ഇഒഎസ്-05 ചാര ഉപഗ്രഹമല്ല; പൗരന്മാരുടെ സുരക്ഷയ്ക്കും വികസനത്തിനും പ്രാധാന്യം –ഐഎസ്ആർഒ ചെയർമാൻ

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-05 (EOS-05) ഒരു ചാരഉപഗ്രഹമല്ലെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ. ജിഎസ്എൽവി-എഫ്17 റോക്കറ്റ് ഉപയോഗിച്ചുള്ള വിജയകരമായ ഉപഗ്രഹവിക്ഷേപണത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സ്പൈ അഥവാ ചാരപ്രവർത്തനങ്ങൾക്കായി ഈ ഉപഗ്രഹം ഉപയോഗിക്കുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
"സ്പൈ" എന്നത് വളരെ നെഗറ്റീവായ ഒരു പദമാണെന്നും ഇന്ത്യയെയും സമീപപ്രദേശങ്ങളെയും നിരന്തരമായി നിരീക്ഷിക്കുന്നതിനായുള്ള ഒരു ബഹുമുഖ പ്ലാറ്റ്‌ഫോമാണ് ഇഒഎസ്-05 എന്നും അദ്ദേഹം പറഞ്ഞു. ഈ ഉപഗ്രഹത്തിൽനിന്നുള്ള വിവരങ്ങൾ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനും ഉപയോഗപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരക്ഷയ്ക്കും കൃഷിക്കും ദുരന്തനിവാരണത്തിനും
ഭൂമിയിൽനിന്ന് ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിലുള്ള ജിയോസിൻക്രണസ് ഭ്രമണപഥത്തിലാണ് ഈ ഉപഗ്രഹം പ്രവർത്തിക്കുക. ഭൂമിയുടെ ഭ്രമണവേഗത്തിനൊപ്പം തന്നെ ഇത് സഞ്ചരിക്കുന്നതിനാൽ ഒരു സിസിടിവി ക്യാമറ പോലെ നിരന്തരം ബഹിരാകാശത്തുനിന്ന് നിശ്ചിത ഭൂപ്രദേശത്ത് ഒരേ ദിശയിൽ നിരീക്ഷണം നടത്താൻ ഈ ഉപഗ്രഹത്തിന് സാധിക്കും.
രാജ്യത്തിന്റെ തത്സമയ ദൃശ്യങ്ങൾ തുടർച്ചയായി നൽകാൻ ശേഷിയുള്ള ഇഒഎസ്-05-ൽനിന്നുള്ള വിവരങ്ങൾ പ്രധാനമായും കൃഷി, ദുരന്തനിവാരണം എന്നീ മേഖലകൾക്കാണ് പ്രയോജനപ്പെടുക. ഒമ്പത് വർഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി.
വെള്ളിയാഴ്ച പുലർച്ചെ 2:55-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശകേന്ദ്രത്തിൽനിന്നാണ് ജിഎസ്എൽവി-എഫ്17 റോക്കറ്റ് വിക്ഷേപിച്ചത്. മഴയും മോശം കാലാവസ്ഥയും അവഗണിച്ചായിരുന്നു ഈ വിക്ഷേപണം. ജിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്. 2,367 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ കൃത്യമായ ഭ്രമണപഥത്തിലാണ് റോക്കറ്റ് എത്തിച്ചത്. വിക്ഷേപണത്തിനുശേഷം ഉപഗ്രഹത്തിന്റെ പ്രവർത്തനം പൂർണതോതിലാണെന്നും സോളാർ പാനലുകൾ വിജയകരമായി നിവർന്നതായും ഐഎസ്ആർഒ ചെയർമാൻ സ്ഥിരീകരിച്ചു.
വിജയകരമായ ഈ ദൗത്യത്തിന് പിന്നാലെ വരും മാസങ്ങളിൽ കൂടുതൽ വിക്ഷേപണങ്ങൾ നടത്തുമെന്ന് ഐഎസ്ആർഒ മേധാവി പറഞ്ഞു. നടപ്പ് സാമ്പത്തികവർഷത്തിൽ എൻവിഎസ്-03 (NVS-03) നാവിഗേഷൻ ഉപഗ്രഹം ഉൾപ്പെടെ ആറ് വിക്ഷേപണങ്ങൾ കൂടി ലക്ഷ്യമിടുന്നുണ്ടെന്ന് നാരായണൻ അറിയിച്ചു. ഇതുകൂടാതെ, ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ പദ്ധതിയായ ഗഗൻയാന്റെ ഭാഗമായി മനുഷ്യനില്ലാതെയുള്ള ആദ്യ പരീക്ഷണ വിക്ഷേപണം 2026 അവസാനത്തോടെ നടക്കുമെന്നും തമിഴ്‌നാട്ടിലെ കുലശേഖരപട്ടണത്ത് നിർമിക്കുന്ന പുതിയ വിക്ഷേപണത്തറ 2027 മാർച്ചോടെ സജ്ജമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Following the successful launch of the 2,367 kg EOS-05 earth observation satellite via the GSLV-F17 rocket, ISRO Chairman V. Narayanan clarified that it is a multipurpose platform designed for real-time disaster management and agriculture, not a spy satellite, and announced plans for six more launches this year including an unmanned Gaganyaan mission.