സെമികണ്ടക്ടർ രംഗത്ത് വൻ നീക്കവുമായി കർണാടക; സെമികോൺ 2026-ൽ ഏഴ് തന്ത്രപ്രധാന കരാറുകൾ

#ടെക്നോളജി ഡെസ്ക്
Visitors gather during the SEMICON India 2026 Conference & Expo on the semiconductor and electronics ecosystem at Yashobhoomi Convention Centre in New Delhi | Photo by Sajjad HUSSAIN / AFP
Visitors gather during the SEMICON India 2026 Conference & Expo on the semiconductor and electronics ecosystem at Yashobhoomi Convention Centre in New Delhi | Photo by Sajjad HUSSAIN / AFP

ന്യൂഡൽഹി: കർണാടക സർക്കാരിനു കീഴിൽ ഫാബ്‌ലെസ് സെമികണ്ടക്ടറുകൾക്കായുള്ള സെന്റർ ഓഫ് എക്സലൻസായ സെമികണ്ടക്ടർ ഫ്യൂച്ചർ ആക്സിലറേറ്റർ ലാബ് (SFAL), സെമിക്കോൺ ഇന്ത്യ 2026-ൽ ഏഴ് പുതിയ തന്ത്രപ്രധാന പങ്കാളിത്ത കരാറുകളിൽ ഒപ്പുവെച്ചു. ആഭ്യന്തര ചിപ്പ് മേഖലയിൽ ഗവേഷണം, ഡിസൈൻ ശേഷികൾ, തൊഴിൽ പരിശീലനം, നിർമാണ പിന്തുണ എന്നിവ വിപുലീകരിക്കുകയാണ് ഈ ഔദ്യോഗിക സഹകരണങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

പുതിയതായി രൂപീകരിച്ച കരാറുകൾ ഉത്പന്ന നിർമാണ ഘട്ടങ്ങളിലെ (product lifecycle) പ്രത്യേക വിടവുകൾ നികത്തുമെന്നും, പ്രാരംഭഘട്ട സാങ്കേതിക ആശയങ്ങളെ ഉത്പാദന സൗകര്യങ്ങളുമായും മൂലധനവുമായും ബന്ധിപ്പിക്കുമെന്നും കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.

പ്രധാന പങ്കാളിത്തങ്ങളും അവയുടെ ലക്ഷ്യങ്ങളും:

  1. IISc CeNSE (സെന്റർ ഫോർ നാനോ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്): സാങ്കേതിക ശേഷി വർധിപ്പിക്കാനും ഗവേഷണ സഹകരണം, പ്രോട്ടോടൈപ്പിങ്, നാനോ ഇലക്ട്രോണിക്സ് ശേഷികൾ എന്നിവ ശക്തിപ്പെടുത്താനും പങ്കാളിയാകും.

  2. സിൽവാക്കോ (Silvaco): പ്രത്യേക സെമികണ്ടക്ടർ ഡിസൈൻ വൈദഗ്ധ്യവും ഇലക്ട്രോണിക് ഡിസൈൻ ഓട്ടോമേഷൻ (EDA) ടൂളുകളും ലഭ്യമാക്കുന്നു.

  3. കെയ്ൻസ് സെമികോൺ (Kaynes Semicon): സ്റ്റാർട്ടപ്പുകളെ വാലിഡേഷനിൽനിന്ന് ഉത്പാദനത്തിലേക്കും വാണിജ്യവത്കരണത്തിലേക്കും നയിക്കാൻ സഹായിക്കുന്നു.

  4. ഫോർഫ്രണ്ട് (FourFront): ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ്, പവർ ഇലക്ട്രോണിക്സ് മേഖലകളിലെ നവീകരണത്തിന് പിന്തുണ നൽകുന്നു.

  5. വൗസെമി ഫൗണ്ടേഷൻ (WOWSEMI Foundation): സെമികണ്ടക്ടർ നൈപുണ്യ വികസനത്തിലും തദ്ദേശീയ പ്രതിഭകളെ വളർത്തിയെടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.

  6. പീച്ച്ട്രീ എലിവേറ്റ് (PeachTree Elevate): സ്റ്റാർട്ടപ്പ് മെന്ററിങ്ങും ഡീപ്ടെക് ശേഷി വികസിപ്പിക്കുന്നതിനുള്ള പിന്തുണയും നൽകും.

  7. ആരായാ അഡ്വൈസറി (Aarayaa Advisory): നിക്ഷേപ സജ്ജരാകാൻ സ്റ്റാർട്ടപ്പുകളെ വഴികാണിക്കും, ഫണ്ട് ശേഖരണം, തന്ത്രപ്രധാനമായ വളർച്ച എന്നിവയിൽ സ്റ്റാർട്ടപ്പുകളെ സഹായിക്കും.

സെമികണ്ടക്ടർ നവീകരണം വേഗത്തിലാക്കാനും സ്റ്റാർട്ടപ്പുകൾ, ഗവേഷണം, സാങ്കേതികവിദ്യ, വ്യവസായ മേഖല എന്നിവയെ കൂടുതൽ അടുപ്പിക്കാനും വേണ്ടിയാണ് കർണാടക സർക്കാരും വ്യവസായ മേഖലയിലെ പ്രമുഖരും ചേർന്ന് SFAL ആരംഭിച്ചതെന്ന് പ്രിയങ്ക് ഖാർഗെ കുറിച്ചു. SFAL 2.0 ഘട്ടത്തിലൂടെ ഗവേഷണം ഡിസൈൻ എന്നിവയിൽനിന്ന് ഉത്പാദനം, നിക്ഷേപം, ആഗോള വിപണികൾ എന്നിവയിലേക്ക് കൂടുതൽ ശക്തമായ വഴികൾ തുറക്കാനാണ് കർണാടക ലക്ഷ്യമിടുന്നത്.

Content Highlights: Karnataka's fabless semiconductor accelerator lab, SFAL, signed seven strategic partnerships at Semicon India 2026 to bridge technical, funding, and manufacturing gaps for domestic chip startups as part of its SFAL 2.0 initiative.