സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ചിപ്പ്, 5160 mAh ബാറ്ററി- ഐഖൂ നിയോ 9 പ്രോ ഇന്ത്യയിലെത്തുന്നു

Photo: x.com@Santoshtechgyan
Photo: x.com@Santoshtechgyan

ഐഖൂ നിയോ 9 പ്രോ ഫെബ്രുവരിയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഐഖൂ. ചൊവ്വാഴ്ച സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലുടെയും മാധ്യമങ്ങള്‍ക്ക് നല്‍കിയ ക്ഷണക്കത്തിലൂടെയുമാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 22 നാണ് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുക. 

ആമസോണ്‍ വഴിയാവും ഐഖൂ നിയോ 9 പ്രോയുടെ വില്‍പന. 2023 ഡിസംബറില്‍ ഐഖൂ നിയോ 9 പ്രോ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഫോണിന്റെ ചൈനീസ് പതിപ്പില്‍ മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി ചിപ്പ് സെറ്റാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ത്യന്‍ പതിപ്പില്‍ സ്‌നാപ്പ്ഡ്രാഗണ്‍ 8ജെന്‍ 2 പ്രൊസസറാണ് ഉള്‍പ്പെടുത്തുക. 

ഐഖൂ നിയോ 9, ഐഖൂ നിയോ 9 പ്രോ എന്നീ രണ്ട് മോഡലുകളാണ് ഐഖൂ ചൈനയില്‍ അവതരിപ്പിച്ചത്. 16 എംപി സെല്‍ഫി ക്യാമറ, 5160 എംഎഎച്ച് ബാറ്ററി, 120 വാട്ട് അതിവേഗ ചാര്‍ജിങ് തുടങ്ങിയ ഫീച്ചറുകള്‍ ഫോണുകള്‍ക്കുണ്ട്. 6.78 ഇഞ്ച് അമോലെഡ് സ്‌ക്രീനും മൂന്ന് കളര്‍ ഓപ്ഷനുകളും നാല് റാം-സ്റ്റോറേജ് ഓപ്ഷനുകളും ഫോണുകള്‍ക്കുണ്ട്. 

കാഴ്ചയില്‍ പുതുമയും ഭംഗിയും തോന്നുന്ന രൂപകല്‍പനയിലാണ് പുതിയ ഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രത്യേകിച്ചും ഇതിലെ ചുവപ്പ് വെള്ള നിറങ്ങള്‍ ചേര്‍ന്ന ഫോണ്‍. നിയോ 9, നിയോ 9 പ്രോ ഫോണുകള്‍ക്ക് 6.78 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. എച്ച്ഡിആര്‍ പിന്തുണയുണ്ട്. 

16 ജിബി വരെ എല്‍പിഡിഡിആര്‍5എക്സ് റാം ഫോണുകള്‍ പിന്തുണയ്ക്കും. 1 ടിബി വരെ സ്റ്റോറേജുമുണ്ട്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഒറിജിന്‍ ഒഎസ് ആണിതില്‍. രണ്ട് ഫോണുകളിലും സെല്‍ഫിയ്ക്കായി 16 എംപി ക്യാമറയാണ് നല്‍കിയിരിക്കുന്നത്. സ്‌ക്രീനിന് മുകളില്‍ മധ്യഭാഗത്തായുള്ള ഹോള്‍ പഞ്ചിലാണ് ഇത് നല്‍കിയിരിക്കുന്നത്. 

ഐഖൂ നിയോ 9 ല്‍ 50 എംപി സോണി ഐഎംഎഎക്സ് പ്രൈമറി സെന്‍സറാണ്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുണ്ട്. ഒപ്പം 8 എംപി അള്‍ട്രാവൈഡ് ക്യാമറയും നല്‍കിയിരിക്കുന്നു. നിയോ 9 പ്രോയിലും 50 എംപി സോണി ഐഎംഎഎക്സ് പ്രൈമറി സെന്‍സറാണ്. എന്നാല്‍ ഒപ്പം നല്‍കിയിരിക്കുന്നത് 50 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയാണ്. 

രണ്ട് ഫോണുകളിലും 5160 എംഎഎച്ച് ബാറ്ററിയാണുള്ളത്. 120 വാട്ട് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യമുണ്ട്. യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് ആണ്. 5ജി, 4ജി വോള്‍ട്ടി, വൈഫൈ-7, ബ്ലൂടൂത്ത് 5.3, ഒടിജി, ജിപിഎസ്, ബെയ്ഡോ, ഗലീലിയോ, ക്യുസെഡ് എസ്എസ്, എന്‍എഫ്സി കണക്ടിവിറ്റി സൗകര്യങ്ങളുണ്ട്. ഐആര്‍ ബ്ലാസറ്ററും ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണുകളിലുണ്ട്. 

Content Highlights: iQoo Neo 9 Pro launch in india, iqoo phones