രക്ഷാപ്രവർത്തനങ്ങൾ ഇനി കൂടുതൽ വേഗത്തിൽ; 75 പുതിയ ഡ്രോണുകളുമായി കേരള പോലീസ്!

#രാജേഷ് ജോർജ്
ഹൈബ്രിഡ് വിറ്റോൾ ഉൾപ്പെടെയുള്ള ആധുനിക ‍ഡ്രോൺ സംവിധാനങ്ഹൾ കൊക്കൂൺ കോൺഫറൻസിൽ സൈബർഡോം പ്രദർശിപ്പിച്ചപ്പോൾ
ഹൈബ്രിഡ് വിറ്റോൾ ഉൾപ്പെടെയുള്ള ആധുനിക ‍ഡ്രോൺ സംവിധാനങ്ഹൾ കൊക്കൂൺ കോൺഫറൻസിൽ സൈബർഡോം പ്രദർശിപ്പിച്ചപ്പോൾ

കൊച്ചി: നിരീക്ഷണത്തിനും രക്ഷാപ്രവർത്തനത്തിനും ഉപയോഗിക്കുന്ന ഡ്രോൺ സംവിധാനങ്ങളിൽ വൻ സാങ്കേതിക മുന്നേറ്റവുമായി കേരള പോലീസ്. കൊക്കൂൺ കോൺഫറൻസ് വേദിയിൽ കേരള പോലീസ് സൈബർ ഡിവിഷന്റെ പുതുതലമുറ ഡ്രോണുകളുടെ പ്രദർശനം ഒരുക്കിയിട്ടുണ്ട്. ജനസഞ്ചയം വന്നെത്തുന്ന പരിപാടികളിൽ ആളുകളെ അടുത്ത് കാണുന്നതിനും ദുരന്തമേഖലകളിലും പ്രത്യേകിച്ച് തീരദേശത്തെ രക്ഷാപ്രവർത്തനത്തിനും സേനയ്ക്ക് സഹായകരമാകും വിധം ആധുനികസംവിധാനവും ശേഷിയും ഉൾപ്പെടുത്തി രൂപകല്പന ചെയ്തിട്ടുള്ളവയാണ് പുതിയ ഡ്രോണുകൾ.

പോലീസിന്റെ സ്വന്തം ഡ്രോൺ ഫൊറൻസിക് ലാബിലാണ് ഡ്രോണുകൾ നിർമിച്ചിരുന്നത്. പിന്നീട് സൈബർ ഡിവിഷന്റെ നേതൃത്വത്തിൽ ഏറോഫോയിൽ പോലുള്ള സ്റ്റാർട്ടപ്പുകളുമായി ചേർന്ന് ഡ്രോണുകൾ വികസിപ്പിക്കുകയാണ് ചെയ്യുന്നത്. സൈബർഡോമിന് 75 തരം ഡ്രോണുകളുണ്ട് ഇപ്പോൾ.

ഹൈബ്രിഡ് വിറ്റോളും സർവൈലൻസ് ഡ്രോണും

കാഴ്ചയിൽ ചെറുവിമാനത്തിന്റെ രൂപസാദൃശ്യമുള്ള ഡ്രോണുകളാണ് ഹൈബ്രിഡ് വിറ്റോൾ. സമീപകാലത്താണ് ഇത് സേനയുടെ പ്രവർത്തനങ്ങൾക്കൊപ്പം ചേർന്നത്. ഹെലികോപ്റ്ററിനെപ്പോലെ ലംബമായി പറന്നുയറാനും ഇറങ്ങാനും കഴിയുന്നതും, പിന്നീട് വിമാനങ്ങളെപ്പോലെ ചിറകുകൾ ഉപയോഗിച്ച് ദീർഘദൂരം പറക്കാനുമാകും. 20 മുതൽ 25 കിലോമീറ്റർ ചുറ്റളവിൽ രണ്ടുമണിക്കൂർവരെ തുടർച്ചയായി പറത്താൻ ശേഷിയുള്ള അത്യാധുനിക ഡ്രോണുകളാണിത്. രണ്ട് ബാറ്ററികൾ അടങ്ങിയിട്ടുണ്ട്. പ്രധാനമായും തീരദേശ നിരീക്ഷണത്തിനാണ് ഉപയോഗിക്കുന്നത്. 50 മുതൽ 75 ലക്ഷം രൂപയാണ് വില.

അഞ്ചു കിലോ മീറ്റർ ചുറ്റളവിൽ പറത്താവുന്നതാണ് സർവൈലൻസ് ഡ്രോണുകൾ. 400 അടി ഉയരംവരെ സഞ്ചരിക്കാം. 40 മുതൽ 45 മിനിറ്റ് വരെയാണ് പറക്കൽ സമയം. 15-20 ലക്ഷം രൂപയാണ് വില. ഇതോടൊപ്പം ഹെവി ലിഫ്റ്റ് ഡ്രോണുകളും സേനയ്ക്കുണ്ട്. 10 കിലോഗ്രാംവരെ ഭാരം വഹിക്കാൻ ശേഷിയുണ്ട്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വെള്ളപ്പൊക്കത്തിലും മറ്റും ഭക്ഷണം, മരുന്ന്, ലൈഫ് ജാക്കറ്റുകൾ എന്നിവ എത്തിക്കാൻ ഇത് ഉപയോഗിക്കുന്നു. വയനാട് ദുരന്തമേഖലയിൽ ഇവ ഉപയോഗിച്ചിരുന്നു.

കൗണ്ടർ ഡ്രോൺ സംവിധാനം

ശത്രു ഡ്രോണുകളെയും സുരക്ഷാഭീഷണികളെയും നേരിടാൻ കൗണ്ടർ ഡ്രോൺ ഉപകരണങ്ങളും പോലീസിനുണ്ട്. അഞ്ചുകിലോമീറ്റർ ചുറ്റളവിൽ എത്തുന്ന ഡ്രോണുകളെയും അവയുടെ റിമോട്ടുകളെയും കണ്ടെത്തി മുന്നറിയിപ്പുനൽകുന്ന പോർട്ടബിൾ ഡ്രോൺ ഡിറ്റക്ഷനും ഒന്നര കിലോമീറ്റർ ചുറ്റളവിലെ ഡ്രോണുകൾ കണ്ടെത്താൻ കഴിയുന്ന ഹാൻഡ്ഹെൽഡ് ഡ്രോൺ ഡിറ്റക്ഷൻ ഡിവൈസും ഒരുകിലോമീറ്റർ ചുറ്റളവിൽ 360 ഡിഗ്രിയിലും വരുന്ന ഡ്രോണുകളെ ജാം ചെയ്ത് ന്യൂട്രലൈസ് ചെയ്യുന്ന പോർട്ടബിൾ ഡ്രോൺ ജാമർ സംവിധാനവും പോലീസിന് സ്വന്തമായുണ്ട്.

ഇതോടൊപ്പം ഏതെങ്കിലും ഒരു ഡ്രോണിലേക്കുമാത്രം ഫോക്കസ് ചെയ്ത് ന്യൂട്രലൈസ് ചെയ്യാൻ കഴിയുന്ന ഡ്രോൺ ജാമർ ഗണ്ണും പോലീസ് ഉപയോഗിക്കുന്നു.

Content Highlights: Kerala Police has upgraded its surveillance and rescue capabilities by introducing advanced hybrid VTOL drones, heavy-lift drones for disaster relief, and counter-drone systems developed through its drone forensic lab and startup collaborations.