സെമികണ്ടക്ടർ വിപണിയിൽ കുതിപ്പുമായി കായ്സെമി; ടെക്നോപാർക്കിൽ പുതിയ ഓഫീസ് തുറന്നു

#ടെക്നോളജി ഡെസ്ക്
ടെക്നോപാർക്ക് ഫേസ് വണ്ണിലെ കല്ലായി ബിൽഡിംഗിൽ ഒരുക്കിയ കായ്സെമി ഓഫീസ് വ്യവസായ-വിവരസാങ്കേതിക, നിർമിത ബുദ്ധി (എ.ഐ) വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു | Photo: KaiSemi
ടെക്നോപാർക്ക് ഫേസ് വണ്ണിലെ കല്ലായി ബിൽഡിംഗിൽ ഒരുക്കിയ കായ്സെമി ഓഫീസ് വ്യവസായ-വിവരസാങ്കേതിക, നിർമിത ബുദ്ധി (എ.ഐ) വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു | Photo: KaiSemi

തിരുവനന്തപുരം: ലോകമെമ്പാടും വൻ ഡിമാൻഡുള്ള സെമികണ്ടക്ടർ ഉപകരണങ്ങൾക്കായുള്ള അഡ്വാൻസ്ഡ് കൺട്രോൾ സിസ്റ്റംസ് സോഫ്റ്റ്‌വെയർ രംഗത്ത് കേരളത്തിന്റെ സ്ഥാനവും അടയാളപ്പെടുത്തിക്കൊണ്ട് 'കായ്സെമി (KaiSemi) കൺട്രോൾ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്' ടെക്നോപാർക്കിൽ പുതിയ ഓഫീസ് ആരംഭിച്ചു. ടെക്നോപാർക്ക് ഫേസ് വണ്ണിലെ കല്ലായി ബിൽഡിംഗിൽ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്ന ഓഫീസ് വ്യവസായ-വിവരസാങ്കേതിക, നിർമിത ബുദ്ധി (എ.ഐ) വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ കഴിവുള്ള യുവതലമുറയ്ക്ക് കായ്സെമി പോലുള്ള മികച്ച കമ്പനികളുടെ കടന്നുവരവ് വലിയ മുതൽക്കൂട്ടാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വ്യവസായ മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള മികച്ച എക്കോസിസ്റ്റം സർക്കാർ ഒരുക്കുന്നുണ്ട്. കേരളത്തിലുള്ള അവസരങ്ങളും സൗകര്യങ്ങളും ഏറ്റവും മികച്ച രീതിയിൽ നാം ഉപയോഗപ്പെടുത്തണമെന്നും വളർച്ചയുടെ പാതയിൽ നാം അതിവേഗം കുതിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടെക്നോപാർക്കിലെ എസ്.ടി.പി.ഐ (STPI) ബിൽഡിങ്ങിൽ വെറും ഏഴംഗ സംഘവുമായി പ്രവർത്തനം ആരംഭിച്ച കായ്സെമി, ഇപ്പോൾ മുപ്പതിലധികം ജീവനക്കാരുള്ള കമ്പനിയാണ്. ചുരുങ്ങിയ കാലം കൊണ്ടുള്ള ഈ വളർച്ചയ്ക്ക് പിന്നാലെയാണ് കമ്പനി പുതിയ സൗകര്യങ്ങളിലേക്ക് മാറിയിരിക്കുന്നത്. നേരിട്ട് ചിപ്പുകൾ നിർമിക്കുന്നതിന് പകരം, ചിപ്പ് നിർമാണത്തിന് ഉപയോഗിക്കുന്ന ഭീമൻ മെഷീനുകളെ (പ്രത്യേകിച്ച് അയോണിക് ഇംപ്ലാന്റേഴ്സിനെ) നിയന്ത്രിക്കുന്ന ലോകോത്തര സോഫ്റ്റ്‌വെയർ സംവിധാനമാണ് കായ്സെമി വികസിപ്പിക്കുന്നത്. കമ്പനിയുടെ പ്രധാന ഉൽപ്പന്നമായ 'കെസിഎസ്' (KCS - KaiSemi Control Systems) എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഫാക്ടറികളിലെ റോബോട്ടിക്സ്, വാൽവ് കൺട്രോളിങ്, ബീം ട്യൂണിങ് തുടങ്ങിയ സങ്കീർണ്ണമായ പ്രക്രിയകളെല്ലാം കൃത്യതയോടെ നിയന്ത്രിക്കുന്നത്.

അന്താരാഷ്ട്ര സെമി മാനദണ്ഡങ്ങൾ (SEMI Standards) കർശനമായി പാലിച്ചുകൊണ്ട് ആഗോളതലത്തിൽ തങ്ങളുടെ സോഫ്റ്റ്‌വെയർ പ്രോഡക്റ്റുകൾ കമ്പനി കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യയിൽ തന്നെ മെഷീൻ നിർമാണം ആരംഭിക്കുന്നതോടെ മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, പ്രോസസ് എൻജിനീയർമാർക്കും ഐടി പ്രൊഫഷണലുകൾക്കും ഫിസിക്സിൽ പിഎച്ച്ഡി അല്ലെങ്കിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും വലിയ തൊഴിലവസരങ്ങൾ കായ്സെമി വഴി തുറക്കപ്പെടുമെന്ന് കമ്പനി പറയുന്നു. കേരളത്തിലെ ഉദ്യോഗാർഥികളുടെ മികച്ച സാങ്കേതിക നൈപുണ്യവും ടെക്നോപാർക്കിന്റെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുമാണ് ആദ്യ ഇന്ത്യൻ ബ്രാഞ്ചിനായി തിരുവനന്തപുരത്തെ തിരഞ്ഞെടുക്കാൻ പ്രധാന കാരണമെന്ന് കമ്പനി മാനേജ്‌മെന്റ് വ്യക്തമാക്കി.

ഇ ആൻഡ് ഐ.ടി വകുപ്പ് സെക്രട്ടറി സീറാം സാംബശിവ റാവു, ടെക്നോപാർക്ക് സി.ഇ.ഒ സന്ദീപ് കുമാർ ഐ.എ.എസ്, കിംഗ്‌സ്റ്റോൺ സെമികണ്ടക്ടർ സ്ഥാപകനും കായ്സെമി മാനേജിംഗ് ഡയറക്ടറുമായ ജെഫ് സ്കോട്ട് ബോയ്ക്കർ, ഡയറക്ടർമാരായ അനു ജോസഫ്, ഫഹദ് അബ്ദുൾ സലാം, ടോണി ജോസഫ്, ടെക്നോപാർക്കിലെ വിവിധ കമ്പനികളുടെ ഡയറക്ടർമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Content Highlights: KaiSemi Control Systems has launched a new, state-of-the-art office at Technopark, Thiruvananthapuram, marking a significant advancement for Kerala in the global semiconductor software industry.