ഒരുകോടി റോബോട്ടുകളെ വിന്യസിക്കാൻ ജപ്പാൻ, മനുഷ്യർക്കൊപ്പം ജോലിചെയ്യും, വൻ നിക്ഷേപം

2040 ഓടെ ഏകദേശം ഒരു കോടി എഐ റോബോട്ടുകൾ വിന്യസിക്കാനുള്ള പദ്ധതിയുമായി ജപ്പാൻ. ഫാക്ടറികളിലാവും ഇവയെ ആദ്യഘട്ടത്തിൽ വിന്യസിക്കുക. തുടർന്ന് ലോജിസ്റ്റിക്സ്, റീട്ടെയിൽ, സേവന മേഖലകളിലേക്കും ഇവയെ വ്യാപിപ്പിക്കും. ഓട്ടോണമസ് റോബോട്ടുകളല്ല, ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനായി മനുഷ്യരോടൊപ്പം പ്രവർത്തിക്കുന്ന റോബോട്ടുകൾ വികസിപ്പിക്കാനാണ് ജപ്പാൻ ലക്ഷ്യമിടുന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
എഐയിൽ വൻ നിക്ഷേപം
റോബോട്ട് വികസനമടക്കം എഐ (നിർമിതബുദ്ധി)യുടെ രംഗത്ത് ഏകദേശം 6 ബില്യൺ (600 കോടി) ഡോളർ നിക്ഷേപം നടത്താനാണ് ജപ്പാൻ പദ്ധതിയിടുന്നത്. ഒരു സ്വതന്ത്ര എഐ മോഡൽ വികസിപ്പിക്കുക, ആഭ്യന്തര എഐ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക, വ്യവസായ രംഗത്തും ദൈനംദിന ജീവിതത്തിലും മനുഷ്യരോടൊപ്പം പ്രവർത്തിക്കാൻ കഴിവുള്ള റോബോട്ടിക്സ് സംവിധാനങ്ങളുടെ വികസനം ത്വരിതപ്പെടുത്തുക എന്നിവയാണ് ജപ്പാൻ ലക്ഷ്യമിടുന്നത്.
യു.എസ്, ചൈന എന്നിവിടങ്ങളിലെ എഐ സംവിധാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള അടിയന്തര ആവശ്യം നീക്കത്തിന് പിന്നിലുണ്ട്. റോബോട്ടിക്സ് അടക്കമുള്ളവയിൽ നേതൃസ്ഥാനം വേണമെന്നും ജപ്പാൻ ആഗ്രഹിക്കുന്നു. ‘ഫിസിക്കൽ എഐ’ വികസനം ലക്ഷ്യമിട്ട് സ്ഥാപിക്കുന്ന ഒരു കൺസോർഷ്യത്തിലൂടെയാവും വൻതുക ജപ്പാൻ ചെലവഴിക്കുക.
വൻ നിക്ഷേപം ഏതെങ്കിലും ഒരു സംവിധാനത്തിലേക്കാവില്ല പോകുക. ഇലക്ട്രോണിക്സ്, ഓട്ടോമോട്ടീവ്, ടെക് രംഗങ്ങളിലെ വമ്പൻ സ്ഥാപനങ്ങൾ ഉൾപ്പെടുന്ന ഒരു കൺസോർഷ്യത്തിനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. സർക്കാർ ഫണ്ടിങ്ങിനൊപ്പം സ്വകാര്യ പങ്കാളികൾ കമ്പ്യൂട്ട് ഇൻഫ്രാസ്ട്രക്ചർ, ഡാറ്റാസെറ്റുകൾ, റോബോട്ടിക്സ് സാങ്കേതികവിദ്യ എന്നിവയെ പിന്തുണയ്ക്കും.
ജപ്പാന്റെ സ്വന്തം എഐ സംവിധാനം
ജാപ്പനീസ് ഭാഷയും വ്യാവസായിക ഡാറ്റയും ഉപയോഗിച്ച് പരിശീലനം നൽകിയ ലാർജ് ലാംഗ്വേജ് മോഡലാണ് ജപ്പാൻ സ്വന്തമായി വികസിപ്പിക്കാൻ ഒരുങ്ങുന്നത്. ഡാറ്റാ സുരക്ഷ, സാംസ്കാരിക തനിമ നിലനിർത്തുക, സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കൽ എന്നിവ ഇതിലൂടെ ജപ്പാൻ ലക്ഷ്യമിടുന്നു.
അതേസമയം, ജനസംഖ്യാ ചുരുങ്ങൽ, തൊഴിലാളികളുടെ ക്ഷാമം തുടങ്ങിയ ആഭ്യന്തര സമ്മർദ്ദങ്ങളുമായും നയരൂപകർത്താക്കൾ ഇതിനെ ബന്ധിപ്പിക്കുന്നു.
റോബോട്ട്-ഫസ്റ്റ് എഐ തന്ത്രം
ഫാക്ടറി അസംബ്ലി ലൈനുകൾ മുതൽ പ്രായമായവരുടെ പരിചരണം വരെയുള്ള ജോലികൾ ചെയ്യാൻ കഴിയുന്ന എഐ റോബോട്ടുകൾ വികസിപ്പിക്കാനാണ് ജപ്പാൻ ലക്ഷ്യമിടുന്നത്. ഇവ രൂപകൽപ്പന ചെയ്യാൻ റോബോട്ടിക്സ് കമ്പനികൾ എഐ ഡെവലപ്പർമാരുമായി ചേർന്ന് പ്രവർത്തിക്കും.
ഫാക്ടറികളാകും അവയുടെ ആദ്യ പരീക്ഷണശാലകൾ. തുടർന്ന് ലോജിസ്റ്റിക്സ്, റീട്ടെയിൽ, സേവന മേഖലകൾ എന്നിവയിലേക്ക് അവയെ വിന്യസിക്കും. ഉത്പാദനക്ഷമത വർധിപ്പിക്കാൻ അവ മനുഷ്യർക്കൊപ്പം പ്രവർത്തിക്കും. ജപ്പാനിലെ പ്രായമായ ജനസംഖ്യ, തൊഴിലാളികളുടെ കുറവ് എന്നിവയെല്ലാം കണക്കിലെടുത്താവും റോബോട്ടുകൾ വികസിപ്പിക്കുക. തൊഴിലാളികളുടെ കുറവ് നേരിടുന്ന ജപ്പാന്റെ സമ്പദ്വ്യവസ്ഥയിൽ ഫിസിക്കൽ എഐ അനിവാര്യ ഘടകമായി വിലയിരുത്തപ്പെടുന്നു. 2040-ഓടെ വിന്യസിക്കേണ്ട ഒരുകോടി റോബോട്ടുകളെു ഘട്ടം ഘട്ടമായാവും വികസിപ്പിക്കുക.
Content Highlights: $6 billion investment in sovereign AI infrastructure., Goal of 10 million AI-enabled robots by 2040., Focus on Physical AI to solve labor shortages., Reduction of dependence on US and Chinese AI systems., Public-private consortium approach for commercialization.