ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഫോട്ടോകളും വീഡിയോകളും പരിശോധിച്ചു; മെറ്റയ്ക്ക് ₹8,370 കോടി പിഴചുമത്തി ഇറ്റലി

മിലാൻ: ആൻഡ്രോയിഡ് ഉപയോക്താക്കളുടെ ഫോട്ടോകളും വീഡിയോകളും അവരുടെ അനുമതിയില്ലാതെ ആക്സസ് ചെയ്ത സംഭവത്തിൽ ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് 80.5 കോടി യൂറോ (ഏകദേശം ₹8,370 കോടി) പിഴ ചുമത്തി ഇറ്റലിയിലെ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി. ഉപയോക്താക്കളുടെ സമ്മതം വാങ്ങാതെയും ഇക്കാര്യം അവരെ അറിയിക്കാതെയുമാണ് കമ്പനി വ്യക്തിഗത ചിത്രങ്ങളും വീഡിയോകളും ആക്സസ് ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
ഫെയ്സ്ബുക്ക് ആപ്പിലെ ഒരു പ്രത്യേക ഫീച്ചറിലൂടെയാണ് മെറ്റ ഉപയോക്താക്കളുടെ സ്വകാര്യ ഗാലറിയിലുള്ള ചിത്രങ്ങളും വീഡിയോകളും ആക്സസ് ചെയ്തിരുന്നത്. ഉപയോക്താക്കളുടെ ഫോണുകളിലെ ഗാലറിയിൽനിന്ന് ഫെയ്സ്ബുക്കിൽ പങ്കുവെക്കാൻ കഴിയുന്ന ഉള്ളടക്കങ്ങൾ നിർദേശിക്കുന്നതായിരുന്നു ഈ ഫീച്ചർ. എന്നാൽ ഇതിനായി ഉപയോക്താക്കളുടെ വ്യക്തമായ അനുമതി നേടിയിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഫീച്ചർ ഡിഫോൾട്ടായി പ്രവർത്തനരഹിതമാക്കാനും ഉപയോക്താക്കളിൽനിന്ന് പ്രത്യേകം അനുമതി തേടാനും മെറ്റയ്ക്ക് 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. സംഭവത്തിൽ മെറ്റ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
2025ൽ ആരംഭിച്ച അന്വേഷണത്തിൽ, ഉപയോക്താക്കളുടെ ചിത്രങ്ങളും വീഡിയോകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മോഡലുകൾക്ക് പരിശീലനം നൽകാൻ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം ഉൾപ്പെടുത്തിയിരുന്നില്ല. അത്തരത്തിൽ ഉള്ളടക്കങ്ങൾ ഉപയോഗിച്ചെന്ന ആരോപണം മെറ്റ നിഷേധിച്ചിട്ടുണ്ടെന്നും ഇറ്റാലിയൻ അതോറിറ്റി വ്യക്തമാക്കി.
അതേസമയം, 2026ൽ അവതരിപ്പിച്ച മറ്റൊരു പുതിയ ഫീച്ചറും അധികൃതരുടെ നിരീക്ഷണത്തിലുണ്ട്. ഉപയോക്താക്കളുടെ ഗാലറിയിലുള്ള ചിത്രങ്ങളും വീഡിയോകളും ക്ലൗഡിൽ പ്രോസസ് ചെയ്യാൻ അനുവദിക്കുന്നതാണ് ഈ ഫീച്ചർ.
മെറ്റയുടെ ആഗോള വരുമാനത്തിന്റെ ഏകദേശം 0.47 ശതമാനത്തിന് തുല്യമാണ് ചുമത്തിയിരിക്കുന്ന പിഴയെന്ന് ഇറ്റാലിയൻ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി അറിയിച്ചു.
Content Highlights: Italy's data protection authority has imposed a massive €805 million (around ₹8,370 crore) fine on Meta for accessing Android users' private photos and videos without explicit permission through a Facebook content-suggestion feature.