ഓണ്‍ലൈന്‍ തട്ടിപ്പിനെതിരേ സന്ദേശവുമായി അഹാനയും അമ്മയും; ബോധവത്കരണ വീഡിയോയുമായി കേരള പോലീസ്

പ്രതീകാത്മക ചിത്രം, അഹാനകൃഷ്ണകുമാറും സിന്ധു കൃഷ്ണയും വീഡിയോയില്‍ | Photo: Mathrubhumi, Screen grab/ Kerala Police
പ്രതീകാത്മക ചിത്രം, അഹാനകൃഷ്ണകുമാറും സിന്ധു കൃഷ്ണയും വീഡിയോയില്‍ | Photo: Mathrubhumi, Screen grab/ Kerala Police

ണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ബോധവത്കരണവുമായി കേരള പോലീസ്. തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ പരാതിപ്പെടാനുള്ള 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ അറിയിക്കണമെന്ന് കേരള പോലീസ് ആവശ്യപ്പെട്ടു. ബോധവത്കരണത്തിന്റെ ഭാഗമായി നടി അഹാന കൃഷ്ണയും അമ്മ സിന്ധു കൃഷ്ണയും ഉള്‍പ്പെട്ട 2.44 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ടു.

വീഡിയോയിലെ ഉള്ളടക്കം:
ടെക്‌നോളജി വളരുന്നതോടുകൂടി പലതരം പുതിയ ഓണ്‍ലൈന്‍ തട്ടിപ്പുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും സാധാരണയായി ഇപ്പോള്‍ കണ്ടുവരുന്നതാണ് ഫെഡ്എക്‌സ് കൂറിയര്‍, നിക്ഷേപ- ട്രേഡിങ്, ലോണ്‍, കസ്റ്റമര്‍ കെയര്‍, ഗിഫ്റ്റ്, ജോബ് സ്‌കാമുകള്‍. ഇതില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ടുചെയ്യപ്പെടുന്നതും പണം നഷ്ടമാവുന്നതും ഫെഡ്എക്‌സ്, നിക്ഷേപ- ട്രേഡിങ് തട്ടിപ്പുകളിലാണ്.

ഫെഡ്എക്‌സ് കൂറിയര്‍ തട്ടിപ്പ്
മുംബൈ പോലീസിന്റേയോ കസ്റ്റംസിന്റേയോ അധികാരികളാണെന്ന പേരില്‍ അപരിചിതമായ നമ്പറുകളില്‍നിന്ന് വിളിച്ച് നിങ്ങളുടെ പേരില്‍ വന്ന പാഴ്‌സലില്‍ അനധികൃതമായ നാര്‍കോട്ടിക് ഡ്രഗ്ഗുകളോ എം.ഡി.എം.എയോ വ്യാജ പാസ്‌പോര്‍ട്ടോ ഉണ്ടെന്ന് അവകാശപ്പെടുന്നു. നിങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ടെന്നും വെര്‍ച്വല്‍ അറസ്റ്റിലാണെന്നും അക്കൗണ്ടിലെ മുഴുവന്‍ പണവും പരിശോധനയ്ക്കുവേണ്ടി ആര്‍.ബി.ഐയുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും പറഞ്ഞ് തട്ടിപ്പുകാര്‍ അവരുടെ വ്യാജ അക്കൗണ്ട് നമ്പറുകള്‍ തന്ന് അക്കൗണ്ടിലെ മുഴുവന്‍ പണവും തട്ടിയെടുക്കുന്നു.

എന്നാല്‍, നിയമനടപടികള്‍ സ്വീകരിക്കുന്ന പോലീസ് ഏജന്‍സികള്‍ ഒരിക്കലും ഫോണിലൂടെ പണം ആവശ്യപ്പെടാറില്ല. വെര്‍ച്വല്‍ അറസ്റ്റ് എന്നൊരു നടപടിയും ഇല്ല. ഇതാണ് യാഥാര്‍ഥ്യം.

നിക്ഷേപ- ട്രേഡിങ് തട്ടിപ്പുകള്‍
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ്, ടെലഗ്രാം തുടങ്ങിയവയില്‍ വളരെ വിശ്വസനീയമായ പരസ്യങ്ങളിലൂടെയും സ്പാം ഇ- മെയിലിലൂടെയും ലിങ്കുകളിലൂടെയും വലിയ ലാഭം പെട്ടെന്ന് കരസ്ഥമാക്കാമെന്ന് വിശ്വസിപ്പിച്ച് നിക്ഷേപപദ്ധതികളിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു. ഇതില്‍ താത്പര്യം പ്രകടിപ്പിക്കുന്നവരെ അവരുടെ ഗ്രൂപ്പുകളിലേക്ക് ചേര്‍ത്ത് പരിശീലനം നല്‍കി ഗ്രൂപ്പിലെ മറ്റംഗങ്ങളായ തട്ടിപ്പുകാരെക്കൊണ്ട് അവര്‍ക്ക് ലഭിച്ച വലിയ ലാഭത്തിന്റെ കണക്കുകള്‍ അവതരിപ്പിച്ചാണ് നിങ്ങളേയും വലിയ തുക നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നത്.

പണം നിക്ഷേപിച്ച ശേഷം ഏതെങ്കിലും ഒരു പോയിന്‍റിൽ പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ ആദ്യം ഓരോ ഒഴിവുകള്‍ പറയും. പിന്നീടാണ് ഒരിക്കലും പണം തിരിച്ചു ലഭിക്കാത്ത വളരെ വലിയ നിക്ഷേപത്തട്ടിപ്പിന്റെ ഇരയായിരിക്കുന്നു നിങ്ങളെന്ന് സ്വയം മനസിലാക്കുക. ഇതിനോടകം തട്ടിപ്പുകാര്‍ നിങ്ങളുടെ പണവുമായി കടന്നുകളഞ്ഞിരിക്കും.

ആപ്പുകളില്‍ കാണുന്ന വന്‍തുകകള്‍ യാഥാര്‍ഥ്യമല്ലെന്നും അത് സ്‌ക്രീനില്‍ മാത്രം കാണാന്‍ കഴിയുന്ന ഒന്നാണെന്നും സാധാരണയേക്കാള്‍ റിട്ടേണ്‍സ് വാഗ്ദനംചെയ്യുന്ന എല്ലാ ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പുകളും വ്യാജമാണെന്നും ഓര്‍ക്കുക.

വിശ്വസിച്ചാലും ഇല്ലെങ്കിലും കേരളത്തില്‍ ഒരുദിവസം നൂറോളം കേസുകളാണ് രജിസ്റ്റര്‍ചെയ്യപ്പെടുന്നത്. ചെറുതും വളരെ വലിയതുമായ വ്യത്യസ്ത തട്ടിപ്പുകള്‍. ഇത്തരം സാഹചര്യങ്ങളില്‍ച്ചെന്ന് ചാടാതിരിക്കാന്‍ ബോധവാന്മാരായിരിക്കുക, സൂക്ഷിക്കുക. അറിഞ്ഞിരിക്കുക, ശ്രദ്ധയോടെ ഇരിക്കുക.

അഥവാ പറ്റിക്കപ്പെട്ടാല്‍ എത്രയുംപെട്ടെന്ന് സൈബര്‍ ക്രൈം നമ്പറായ 1930-യില്‍ ബന്ധപ്പെടുകയോ cybercrime.gov.in എന്ന സൈബര്‍ പോര്‍ട്ടലില്‍ പരാതിപ്പെടുകയോ ചെയ്യുക.

Content Highlights: Kerala Police Video on Cyber Crime