ഇങ്ങനെ ചെയ്താല്‍ ഐഫോണിലെ ബാറ്ററി ആയുസ് നിലനിര്‍ത്താം, ആപ്പിള്‍ ഒരുക്കിയ ഫീച്ചര്‍ - കൂടുതലറിയാം

ഐഫോണിന്റെ ബാറ്ററി ആയുസ് അതിവേഗം കുറയുന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് വലിയൊരു ആശങ്കയാണ്. ബാറ്ററിയുടെ ആയുസ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ആപ്പിള്‍ ഐഫോണുകളില്‍ ഒരുക്കിയിട്ടുണ്ട്. അതിനൊപ്പം തന്നെ ഐഫോണ്‍ ബാറ്ററിയുടെ ആയുസ് കുറയുന്നതിന്റെ വേഗം കുറയ്ക്കാനുള്ള ചില മാര്‍ഗങ്ങളും കമ്പനി ഒരുക്കിയിരിക്കുന്നു. അശ്രദ്ധമായ ഉപയോഗമാണ് പലപ്പോഴും ഐഫോണ്‍ ബാറ്ററി ആയുസിനെ ബാധിക്കുന്നത്. അത് നഷ്ടമാകുന്നത് നിയന്ത്രിക്കാന്‍ ഐഫോണിനുള്ള ഒരു ഫീച്ചറാണ് ഒപ്റ്റിമൈസ്ഡ് ബാറ്ററി ചാര്‍ജിങ് (Optimised Battery Charging) . ഇത് ഐഫോണിന്റെ ബാറ്ററി 100% ചാര്‍ജ് ചെയ്യുന്ന വേഗം പരിമിതപ്പെടുത്തി, ബാറ്ററിയുടെ ദീര്‍ഘകാല ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു.
എന്താണ് ഒപ്റ്റിമൈസ്ഡ് ചാര്‍ജിങ്?
ഐഫോണില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററികള്‍ ദീര്‍ഘനേരം 100% ചാര്‍ജില്‍ നില്ക്കുമ്പോള് അവയുടെ ആയുസ്സ് കുറയാം. രാത്രി ഫോണ്‍ ചാര്‍ജിനിട്ട് ഉറങ്ങുമ്പോഴും ഫോണ്‍ ചാര്‍ജിനിട്ട് മറ്റ് ജോലികളില്‍ മുഴുകുമ്പോഴും ഇങ്ങനെ സംഭവിക്കാം. നിശ്ചിത സമയം കഴിഞ്ഞാല്‍ ചാര്‍ജിങ് 100% ആവും. മുഴുവന്‍ ചാര്‍ജ് ആയതിന് ശേഷവും ഡിസ്കണക്ട് ചെയ്യാതെ ഫോണ്‍ ചാര്ജറില് നില്ക്കും. ഇത് ബാറ്ററി ആയുസിനെ ബാധിക്കും.
എന്നാല്‍ ഉപഭോക്താവിന്റെ ദൈനംദിന ഉപയോഗ ശീലങ്ങളെ അടിസ്ഥാനമാക്കി ഐഫോണ്‍ ബാറ്ററി 100 ശതമാനം ചാര്‍ജ് ചെയ്യുന്ന പ്രക്രിയയില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരും.
എങ്ങനെയാണ് ഇതിന്റെ പ്രവര്‍ത്തനം?
മെഷീന് ലേണിങ് : ഉപഭോക്താവിന്റെ ചാര്‍ജിങ് ശീലങ്ങള്‍ ഐഫോണ്‍ പഠിക്കുന്നു. എപ്പോള്‍ ചാര്‍ജ് ചെയ്യുന്നു, എപ്പോള്‍ പ്ലഗ് ഔട്ട് ചെയ്യുന്നു പോലുള്ളവ ഈ രീതിയില്മനസിലാക്കുന്നു. ഇതുവഴി പതിവായി രാത്രി ചാര്‍ജ് ചെയ്യാനിടുകയും പിന്നീട് ഉറക്കശേഷം രാവിലെ 7 മണിക്കോ മറ്റോ ഫോണ്‍ എടുക്കുകയും ചെയ്യുന്നയാളാണ് എന്ന് ഫോണ്‍ മനസിലാക്കുന്നു. അല്ലെങ്കില്‍ ഉപഭോക്താവിന്റെ മറ്റ് ചാര്‍ജിങ് ശീലങ്ങളും ഇതുവഴി തിരിച്ചറിയുന്നു. ശേഷം ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ 80% ചാര്‍ജ് ആയാല്‍ ചാര്‍ജിങ് താത്കാലികമായി നിര്‍ത്തിവെക്കുകയും പിന്നീട് 100 ശതമാനം ചാര്‍ജ് ആവുന്നത് വൈകിപ്പിക്കുകയും ചെയ്യുന്നു. ശേഷം ഉപഭോക്താവ് ഫോണ്‍ എടുക്കുന്ന സമയത്തിന് മുമ്പായി ഫോണ്‍ 100 ശതമാനം ചാര്‍ജ് ആക്കുന്നു.
അതുകൊണ്ടുതന്നെ 80 ശതമാനം ചാര്‍ജ് ആയിക്കഴിഞ്ഞാല്‍ 100 ശതമാനത്തിലേക്ക് ചാര്‍ജ് ആവുന്നതില്‍ കാലതാമസം നേരിടാം. ചില സാഹചര്യങ്ങളില്‍ 100 ശതമാനം ചാര്‍ജ് വേണമെന്ന് തോന്നാം. ഈ സമയം ഫീച്ചര്‍ താത്കാലികമായി ഓഫ് ചെയ്തുവെക്കാനുള്ള സൗകര്യവുമുണ്ട്. ഇത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് ഉപഭോക്താവിന്റെ ഉപയോഗരീതി പഠിക്കേണ്ടതുണ്ട്. അതിന് വേണ്ടി അല്‍പ്പം സമയമെടുത്തേക്കും.
ഇത് ദീര്‍ഘനേരം 100% ചാര്‍ജില്‍ നില്‍ക്കുന്നത് ഒഴിവാക്കി ബാറ്ററി ശേഷി ക്ഷയിക്കുന്നത് കുറയ്ക്കുന്നു. ഉപഭോക്താവിന്റെ ഉപയോഗ ശീലങ്ങള്‍ തിരിച്ചറിഞ്ഞുള്ള സ്മാര്‍ട് ചാര്‍ജിങ് ഫീച്ചറാണിത്.
ഫീച്ചര്‍ എങ്ങനെ ഓണ്‍/ഓഫ് ചെയ്യാം?
- Settings ലേക്ക് പോകുക.
- Battery > Battery Health & Charging തിരഞ്ഞെടുക്കുക.
- Optimised Battery Charging ഓണ്‍ അല്ലെങ്കില്‍ ഓഫ് ചെയ്യുക.
ബാറ്ററി ആരോഗ്യം സംരക്ഷിക്കാന്‍ മറ്റെന്തെല്ലാം ചെയ്യാം :
- ബാറ്ററി ചാര്‍ജിങ് 100% ല്‍ താഴെയായി നിലനിര്‍ത്താം.
- ബാറ്ററി ചാര്‍ജ് കഴിഞ്ഞ് ഫോണ്‍ ഓഫ് ആവുന്നത് വരെ കാത്തുനില്‍ക്കാതെ 25 ശതമാനത്തില്‍ താഴെ ആവുമ്പോള്‍ തന്നെ ഫോണ്‍ ചാര്‍ജിനിടുക.
- ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക.
Content Highlights: Learn how Optimized Battery Charging on iPhone extends battery life