ജിയോ പേയ്‌മെന്റ് സൊല്യൂഷൻസ് ക്രോസ്-ബോർഡർ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു

ഇന്ത്യൻ കയറ്റുമതിക്കാർക്ക് ആഗോള ഉപഭോക്താക്കളിൽ നിന്ന് അന്താരാഷ്ട്ര പേയ്‌മെന്റുകൾ സ്വീകരിക്കാൻ സഹായിക്കുന്ന പുതിയ ക്രോസ്-ബോർഡർ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ജിയോ പേയ്‌മെന്റ് സൊല്യൂഷൻസ് (JPSL). ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ജെപിഎസ്എൽ.
പുതിയ സംവിധാനത്തിലൂടെ രാജ്യത്തെ കയറ്റുമതിക്കാർക്ക് വിവിധ മാർഗങ്ങളിലൂടെ വിദേശ പേയ്‌മെന്റുകൾ സ്വീകരിക്കാനാകും. വെർച്വൽ അക്കൗണ്ടുകൾ, അന്താരാഷ്ട്ര കാർഡുകൾ, പ്രാദേശിക പേയ്‌മെന്റ് സംവിധാനങ്ങൾ എന്നിവ വഴിയാണ് പേയ്‌മെന്റ് സ്വീകരിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
ആഗോള വിപണിയിൽ ഇന്ത്യൻ കയറ്റുമതിക്കാരുടെ മത്സരക്ഷമത വർധിപ്പിക്കുകയും അന്താരാഷ്ട്ര ഇടപാടുകൾ കൂടുതൽ സുഗമമാക്കുകയും ചെയ്യുകയാണ് പുതിയ പ്ലാറ്റ്‌ഫോമിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.
ക്രോസ്-ബോർഡർ ഇടപാടുകൾക്കായി പേയ്‌മെന്റ് അഗ്രഗേറ്ററായി പ്രവർത്തിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ (RBI) നിന്ന് ലഭിച്ച അനുമതിക്ക് പിന്നാലെയാണ് ജെപിഎസ്എൽ പുതിയ സേവനം അവതരിപ്പിച്ചത്. കയറ്റുമതിക്കും ഇറക്കുമതിക്കും ഉൾപ്പെടെയുള്ള ക്രോസ്-ബോർഡർ ഇടപാടുകൾ ഈ അംഗീകാരത്തിന്റെ പരിധിയിൽ വരുമെന്ന് കമ്പനി വ്യക്തമാക്കി.
അന്താരാഷ്ട്ര വ്യാപാര രംഗത്ത് ഇന്ത്യൻ ബിസിനസുകൾക്ക് കൂടുതൽ കാര്യക്ഷമമായ പേയ്‌മെന്റ് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലൂടെ ആഗോള തലത്തിലുള്ള വളർച്ചയ്ക്ക് പിന്തുണ നൽകാനാണ് ജിയോ പേയ്‌മെന്റ് സൊല്യൂഷൻസ് ലക്ഷ്യമിടുന്നത്.
Content Highlights: Jio Payment Solutions (JPSL) launched a new cross-border payment platform to help Indian exporters receive international payments through various methods, including virtual accounts and international cards.