എൻ.വി.എസ്- 03 വിക്ഷേപിച്ചു; 'നാവിക്' പരമ്പരയിലെ ആധുനിക ഉപഗ്രഹം ഭ്രമണപഥത്തിലേക്ക്

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | ANI
പ്രതീകാത്മകചിത്രം | ANI

രാജ്യത്തിന് സ്വന്തമായി നാവിഗേഷൻ സൗകര്യമൊരുക്കുന്ന എൻ.വി.എസ്.-03 ഉപഗ്രഹം 30-ന് ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിച്ചു. വിദേശരാജ്യങ്ങളുടെ ജി.പി.എസിന് പകരമായി ഗതിനിർണയത്തിനായി വികസിപ്പിച്ചതാണ് എൻ.വി.എസ്.-03 ഉപഗ്രഹം. ജി.എസ്.എൽ.വി.-എഫ് 18 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിച്ചത്. തദ്ദേശീയ നാവിഗേഷൻ സംവിധാനമായ 'നാവിക്' പരമ്പരയിലെ ആധുനിക ഉപഗ്രഹമാണിത്.

2232 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ പ്രവർത്തനകാലാവധി 12 വർഷം. നാവിക് ശ്രേണിയിലെ പഴയ ഉപഗ്രഹങ്ങളിൽ പലതും പ്രവർത്തിക്കാത്തത് ഗതിനിർണയ സംവിധാനത്തെ ബാധിച്ചിരുന്നു. കൃത്യമായ നാവിഗേഷൻ ഉറപ്പാക്കാൻ നാല് ഉപഗ്രഹങ്ങളെങ്കിലും വേണം.

എൻ.വി.എസ്-03-ന് ജി.പി.എസിനെക്കാൾ കൂടുതൽ സൂക്ഷ്മതയോടെ ലൊക്കേഷൻ നൽകാൻ കഴിയും. മൊബൈൽ ഫോണുകളിലടക്കം കൃത്യമായ ലൊക്കേഷൻ സേവനം ഇതോടെ ലഭ്യമാകും. പൂർണതോതിലുള്ള നാവിക് സംവിധാനംവഴി രാജ്യത്തെ ട്രെയിനുകളുടെ യാത്ര തത്സമയം നിരീക്ഷിക്കാനാകും. സമയനിർണയത്തിന് തദ്ദേശീയമായി വികസിപ്പിച്ച റൂബിഡിയം അറ്റോമിക് ക്ലോക്കാണ് ഉപഗ്രഹത്തിൽ ഉപയോഗിക്കുന്നത്.

എൽ-5, എസ് എന്നീ ഫ്രീക്വൻസി ബാൻഡുകൾക്കുപുറമേ പുതുതായി എൽ 1 ഫ്രീക്വൻസി (സിഗ്നൽ) ബാൻഡുകളും ഉപഗ്രഹം നൽകും. മൊബൈൽ ഫോണുകളിലെ ജി.പി.എസ്. പ്രവർത്തിക്കുന്നത് എൽ1 ബാൻഡിലാണ്. പ്രതിരോധം, റെയിൽ- റോഡ്-വ്യോമ ഗതാഗതം, ദുരന്തനിവാരണം, ടെലികോം തുടങ്ങി വിവിധ മേഖലകളിൽ ഉപഗ്രഹം സഹായകമാകും.

https://x.com/isro/status/2116233984367886641

Content Highlights: NVS-03 satellite successfully launched from Sriharikota using GSLV-F18., Weighs 2232 kg with a lifespan of 12 years., Equipped with an indigenous Rubidium atomic clock for precise timing., Provides L1 frequency band support compatible with standard mobile phones., Enhances location tracking for defense, transport, and disaster management.