NVS-03 വിക്ഷേപണം: തദ്ദേശീയ നാവിഗേഷൻ സംവിധാനം ഇന്ത്യ വികസിപ്പിക്കുന്നത് എന്തിന്?

എൻ.വി.എസ് -03 ഉപഗ്രഹ വിക്ഷേപണത്തിലൂടെ തദ്ദേശിയ നാവിഗേഷൻ സംവിധാനം പുനഃസ്ഥാപിക്കാനുള്ള നിർണായ ചുവടുവെപ്പാണ് ഇന്ത്യ നടത്തിയിട്ടുള്ളത്. ലോകമെങ്ങും വർധിച്ചുവരുന്ന അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യ കൂടുതൽ തന്ത്രപരമായ സ്വയംപര്യാപ്തത കൈവരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഈ വിക്ഷേപണം എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒൻപത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ കൃത്യതയാർന്ന വ്യോമാക്രമണമായ 'ഓപ്പറേഷൻ സിന്ദൂർ', വിശ്വസനീയമായ ഒരു സ്വതന്ത്ര നാവിഗേഷൻ ശൃംഖലയുടെ ആവശ്യകതയെ ഓർമ്മിപ്പിച്ചിരുന്നു. എൻ.വി.എസ് 03 ഉപഗ്രഹം ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ എത്തുന്നതോടെ, രാജ്യത്തിനകത്തും പുറത്തും കൃത്യമായ പൊസിഷനിങ്, നാവിഗേഷൻ, ടൈമിങ് സേവനങ്ങൾ നൽകാനുള്ള ഇന്ത്യയുടെ ശേഷി വർധിക്കും.
ഗതിനിർണയ, സ്ഥാനനിർണയ ആവശ്യങ്ങൾക്കായി ഇന്ത്യ തുടക്കമിട്ട ദൗത്യമാണ് നാവിക് എന്നറിയപ്പെടുന്ന ഇന്ത്യൻ റീജ്യണൽ നാവിഗേഷണൽ സാറ്റലൈറ്റ് സിസ്റ്റം (ഐആർഎൻഎസ്എസ്). 'നാവിക് ' പരമ്പരയിലെ മൂന്നാമത്തെ പുതുതലമുറ ഉപഗ്രഹമാണ് എൻ.വി.എസ്.-03. തദ്ദേശീയമായി വികസിപ്പിച്ച ആറ്റോമിക് ക്ലോക്ക് ആണ് എൻവിഎസ് ഉപഗ്രഹങ്ങളിൽ ഉപയോഗിക്കുക.
എന്താണ് നാവിക് ?
ഇന്ത്യൻ ബഹിരാകാശ രംഗത്തിന്റെ അഭിമാന നേട്ടങ്ങളിലൊന്നാണ് നാവിക്. മുമ്പ് ജിപിഎസ് ഉൾപ്പടെയുള്ള വിദേശ നിയന്ത്രണത്തിലുള്ള ഗതിനിർണയ സ്ഥാനനിർണയ ഉപഗ്രഹ സേവനങ്ങളെയാണ് ആശ്രയിച്ചുവന്നിരുന്നത്. 1999-ൽ കാർഗിൽ യുദ്ധകാലത്ത് കാർഗിൽ പ്രദേശത്തിന്റെ ജിപിഎസ് വിവരങ്ങൾ നൽകാനുള്ള ഇന്ത്യയുടെ ആവശ്യം യുഎസ് അംഗീകരിച്ചില്ല. ഇതേ തുടർന്നാണ് സ്വന്തം നിലയ്ക്ക് ഉപഗ്രഹ സ്ഥാനനിർണയ സംവിധാനം ഒരുക്കാനുള്ള ശ്രമങ്ങളിലേക്ക് ഇന്ത്യ തിരിഞ്ഞത്. 2006-ൽ പദ്ധതിയ്ക്ക് സർക്കാർ അംഗീകാരം നൽകി.
സൈനിക ആവശ്യങ്ങൾ, സമുദ്ര ഗതാഗതം, വ്യോമഗതാഗതം, വ്യക്തിഗത യാത്രകൾ, ലൊക്കേഷൻ അധിഷ്ഠിത സേവനങ്ങൾ, നിരീക്ഷണം, സർവേ ഉൾപ്പടെ വിവിധ ആവശ്യങ്ങൾക്കായി നാവിക് പ്രയോജനപ്പെടുത്താനാവും. ഇന്ത്യൻ അതിർത്തിയ്ക്കപ്പുറം 1,500 കിലോ മീറ്റർ ദൂരം വരെയുള്ള പ്രദേശം നാവിക് ഉപഗ്രഹങ്ങളുടെ വീക്ഷണ പരിധിയിൽപെടുന്നു. ശക്തമായ എൽ5 ബാൻഡിലാണ് നാവിക് സംവിധാനത്തിന്റെ പ്രവർത്തനം. എന്നാൽ പുതിയ എൻവിഎസ്-1 എൽ1 ബാൻഡ്, എൽ 5, എസ് ബാൻഡുകൾ പിന്തുണയ്ക്കുന്നവയാണ്. ഇത് നാവികിന്റെ സേവനങ്ങൾ കൂടുതൽ വിപുലപ്പെടുത്താൻ സഹായിക്കും. യുഎസിന്റെ ജിപിഎസ് ഉൾപ്പടെയുള്ള വിവിധ നാവിഗേഷൻ സംവിധാനങ്ങൾ എൽ 1 ബാൻഡ് പിന്തുണയ്ക്കുന്നവയാണ്. മറ്റ് സിഗ്നലുകളുമായി ചേർന്ന് പ്രവർത്തിക്കാനും ഇതിന് ശേഷിയുണ്ട്.
നിലവിൽ ഇന്ത്യയിലടക്കം വലിയ ജനപ്രീതിയുള്ള ഗൂഗിൾ മാപ്പിലടക്കം ഉപയോഗിക്കുന്നത് യുഎസിന്റെ ജിപിഎസ് ആണ്. സമാനമായ സംവിധാനങ്ങൾ നാവികിന്റെ സഹായത്തോടെയും നൽകാൻ സാധിക്കും. ജിപിഎസിൽ ഉപയോഗിച്ചിട്ടുള്ള എൽ1 പിന്തുണയ്ക്കുന്ന എൻവിഎസ് ഉപഗ്രഹങ്ങൾ ഈ സേവനം മെച്ചപ്പെടുത്താൻ നാവികിനെ സഹായിക്കും.
ലക്ഷ്യമെന്ത്?
വിദേശ നാവിഗേഷൻ സംവിധാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനാണ് രജ്യം നാവിക് (NavIC - Navigation with Indian Constellation) വികസിപ്പിച്ചത്. അമേരിക്കയുടെ ജി.പി.എസ് പോലെ ഇതും പൊസിഷനിങ്, നാവിഗേഷൻ, ടൈമിങ് സേവനങ്ങൾ നൽകുന്നതിനുള്ളതാണ്. ഇന്ത്യയെയും അതിർത്തികളിൽ നിന്ന് ഏകദേശം 1,500 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളെയും നാവിക് ഉൾക്കൊള്ളും. ഗതാഗതം, സമുദ്ര നാവിഗേഷൻ, ദുരന്ത നിവാരണം, തന്ത്രപരമായ പ്രവർത്തനങ്ങൾ എന്നിവയാണ് ഇതിന്റെ ഉപയോഗങ്ങൾ.
വിക്ഷേപണത്തിന്റെ പ്രാധാന്യമെന്ത്?
2025 ജനുവരിയിലെ വിക്ഷേപണത്തിന് ശേഷം ഐ.എസ്.ആർ.ഒയുടെ എൻ.വി.എസ്-02 ഉപഗ്രഹത്തിന് പ്രൊപ്പൽഷൻ സിസ്റ്റത്തിൽ തകരാർ സംഭവിച്ചിരുന്നു. ഇത് പ്രാരംഭ ഭ്രമണപഥത്തിൽ എത്തിയെങ്കിലും, ലക്ഷ്യമിട്ടിരുന്ന ഭ്രമണപഥത്തിൽ എത്താൻ കഴിഞ്ഞില്ല. സ്റ്റാൻഡേർഡ് പൊസിഷനിങ്ങിന് കുറഞ്ഞത് നാല് പ്രവർത്തനക്ഷമമായ ഉപഗ്രഹങ്ങൾ ആവശ്യമാണ്. നിലവിൽ പൊസിഷനിങ് സേവനങ്ങൾക്കായി പ്രവർത്തനക്ഷമമായ മൂന്ന് ഉപഗ്രഹങ്ങൾ മാത്രമാണ് ഉള്ളതെന്ന് 2026-ജൂലായിൽ പാർലമെന്റിൽ നൽകിയ മറുപടിയിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. എൻ.വി.എസ്-03 ലക്ഷ്യസ്ഥാനത്ത് എത്തി പ്രവർത്തനക്ഷമമാകുന്നതോടെ ഈ കുറവ് പരിഹരിക്കാൻ കഴിയും. ശക്തമായ ഒരു നാവിക് ശൃംഖല ഇന്ത്യയുടെ തന്ത്രപരമായ നാവിഗേഷൻ ആവശ്യങ്ങളെ പിന്തുണയ്ക്കും.
പ്രവർത്തനക്ഷമമാകുന്നതിന് മുമ്പ് എൻ.വി.എസ്-03 അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തുകയും സിസ്റ്റം പരിശോധനകൾ പൂർത്തിയാക്കുകയും വേണം. ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഐ.എസ്.ആർ.ഒ എൻ.വി.എസ്-04, എൻ.വി.എസ്-05 എന്നിവയും വികസിപ്പിക്കുന്നുണ്ട്. ഒക്ടോബർ 30 ലെ ദൗത്യം ഇന്ത്യയുടെ സ്വതന്ത്ര നാവിഗേഷൻ ശേഷി പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെയ്പ്പാണ്. വിക്ഷേപണത്തിന്റെ വിജയം വിന്യാസം, പരീക്ഷണം, നാവിക്കുമായുള്ള സംയോജനം എന്നിവയെല്ലാം ഇന്ത്യയ്ക്ക് നിർണായകമാണ്.
Content Highlights: NVS-03 satellite successfully launched from Sriharikota using GSLV-F18., Weighs 2232 kg with a lifespan of 12 years., Equipped with an indigenous Rubidium atomic clock for precise timing., Provides L1 frequency band support compatible with standard mobile phones., Enhances location tracking for defense, transport, and disaster management.