ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച് ഇസ്രയേൽ! ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം

അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാൻ പുതിയ എഐ തന്ത്രങ്ങളുമായി എത്തിയിരിക്കുകയാണ് ഇസ്രയേൽ. ഗാസാ യുദ്ധത്തെക്കുറിച്ചും ഇസ്രയേൽ സേനയെക്കുറിച്ചും ചാറ്റ് ജിപിടി, പെർപ്ലെക്സിറ്റി പോലുള്ള എഐ ചാറ്റ്ബോട്ടുകൾ നൽകുന്ന മറുപടികളെ സ്വാധീനിക്കാൻ ഇസ്രയേൽ സംഘടിത ശ്രമം നടത്തുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചാറ്റ്ബോട്ടുകളുടെ മറുപടികൾ തങ്ങൾക്ക് അനുകൂലമാക്കി മാറ്റുകയാണ് ലക്ഷ്യം.
യു.എസിൽ ഇസ്രയേലിന്റെ വിദേശ സ്വാധീന പ്രവർത്തനങ്ങളിൽ വലിയൊരു പങ്ക് കൈകാര്യം ചെയ്യുന്ന ഫ്രഞ്ച് പി.ആർ. ഏജൻസിയായ 'ഹവാസ് മീഡിയ' (Havas Media), അവരുടെ സബ് കോൺട്രാക്ടറായ പരസ്യ ഏജൻസിയായ 'പൈറോ' (Piro, Inc.) വഴി ആരംഭിച്ച https://hanoverinstitute.com വെബ്‌സൈറ്റിലൂടെയാണ് ഈ പ്രചാരണം നടക്കുന്നത്.
അമേരിക്കയിലെ ജൂതവിരുദ്ധതയെക്കുറിച്ച് പഠിക്കുന്ന സ്ഥാപനമെന്നാണ് ഹാനോവർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റിൽ അവകാശപ്പെടുന്നത്. എന്നാൽ ഇസ്രയേൽ സർക്കാരിന്റെ ഔദ്യോഗിക പബ്ലിക് റിലേഷൻസ് ഏജൻസിയായ ലപാമിനുവേണ്ടി (LaPam) ഹവാസ് മീഡിയ ജർമനിക്ക് കീഴിലുള്ള പൈറോ ഐഎൻസി വിതരണം ചെയ്യുന്നതാണ് ഈ വിവരങ്ങൾ എന്നും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എങ്ങനെയാണ് ഹാനോവർ ഇൻസ്റ്റിറ്റ്യൂട്ട് എന്ന വെബ്സൈറ്റ് ചാറ്റ്ബോട്ടുകളെ സ്വാധീനിക്കുക?
പ്രധാനമായും മൂന്ന് സാങ്കേതിക തന്ത്രങ്ങളാണ് ഹാനോവർ ഇൻസ്റ്റിറ്റ്യൂട്ട് വെബ്‌സൈറ്റ് ഇതിനായി ഉപയോഗിക്കുന്നത്.
- ചോദ്യോത്തര ശൈലിയിലുള്ള ഉള്ളടക്കം: ഈ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന 'ഡാറ്റാ റിപ്പോർട്ടുകൾക്ക്' പ്രത്യേകമായി എഴുത്തുകാരുടെ പേരുകളൊന്നുമില്ല. പകരം, അവയുടെ തലക്കെട്ടുകൾ രൂപകല്പന ചെയ്തിരിക്കുന്നത് എഐ ചാറ്റ്ബോട്ടുകളിൽ ആളുകൾ സാധാരണമായി ചോദിക്കുന്ന ചോദ്യങ്ങളുടെ രൂപത്തിലാണ്. "Is the IDF the World’s Most Moral Army?", "Is There a Policy of Starvation in Gaza?" തുടങ്ങിയ തലക്കെട്ടുകൾ ഇതിന് ഉദാഹരണമാണ്. ചാറ്റ്ബോട്ടുകളിലേക്ക് ഇത്തരം വിഷയങ്ങളിലെ വിവരങ്ങൾ നേരിട്ട് 'ഫീഡ്' ചെയ്യുന്നതിനാണ് ഈ ശൈലി ഉപയോഗിക്കുന്നത്.
- 'llms.txt' ഫയലിന്റെ ഉപയോഗം: വെബ്‌സൈറ്റിലെ ഉള്ളടക്കങ്ങൾ എഐ മോഡലുകൾക്ക് എളുപ്പത്തിൽ വായിച്ചെടുക്കാനും മനസ്സിലാക്കാനും സഹായിക്കുന്ന പ്രത്യേക നിർദേശങ്ങൾ അടങ്ങിയ 'llms.txt' എന്ന ഫയൽ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
- എഐ ഒപ്റ്റിമൈസേഷൻ സ്റ്റാർട്ടപ്പിന്റെ സഹായം: ബ്രാൻഡുകളെയും കമ്പനികളെയും എഐ മോഡലുകളുടെ ശുപാർശകളിൽ ഉൾപ്പെടുത്താൻ സഹായിക്കുന്നതിൽ വൈദഗ്ധ്യമുള്ള 'റെസ്' എന്ന എഐ സ്റ്റാർട്ടപ്പിന്റെ സാങ്കേതിക സഹായത്തോടെയാണ് ഈ വെബ്‌സൈറ്റ് നിർമിച്ചിരിക്കുന്നത്. സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഐ സ്റ്റാർട്ടപ്പാണ് റെസ്. അതേസമയം ഈ വിഷയം അന്വേഷിച്ച് മാധ്യമപ്രവർത്തകർ ബന്ധപ്പെട്ടതിനു പിന്നാലെ 'റെസ്' കമ്പനിയുടെ വിവരങ്ങളും 'tryres.ai/hanover' എന്ന മിറർ സൈറ്റും അപ്രത്യക്ഷമായി.
മുമ്പും ഇത്തരം ശ്രമങ്ങൾ
ഇസ്രയേൽ ചാറ്റ്ബോട്ടുകളെ സ്വാധീനിക്കാൻ ഹവാസ് നെറ്റ്‌വർക്കിനെ ആശ്രയിക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വർഷം, ട്രംപിന്റെ മുൻ കാമ്പയിൻ മാനേജർ ബ്രാഡ് പാർസ്കെയ്‌ലിന്റെ കമ്പനിയായ 'ക്ലോക്ക് ടവർ എക്‌സ്' വഴി 46.5 മില്യൺ ഡോളറിന്റെ വലിയൊരു കാമ്പയിൻ ഹവാസ് നടത്തിയിരുന്നു. ജിപിടി ഫലങ്ങളിൽ ഇസ്രയേലിന് അനുകൂലമായുള്ള വിവരങ്ങൾ നൽകുന്ന വെബ്സൈറ്റുകളും ഉള്ളടക്കങ്ങളും നൽകുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് FARA രേഖകൾ വ്യക്തമാക്കുന്നുണ്ടെന്ന് പൊളിറ്റിക്കോ റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ നിലവിലെ പദ്ധതിയെ കുറിച്ചുള്ള പൈറോയുടെ FARA രേഖകളിൽ ചാറ്റ്ബോട്ടുകളെ സ്വാധീനിക്കുന്ന കാര്യം നേരിട്ട് പരാമർശിച്ചിട്ടില്ല.
എന്തായാലും, ഈ കാമ്പയിനിന്റെ ഫലമായി ജൂതവിരുദ്ധത, ഐ.ഡി.എഫ്. എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി നടത്തിയ ChatGPT, Perplexity എന്നീ എഐ സേവനങ്ങൾ ഹാനോവർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഉള്ളടക്കങ്ങൾ ഉദ്ധരിച്ച് മറുപടി നൽകിയതായി കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
Content Highlights: Israel is utilizing specialized AI optimization techniques, targeted Q&A content, and custom llms.txt files via covert websites like the Hanover Institute to manipulate ChatGPT and Perplexity responses in its favor amidst declining US support.