പഴയ കഷ്ടപ്പാടുകൾ തീർന്നു! IRCTC വെബ്സൈറ്റ് അടിമുടി മാറ്റാൻ ഇന്ത്യൻ റെയിൽവേ; ബീറ്റാ പതിപ്പ് ഉടനെത്തും

#ടെക്നോളജി ഡെസ്ക്
ഇന്ത്യൻ റെയിൽവേയുടെ ട്രെയിനുകളിലൊന്ന് | Photo: Shinoy, Mathrubhumi
ഇന്ത്യൻ റെയിൽവേയുടെ ട്രെയിനുകളിലൊന്ന് | Photo: Shinoy, Mathrubhumi

ഒരിക്കലെങ്കിലും നിങ്ങൾ സ്വയം റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പ്രയാസങ്ങൾ എന്തെന്ന് നിങ്ങൾക്ക് മനസ്സിലാകും. പതിയെ ലോഡാകുന്ന പേജുകൾ, ഒന്നിലധികം ബുക്കിങ് സ്ക്രീനുകൾ, അനവസരത്തിൽ പ്രത്യക്ഷപ്പെടുന്ന പോപ്പ് അപ്പ് വിൻഡോകൾ, എത്ര ചെയ്താലും പൂർത്തിയാകാത്ത ക്യാപ്‌ച സംവിധാനം അങ്ങനെ കുഴപ്പങ്ങൾ ഏറെയുണ്ട്. കൃത്യസമയത്ത് ലോഗിൻ ചെയ്തിരുന്നാലും തത്കാൽ ടിക്കറ്റ് ബുക്കിങ് ഒരു ഞാണിന്മേൽ കളിയാണ്. ആ സമയത്തെ തിരക്ക് കൈകാര്യം ചെയ്യാൻ പോലും ബുക്കിങ് പ്ലാറ്റ്‌ഫോമിന് ശേഷിയില്ല. എന്നാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുമെന്ന് പ്രഖ്യാപിച്ച് വലിയ പരിവർത്തനത്തിനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോം.

പരിഷ്‍കരിച്ച ഐആർസിടിസി വെബ്സൈറ്റിന്റെ ബീറ്റാ പതിപ്പ് പുറത്തിറക്കാൻ ഒരുങ്ങുകയാണ് റെയിൽവേ മന്ത്രാലയം. ടിക്കറ്റ് ബുക്കിങ് വേഗത്തിലാക്കുക, ലളിതമാക്കുക, ആശയക്കുഴപ്പങ്ങൾ കുറയ്ക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്. സങ്കീർണതകൾ ഒഴിവാക്കി ഓരോ കാര്യങ്ങളും എളുപ്പം തിരഞ്ഞു കണ്ടുപിടിക്കാൻ സാധിക്കുന്ന കൂടുതൽ ലളിതമായ ഡിസൈൻ ആയിരിക്കും ഇനി വെബ്സൈറ്റിന്. ടിക്കറ്റ് ബുക്കിങ്ങിന്റെ ഘട്ടങ്ങൾ പരിമിതപ്പെടുത്തും. ഇതുവഴി സമയം ലാഭിക്കാനും സങ്കീർണതകളും ആശങ്കയുമില്ലാതെ ടിക്കറ്റ് ബുക്ക് ചെയ്യാനും യാത്രികർക്ക് സാധിക്കും.

പുതിയ മാറ്റങ്ങൾ എന്തെല്ലാം?

ഒരു സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ലാഘവത്തിൽ ഒരു ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിച്ചാൽ എങ്ങനെയുണ്ടാകും? അതിനു വേണ്ടി ടിക്കറ്റ് ബുക്കിങ് പ്രക്രിയ ഉപഭോക്തൃ സൗഹൃദമായി കൂടുതൽ സുഗമമാക്കി മാറ്റുകയാണ് ഇതുവഴി. നിലവിൽ ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചർ റിസർവേഷൻ സിസ്റ്റവുമായി ഈ വെബ്സൈറ്റിനെ ബന്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ സംവിധാനമാണ് രാജ്യത്തുടനീളം റെയിൽവേ റിസർവേഷൻ കൈകാര്യം ചെയ്യുന്നത്. വെബ്സൈറ്റിനെ പിആർഎസ് സംവിധാനവുമായി ബന്ധിപ്പിച്ചു കഴിഞ്ഞാൽ കൂടുതൽ വേഗത്തിൽ തടസ്സങ്ങളില്ലാതെ ടിക്കറ്റ് ബുക്കിങ് സാധ്യമാകും.

ഇതിനു പുറമെ പോപ്പ് അപ്പുകൾ, ശ്രദ്ധ തിരിക്കുന്ന ഗ്രാഫിക്സുകൾ, അനാവശ്യ ക്യാപ്‌ചകൾ എന്നിവ ബുക്കിങ് പ്രക്രിയയെ ബാധിക്കുന്നതിനാൽ ഒഴിവാക്കും. തത്കാൽ ടിക്കറ്റ് എടുക്കുന്ന യാത്രികർക്ക് ഈ മാറ്റം പ്രകടമായി തിരിച്ചറിയാം എന്നാണ് അധികൃതർ പറയുന്നത്.

സ്ലീപ്പർ, എസി 3 ടയർ, എസി 2 ടയർ അല്ലെങ്കിൽ മറ്റ് ക്ലാസുകൾ വെവ്വേറെ കാണിക്കുന്നതിനു പകരം, പുതിയ വെബ്‌സൈറ്റ് ലഭ്യമായ എല്ലാ ക്ലാസുകളിലെയും സീറ്റ് ലഭ്യത ഒരുമിച്ച് പ്രദർശിപ്പിക്കും. ഇത് ഓപ്ഷനുകൾ തമ്മിൽ താരതമ്യം ചെയ്യുന്നത് കൂടുതൽ വേഗത്തിലാക്കുന്നു. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നിലവിലെ പ്രക്രിയയിൽ പെയ്‌മെന്റ് പേജിൽ എത്തുന്നതിനു മുൻപ് നിരവധി സ്‌ക്രീനുകളിലൂടെ കടന്നുപോകേണ്ടതുണ്ട്. വിവിധ റിപ്പോർട്ടുകൾ പ്രകാരം, പുതിയ വെബ്‌സൈറ്റിലൂടെ ബുക്കിങ് പൂർത്തിയാക്കാൻ ആവശ്യമായ ക്ലിക്കുകളുടെ എണ്ണം ഇന്ത്യൻ റെയിൽവേ കുറയ്ക്കുകയാണ്. സ്ഥിരം യാത്രക്കാർക്ക് പാസഞ്ചർ വിവരങ്ങൾ സൂക്ഷിച്ചു വെക്കാനും സാധിക്കും.

പുതിയ വെബ്സൈറ്റ് എപ്പോൾ കിട്ടും

ബീറ്റാ വേർഷൻ ഔദ്യോഗികമായി പുറത്തിറക്കും മുമ്പ് ജയ്പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇവരിൽ നിന്ന് അഭിപ്രായം ശേഖരിച്ചതിന് ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തിയാവും പൊതുജനങ്ങൾക്ക് ബീറ്റാ പതിപ്പ് എത്തിക്കുക. പരിഷ്കരിച്ച വെബ്സൈറ്റ് ജൂലായിൽ അവതരിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ ജയ്പൂർ എംഎൻഐടി സന്ദർശനവേളയിൽ പ്രഖ്യാപിച്ചിരുന്നു. ബീറ്റാ പതിപ്പ് ഇപ്പോൾ തയ്യാറായിക്കഴിഞ്ഞിട്ടുണ്ട്. വരും മാസങ്ങളിൽ വെബ്സൈറ്റിന്റെ പൂർണരൂപം അവതരിപ്പിക്കപ്പെടും.

Content Highlights: Indian Railways is set to launch an upgraded, user-friendly beta version of the IRCTC website in July to simplify train ticket booking, reduce required clicks, and eliminate annoying captchas and pop-ups.