സുനിതയുടെ കാര്യത്തില്‍'റിസ്‌ക്' എടുക്കില്ല,കൽപന ചൗളയുടെ മരണം മുന്നിലുണ്ട്; വെളിപ്പെടുത്തി നാസ മേധാവി

Kalpama Chawla and Sunita Williams | Photo: Gettyimages, AFP
Kalpama Chawla and Sunita Williams | Photo: Gettyimages, AFP

ബോയിങ് സ്റ്റാര്‍ലൈനര്‍ എന്ന ബഹിരാകാശ പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് തിരിച്ചിറക്കാനുള്ള തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് നാസ. മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ വിക്ഷേപണത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ പേടകത്തില്‍ വിവിധ സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബച്ച് വില്‍മറുമാണ് പേടകത്തില്‍ ആദ്യമായി സഞ്ചരിച്ച് ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാല്‍ ഇരുവരുമില്ലാതെിയാണ് സ്റ്റാര്‍ലൈനര്‍ പേടകം തിരികെ ഇറക്കുന്നത്. 

തകരാറിലായ പേടകത്തിലുള്ള തിരിച്ചുവരവ് സഞ്ചാരികളുടെ ജീവന് ഭീഷണിയാകുമെന്ന കാരണത്താലാണ് ഈ തീരുമാനം. നാസയുടെ ബഹിരാകാശ യാത്രാ ദൗത്യങ്ങളില്‍ മുമ്പുണ്ടായ ചലഞ്ചര്‍, കൊളബിയ സ്‌പേസ് ഷട്ടില്‍ ദുരന്തങ്ങളും നാസയുടെ ആ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.

2003 ഫെബ്രുവരി ഒന്നിനാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് കൊളംബിയ സ്‌പേസ് ഷട്ടില്‍ അപകടത്തില്‍ പെട്ടത്. ഇന്ത്യന്‍ വംശജയായ കല്‍പനാ ചൗള അടങ്ങുന്ന ഏഴംഗ സംഘമാണ് അന്ന് അന്തരീക്ഷത്തില്‍ കത്തിയമര്‍ന്ന ബഹിരാകാശ പേടകത്തില്‍ ഉണ്ടായിരുന്നത്. 

കൊളംബിയ അപകടത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്  1986 ജനുവരിയില്‍ ചലഞ്ചര്‍ എന്ന സ്‌പേസ് ഷട്ടില്‍ അപകടത്തില്‍ പെട്ട് 14 ബഹിരാകാശ സഞ്ചാരികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. 

സ്റ്റാര്‍ലൈനര്‍ പേടകത്തെ ബഹിരാകാശ സഞ്ചാരികളില്ലാതെ തിരികെ എത്തിക്കാനുള്ള തീരുമാനത്തെ ഈ രണ്ട് അപകടങ്ങള്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് നാസ മേധാവി ബില്‍ നെല്‍സണ്‍ പറയുന്നു. ബഹിരാകാശ സഞ്ചാരിയായ നെല്‍സണ്‍ ആ രണ്ട് അപകടങ്ങളുടെയും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. നാസയ്ക്ക് അന്ന് തെറ്റുകള്‍ സംഭവിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

അപകടസാധ്യതകളെക്കുറിച്ച് ജൂനിയര്‍ ഫ്ളൈറ്റ് എഞ്ചിനീയര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ആരും അത് കേട്ടില്ലെന്ന് നെല്‍സണ്‍ പറയുന്നു. ആ രീതിയിലായിരുന്നു നാസയുടെ അന്നത്തെ സംസ്‌കാരം. എന്നാല്‍ ഇന്ന് ആളുകള്‍ അവരുടെ മനസും കേള്‍ക്കാന്‍ തയ്യാറാവുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നിലവിലെ സാഹചര്യത്തില്‍ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ സുനിതാ വില്യംസിനേയും ബച്ച് വില്‍മറിനേയും ഇപ്പോള്‍ തിരികെ എത്തിക്കുന്നതിന്റെ വെല്ലുവിളികള്‍ സംബന്ധിച്ച് എഞ്ചിനീയര്‍മാരുടെ അഭിപ്രായങ്ങള്‍ കേട്ടതിന് ശേഷമാണ് ഇരുവരെയും ഇപ്പോള്‍ തിരികെ എത്തിക്കുന്നതിന് പകരം  2025 ഫെബ്രുവരിയില്‍ തിരികെ എത്തിക്കാന്‍ തീരുമാനിച്ചത്. സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ പേടകമാണ് ഇതിനായി ഉപയോഗിക്കുക. 

ഇരുവരുടേയും തിരിച്ചുവരവിന് മറ്റൊരു പേടകം ഉപയോഗിക്കാനുള്ള തീരുമാനം എല്ലാവരും ഐകകണ്‌ഠ്യേനയാണ് എടുത്തതെന്ന് ബില്‍ നെല്‍സണ്‍ പറഞ്ഞു. 

നാസയുടെ സാധാരണ ബഹിരാകാശ യാത്രകള്‍ പോലും അപകടകരമാണെന്ന് നെല്‍സണ്‍ പറയുന്നു. സ്വാഭാവികമായും ഒരു പരീക്ഷണ പറക്കല്‍ സുരക്ഷിതമല്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. സുരക്ഷയോടുള്ള പ്രതിബദ്ധതയുള്ളതുകൊണ്ടാണ് സുനിത വില്യംസിനേയും ബച്ച് വില്‍മറിനേയും ബഹിരാകാശ നിലയത്തില്‍ നിലനിര്‍ത്തി സ്റ്റാര്‍ലൈനര്‍ തിരികെ എത്തിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 


 

Content Highlights: Kalpana Chawla Columbia accident, Starliner, Sunita Williams