അഭിമാന നേട്ടം, ഇന്ത്യൻ മണ്ണിൽ നിന്ന് ഏറ്റവും ഭാരമേറിയ ഉപഗ്രഹം CMS-03 ഭ്രമണപഥത്തില്‍

സിഎംഎസ്-03 ഉപഗ്രഹവുമായി എൽവിഎം3-എം5 വിക്ഷേപണം | Photo: PTI
സിഎംഎസ്-03 ഉപഗ്രഹവുമായി എൽവിഎം3-എം5 വിക്ഷേപണം | Photo: PTI

നാഴികക്കല്ലാകുന്ന മറ്റൊരു നേട്ടം കൈവരിച്ചിരിക്കുകയാണ് ഇന്ത്യ. സിഎംഎസ്-03 എന്ന, ഇന്ത്യയില്‍ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ കൃത്രിമോപഗ്രഹം ഭ്രമണപഥത്തില്‍ എത്തിച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒ. ഞായറാഴ്ച ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് ഇന്ത്യയുടെ ഏറ്റവും ശക്തിയേറിയ പുത്തന്‍ തലമുറ വിക്ഷേപണ വാഹനവും ബാഹുബലിയെന്ന വിളിപ്പേരുമുള്ള എല്‍വിഎം 3 എം5 റോക്കറ്റിലായിരുന്നു വിക്ഷേപണം.

വിക്ഷേപണത്തിന്റെ വീഡിയോ ഐഎസ്ആര്‍ഒ വിക്ഷേപണ ശേഷം പുറത്തുവിട്ടു. 4410 കിലോഗ്രാം ഭാരമുള്ള വിവരവിനിമയ ഉപഗ്രഹമാണ് സിഎംഎസ്-03. റോക്കറ്റിന് ഇരുവശങ്ങളിലുമുള്ള രണ്ട് എസ്200 റോക്കറ്റ് ബൂസ്റ്ററുകള്‍ വേര്‍പെടുന്നതും എല്‍110 ലിക്വിഡ് കോര്‍ സ്‌റ്റേജ് വേര്‍പെടുന്നതും ദൗത്യം പൂര്‍ത്തിയാക്കുന്നതും വീഡിയോയില്‍ കാണാം.

ഇന്ത്യന്‍ മണ്ണില്‍ നിന്ന് ഇതുവരെ വിക്ഷേപിച്ചതില്‍ ഏറ്റവും ഭാരമേറിയ കൃത്രിമോപഗ്രഹമാണ് സിഎംഎസ്-03. അതേസമയം, 2023 ല്‍ ചന്ദ്രയാന്‍ 3 ദൗത്യത്തിന് ഉപയോഗിച്ചിരുന്നത്, എല്‍വിഎം3 റോക്കറ്റാണ്. ഇതുവരെ നടത്തിയ എട്ട് എല്‍വിഎം 3 വിക്ഷേപണങ്ങളെല്ലാം വിജയകരമായിരുന്നു. 100 ശതമാനം വിജയശതമാനമുള്ള റോക്കറ്റ് എന്ന നേട്ടവും ഇതിനകം ബാഹുബലി കൈവരിച്ചിട്ടുണ്ട്.

സിഎംഎസ് 3 ഉപഗ്രഹം

ഒരു മള്‍ടിബാന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹമാണ് സിഎംഎസ്.03. ജിയോസിങ്ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലാണ് (ജിടിഎസ്) ഇത് വിന്യസിച്ചത്. വിശാലമായ സമുദ്രമേഖലയില്‍ ഇന്ത്യൻ നാവികസേനയുടെ ആശയവിനിമയ ആവശ്യങ്ങൾക്കായാണ് ഇത് ഒരുക്കിയിരിക്കുന്നത്. കുറഞ്ഞത് 15 വര്‍ഷത്തേക്ക് സേവനങ്ങള്‍ ലഭിക്കും വിധമാണ് ഈ ഉപഗ്രഹം രൂപകല്‍പന ചെയ്തത്.

ആത്മനിര്‍ഭര്‍ ഭാരതിന്റെ തിളക്കമാര്‍ന്ന ഉദാഹരണമാണിതെന്ന് ഐഎസ്ആര്‍ഒ മേധാവി വി നാരായണന്‍ പറഞ്ഞു.

Content Highlights: ISRO achieves milestone: Launches CMS-03, India's heaviest satellite, using the powerful next-generation LVM3-M5 ('Bahubali') rocket.