ചൊവ്വയല്ല, ലക്ഷ്യം ചൊവ്വയുടെ ഉപഗ്രഹം! ഫോബോസിന്റെ മണ്ണെടുക്കാൻ ജപ്പാന്റെ MMX പേടകം പുറപ്പെട്ടു

ചൊവ്വയുടെ ഉപഗ്രഹങ്ങളിലൊന്നായ ഫോബോസിലേക്ക് (Phobos) പര്യവേക്ഷണത്തിനായി മാർഷ്യൻ മൂൺസ് എക്സ്പ്ലോറേഷൻ (എം.എം.എക്സ്.) പേടകം അയച്ച് ജപ്പാൻ. ജപ്പാന്റെ മുൻനിര വിക്ഷേപണ വാഹനമായ എച്ച്-3 റോക്കറ്റിൽ തനേഗഷിമ ബഹിരാകാശ നിലയത്തിൽ നിന്ന് പുലർച്ചെ 4:41-നായിരുന്നു വിക്ഷേപണം. ഒരു മണിക്കൂറിലധികം കഴിഞ്ഞപ്പോൾ, പേടകം എച്ച്-3-ൽ നിന്ന് വിജയകരമായി വേർപെടുകയും ‘ചൊവ്വാ ദൗത്യത്തിനുള്ള യാത്ര ആരംഭിക്കുകയും’ ചെയ്തതായി ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ‘ജാക്സ’ തത്സമയ സംപ്രേഷണത്തിലൂടെ പ്രഖ്യാപിച്ചു.
പേടകം പ്രതീക്ഷിച്ചതുപോലെ പ്രവർത്തിക്കുന്നുണ്ടെന്നും സിഗ്നലുകൾ ലഭിച്ചതായും ‘ജാക്സ’ അറിയിച്ചു. അടുത്ത വർഷം ഓഗസ്റ്റോടെ പേടകം ചൊവ്വയ്ക്ക് സമീപമെത്തുകയും ഫോബോസിനെ വലം വെക്കുകയും ചെയ്യും. സുരക്ഷിതമായ ലാൻഡിങ്ങിന് പറ്റിയ പ്രദേശം കണ്ടെത്താനാണിത്.
മൂന്ന് വർഷം ഫോബോസിനെ പഠിക്കും
ഭൂമിയിൽനിന്ന് ചൊവ്വയിലേക്കുള്ള യാത്രയ്ക്ക് ഏകദേശം ഒരു വർഷമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയും ചൊവ്വയും ഏറ്റവും അടുത്തെത്തുമ്പോൾ അവ തമ്മിലുള്ള ദൂരം ഏകദേശം 5.5 കോടി കിലോമീറ്ററാണ്.
ചൊവ്വയുടെ പരിസരത്ത് എത്തുന്ന പേടകം തുടർന്നുള്ള മൂന്ന് വർഷം ഫോബോസിന് സമീപത്തും അതിനു ചുറ്റുമായി സഞ്ചരിച്ച് പഠനങ്ങൾ നടത്തും. 2031-ൽ ഭൂമിയിലേക്ക് മടങ്ങിയെത്താനാണ് ദൗത്യത്തിന്റെ പദ്ധതി.
പേടകത്തിന്റെ സവിശേഷതകൾ
ഏകദേശം അഞ്ച് ടൺ ഭാരമുള്ള പേടകത്തിൽ മൂന്ന് പ്രധാന ഘടകങ്ങളാണുള്ളത്. സഞ്ചരിക്കുന്നതിന് വേണ്ടിയുള്ള പ്രൊപ്പൽഷൻ മൊഡ്യൂൾ, ഉപഗ്രഹത്തെക്കുറിച്ച് പഠിക്കുന്ന എക്സ്പ്ലൊറേഷൻ മൊഡ്യൂൾ, ശേഖരിച്ച സാമ്പിളുകൾ ഭൂമിയിലെത്തിക്കുന്ന റിട്ടേൺ മൊഡ്യൂൾ എന്നിവയാണവ. ഇതിൽ റിട്ടേൺ മൊഡ്യൂൾ മാത്രമാണ് ഭൂമിയിൽ തിരിച്ചെത്തുക.
നാസയും ഇഎസ്എയും പങ്കാളികൾ
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയും ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ബഹിരാകാശ ഏജൻസികൾ ജപ്പാന്റെ നേതൃത്വത്തിലുള്ള ഈ ദൗത്യത്തിൽ പങ്കാളികളാണ്.
ഫ്രാൻസും ജർമനിയും സംയുക്തമായി വികസിപ്പിച്ച ഐഡെഫിക്സ് (Idefix) റോവറാണ് ദൗത്യത്തിലെ പ്രധാന ഉപകരണങ്ങളിലൊന്ന്. ഏകദേശം 2029-ൽ ഫോബോസിന്റെ ഉപരിതലത്തിൽ ഇറങ്ങുന്ന റോവർ 100 ദിവസത്തോളം അവിടെ പര്യവേക്ഷണം നടത്തും. സാമ്പിളുകൾ ശേഖരിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ഇതിലൂടെ ലഭിക്കും.
നാസയുടെ സാമ്പിൾ ശേഖരണ ഉപകരണം, ഗാമാ രശ്മികൾ അളക്കാനുള്ള ഉപകരണം, യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ഡീപ്പ് സ്പേസ് ആശയവിനിമയ ഉപകരണം എന്നിവയുൾപ്പെടെ 13 ഉപകരണങ്ങളാണ് പേടകത്തിലുള്ളത്. ഭാവിയിലെ മനുഷ്യ ചൊവ്വാദൗത്യങ്ങൾക്ക് പ്രയോജനപ്പെടുന്ന വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ജാപ്പനീസ് റേഡിയേഷൻ മോണിറ്ററും ഇതിലുണ്ട്.
Content Highlights: Japan successfully launched its Martian Moons Exploration (MMX) spacecraft from the Tanegashima Space Center using the flagship H-3 rocket.