ആരോഗ്യവകുപ്പ് 'എഐ'യിലേക്ക്, ചികിത്സയ്ക്കും പരിചരണത്തിനും നിര്‍മിതബുദ്ധി പ്രയോജനപ്പെടുത്തും

#ടി.ജി ബേബിക്കുട്ടി
പ്രതീകാത്മക ചിത്രം.|Photo credit: GEMINI
പ്രതീകാത്മക ചിത്രം.|Photo credit: GEMINI

ആരോഗ്യരംഗത്തെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നിര്‍മിതബുദ്ധിയുടെ (എ.ഐ) സാധ്യതകള്‍ തേടി ആരോഗ്യവകുപ്പ്. രോഗീപരിചരണത്തിനും രോഗനിര്‍ണയത്തിനും എ.ഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാണ് ആരോഗ്യ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകള്‍ ഒരുങ്ങുന്നത്. എ.ഐ ടൂളുകള്‍ ഉപയോഗിച്ച് സ്‌ട്രോക്ക് കണ്ടെത്തുന്ന ചികിത്സാരീതികള്‍ പൈലറ്റ് അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജുകളിലും മറ്റു പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലും ആരംഭിക്കും.

ഗര്‍ഭാശയഗള കാന്‍സര്‍ നേരത്തേ കണ്ടെത്തുന്ന 'പി.എ.പി സ്മീര്‍ സ്ലൈഡ്' പരിശോധന വേഗത്തിലാക്കാനും പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടും. കേരള ഡിവലപ്പ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ ഡിസ്‌ക്) സഹായം ഇതിനായി ആരോഗ്യവകുപ്പ് തേടി. ഡേറ്റാ വാലിഡേഷന്‍ പ്രക്രിയയും ആരംഭിച്ചു.

ഡയബറ്റിക് റെറ്റിനോപതി പരിശോധനയ്ക്കുള്ള എ.ഐ ടൂളുകള്‍ വികസിപ്പിക്കുന്നതും പരിഗണനയിലാണ്. നേത്രരോഗ പരിശോധനയ്ക്ക് സര്‍ക്കാര്‍ ആരംഭിച്ച നയനമിത്രം പദ്ധതിയില്‍ എഐ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.

നടക്കാന്‍ പഠിപ്പിക്കുന്ന ജി ഗെയ്റ്റര്‍

സ്‌ട്രോക്ക്, നട്ടെല്ലിന് ക്ഷതം, പാര്‍ക്കിന്‍സണ്‍സ്, അപകടങ്ങള്‍ എന്നിവ കാരണം ചലനശേഷി നഷ്ടമായവരെ നടക്കാന്‍ പഠിപ്പിക്കുന്ന ജി ഗെയ്റ്റര്‍ നിലവില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ജെന്‍ റോബോട്ടിക്‌സ് വികസിപ്പിച്ച ഇതില്‍ നിര്‍മിതബുദ്ധി പാറ്റേണുകളും ഉപയോഗിക്കുന്നു. നൂറുകണക്കിന് രോഗികള്‍ക്കാണിത് ആശ്വാസമായത്. ജി ഗെയ്റ്റര്‍ സ്ഥാപിച്ച രാജ്യത്തെ ആദ്യ സര്‍ക്കാര്‍ ആശുപത്രിയാണിത്.

ഇന്‍ഷുറന്‍സ് മേഖലയിലും

ഇടത്തരം വരുമാനക്കാരായ കുടുംബങ്ങളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ലക്ഷ്യമിടുന്ന കൂടുതല്‍ വിദേശകമ്പനികള്‍ വരുംവര്‍ഷങ്ങളില്‍ കേരളത്തില്‍ ചുവടുറപ്പിക്കാന്‍ സാധ്യതയുണ്ട്. അവരെ സഹായിക്കാനുള്ള ഗ്ലോബല്‍ കപ്പാസിറ്റി സെന്ററുകളും സജീവമായേക്കും. കുടുംബത്തിന്റെ ജനിതകപ്രശ്‌നങ്ങളടക്കം പഠിച്ച് പ്രീമിയം നിശ്ചയിക്കാനുള്ള പുതുതലമുറയിലെ സാങ്കേതിക വിദ്യകളായിരിക്കും അവര്‍ പ്രയോജനപ്പെടുത്തുക.

എന്നാല്‍, കൃത്രിമബുദ്ധി ഉപയോഗിച്ചുള്ള ചികിത്സകളെ ആധുനികചികിത്സയായി നിര്‍വചിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ 100 ശതമാനം ചികിത്സച്ചെലവും നല്‍കാനിടയില്ലെന്ന് ഇന്‍ഷുറന്‍സ് ഉപദേശകനായ വിശ്വനാഥന്‍ ഒടാട്ട് പറഞ്ഞു. ഇതിനായി കമ്പനികള്‍ക്കാവശ്യമായ വിവരങ്ങള്‍ പങ്കുവെക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും, സര്‍ക്കാര്‍ നയ രൂപവത്കരണവും വേണമെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: Kerala`s Health Department is integrating Artificial Intelligence (AI) to improve patient care, diagnosis, and treatment.