ഇവ ഉപയോഗിക്കും. മണിക്കൂറുകളോളം ജോലി ചെയ്യേണ്ടിവരുന്ന പോലീസുകാരുടെ ജോലിഭാരം കുറയ്ക്കാൻ ട്രാഫിക് നിയന്ത്രണ റോബോട്ടുകൾ സഹായിക്കും.

ഭാരമുള്ള വസ്തുക്കൾ പൊക്കിയെടുക്കാനുള്ള ശേഷിയുണ്ട്. ദുഷ്കരമായ ഭൂപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കും അവശ്യവസ്തുക്കൾ എത്തിക്കുന്നതിനും സഹായിക്കുന്ന കവച് സംവിധാനത്തിന്റെ പ്രദർശനവും നടന്നു.

പ്രതിരോധ രംഗത്ത് കൂട്ടായി കർണ

സിയാച്ചിൻ പോലുള്ള ദുർഘട മേഖലകളിൽ സകല ആയുധസന്നാഹങ്ങളോടെയും കാവൽനിൽക്കാൻ ശേഷിയുള്ള ’കർണ’ എന്ന ജനറേഷൻ മൂന്ന് ഹ്യുമനോയ്ഡ് റോബോട്ടുകളും കമ്പനി പ്രതിരോധ സേനയ്ക്കായി വികസിപ്പിക്കുന്നുണ്ട്. ഇടുക്കി ബൈസൺവാലി സ്വദേശി കൃഷ്ണ ആദിൽ, പാലക്കാട് ഇരുവാലശേരി സ്വദേശി എച്ച്. അഖിൽ ഹരിദാസ്, തിരുവനന്തപുരം രാമപുരം സ്വദേശി എസ്. ശരത്ത് എന്നീ യുവാക്കൾ കോയമ്പത്തൂരിൽ എൻജിനിയറിങ് പഠനകാലത്ത് തുടക്കമിട്ട കമ്പനിയാണ് പിന്നീട് എറണാകുളത്ത് നിർമാണകേന്ദ്രമാക്കി കൊച്ചിയിലേക്ക് മാറിയത്.

Content Highlights: Kerala Police has introduced advanced robots developed by Kochi-based 'I Hub Robotics'—including the multi-lingual 'Thaara', the industrial 'Daksha', and the defense-ready 'Karna'—to enhance efficiency in traffic control, disaster management, and rescue operations.