ആപ്പിൾ ഐഫോൺ 18 സീരീസ് എത്തിയതോടെ കുതിച്ചുയർന്നത് ഐഫോൺ 17-ന്റെ വില; കാരണം ഇതാണ്

ഇക്കഴിഞ്ഞ രാത്രിയാണ് ആപ്പിൾ പുതിയ ഐഫോൺ 18 സീരീസുകളും, ആപ്പിളിന്റെ ആദ്യത്തെ ഫോൾഡബിൾ ഡിവൈസായ ഐഫോൺ ഡ്യുവോയും അവതരിപ്പിച്ചത്. സാധാരണ പുതിയ ഫോൺ എത്തുമ്പോൾ പഴയ മോഡലിന്റെ വില കുറയ്ക്കുകയാണ് പതിവ്. എന്നാൽ, ഇത്തവണ ഐഫോൺ 17-ന്റെ വില വർധിപ്പിക്കുകയാണ് ചെയ്തത്. ഐഫോൺ 18 സീരീസിൽ ഒരു അടിസ്ഥാന ഫോൺ ഇല്ലാത്തതാണ് 17-ന്റെ വില ഉയരാൻ കാരണം.
ഇന്ത്യയിൽ ഐഫോൺ 17-ന്റെ അടിസ്ഥാന മോഡലിന് 17,000 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഐഫോൺ 17 256 ജിബി പതിപ്പിന് 82,900 രൂപയായിരുന്നു നേരത്തെ ഉണ്ടായിരുന്ന വില. എന്നാൽ, ഇപ്പോൾ ഇതിന് 99,990 രൂപയാണ് വിലയിട്ടിരിക്കുന്നത്. അതേസമയം, ഈ ഫോണിന്റെ 512 ജിബി മോഡലിന് 1.24 ലക്ഷം രൂപയാണ് വില. ഐഫോൺ 18-ന്റെ അവതരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആപ്പിളിന്റെ ഈ അപൂർവ്വ നടപടി.
ഐഫോൺ 17-ന്റെ വില ഉയർത്തുമെന്ന് മുമ്പുതന്നെ റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ, ഇത് എപ്പോൾ മുതലായിരിക്കുമെന്ന് അറിയിച്ചിരുന്നില്ല. ഐഫോൺ 17E, ഐഫോൺ 16, ഐഫോൺ എയർ തുടങ്ങി നിലവിൽ വിൽപ്പനയിലുള്ള ആപ്പിളിന്റെ മറ്റ് ഫോണുകളുടെയും വിലയിൽ വർധനവുണ്ടായിട്ടുണ്ട്. മാക്ക്ബുക്കുകൾ, ഐപാഡുകൾ എന്നിവയുടെ വിലയിൽ അടുത്തിടെ ആപ്പിൾ വർധനവ് വരുത്തിയിരുന്നു,
മെമ്മറി, റാം എന്നിവയുടെ ഷോർട്ടേജാണ് ഈ വില വർധനവിന്റെ പിന്നിലെ കാരണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എ.ഐയുടെ ഉപയോഗം മെമ്മറിയുടെ ആവശ്യം വർധിപ്പിച്ചിട്ടുണ്ട്. ഡാറ്റ സെന്ററുകൾക്കും എ.ഐ കമ്പനികൾക്കും സിസ്റ്റങ്ങൾ പ്രവർത്തിപ്പിക്കുന്നതിന് വലിയ തോതിൽ മെമ്മറി സംവിധാനം ആവശ്യമാണ്. ഇതുണ്ടാക്കുന്ന സമ്മർദമാണ് വിലക്കയറ്റത്തിന് പിന്നിലെ കാരണമെന്നാണ് വിലയിരുത്തലുകൾ.
ഐ ഫോൺ 18 പ്രോ, 18 പ്രോ മാക്‌സ് ഫോണുകൾ അവതരിപ്പിച്ചതോടെ, ഐഫോൺ 17 പ്രോ, 17 പ്രോ മാക്‌സ് എന്നീ ഫോണുകൾ നിർത്തലാക്കിയിട്ടുണ്ട്. എന്നാൽ, സ്‌റ്റോക്ക് തീരുന്നത് വരെ ഇത് വിപണിയിൽ ലഭ്യമാകും. അതേസമയം, ഐഫോൺ 17E മോഡലിന്റെ വിലയിൽ 15,000 രൂപയുടെ വർധനവ് ഉണ്ടായിട്ടുണ്ട്. 79,900 രൂപയാണ് ഇതിന്റെ വില. ഐഫോൺ 16-ന് ഇപ്പോൾ 89,900 രൂപയാണ് വില. ഐഫോൺ എയറിനാണ് ഏറ്റവും വില ഉയർന്നിരിക്കുന്നത്. 30,000 രൂപയാണ് കൂടിയത്. 1.49 ലക്ഷമാണ് പുതിയ വില.
Content Highlights: Apple increased the price of the iPhone 17 series following the launch of the iPhone 18 lineup and iPhone Duo., The base model of the iPhone 17 in India saw a price hike of Rs 17,000, now priced at Rs 99,990 for the 256GB variant., The absence of a base model in the iPhone 18 series is a major reason for the unexpected price surge of the iPhone 17., Experts attribute the price hikes across Apple devices to memory and RAM shortages driven by surging AI demands., Other models like iPhone 17E, iPhone 16, and iPhone Air have also witnessed significant price increases in India.