IOS 26 അപ്‌ഡേറ്റ് എപ്പോഴെത്തും? ഏതെല്ലാം ഫോണുകളില്‍, വിശദവിവരങ്ങള്‍ അറിയാം

Photo: Apple
Photo: Apple

ഐഫോണ്‍ 17 സീരീസ് ഇന്ന് പുറത്തിറങ്ങും. പുത്തന്‍ രൂപകല്‍പനയിലുള്ള ഐഒഎസ് 26 അപ്‌ഡേറ്റുമായാണ് പുതിയ ഐഫോണുകള്‍ എത്തുന്നത്. ഈ വര്‍ഷം ആദ്യം നടന്ന ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ചാണ് ആപ്പിള്‍ IOS 26 അവതരിപ്പിച്ചത്. 

ലിക്വിഡ് ഗ്ലാസിന്റെ ഭംഗി

യൂസര്‍ ഇന്റര്‍ഫെയ്സില്‍ കാഴ്ചയില്‍ പുതുമ കൊണ്ടുവരുന്ന അപ്ഡേറ്റാണ് ലിക്വിഡ് ഗ്ലാസ് തീമിലുള്ള ഐഒഎസിന്റെ പുതിയ യൂസര്‍ ഇന്റര്‍ഫെയ്സ്. ഒരു കണ്ണാടിച്ചില്ലിന് സമാനമായ രീതിയില്‍ ഐഒസിലെ വിവിധ വിന്‍ഡോകളും ഐക്കണുകളും പശ്ചാത്തലങ്ങളും വിഡ്ജെറ്റുകളും  നാവിഗേഷനുകളുമെല്ലാം ആപ്പിള്‍ ഒരുക്കിയിരിക്കുന്നു. ഗ്ലാസ് പോലെ സുതാര്യതയുള്ളതും ഒപ്പം ചുറ്റുമുള്ള മറ്റ് വിഷ്വല്‍ എലമെന്റുകള്‍ പ്രതിഫലിക്കുകയും ചെയ്യുന്നതായിരിക്കും ഈ ഗ്ലാസ് ഐക്കണുകള്‍.

പുതിയ കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും ഐഒഎസ് 26 നല്‍കുന്നുണ്ട്. ഇതുവഴി ഉപഭോക്താവിന് ഇഷ്ടാനുസരണം ഐഒഎസ് തീം തയ്യാറാക്കാനാവും. 

ഇത് കൂടാതെ ക്യാമറ ആപ്പ്, ഫോട്ടോസ് ആപ്പ്, സഫാരി, ആപ്പിള്‍ മ്യൂസിക്, ന്യൂസ്, പോഡ് കാസ്റ്റ് എന്നിവയിലെല്ലാം പുതിയ ഡിസൈന്‍ ലാംഗ്വേജ് അടിസ്ഥാനമാക്കിയും ഉപഭോക്താക്കളുടെ സൗകര്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയും വിവിധ അപ്ഡേറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

പേരിലുള്ള മാറ്റം

ഐഒഎസ് ഉള്‍പ്പടെ ആപ്പിളിന്റെ എല്ലാ ഒഎസുകളുടേയും പേരില്‍ പുതിയ മാറ്റം കൊണ്ടുവരുന്നുവെന്ന് ആപ്പിള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐഒഎസ് 26 എന്നാണ് പുതിയ ഐഫോണ്‍ ഒഎസിന് പേര്. ആപ്പിളിന്റെ മറ്റ് ഒഎസുകള്‍ക്കെല്ലാം ഒപ്പം 26 ഉണ്ടായിരിക്കും. ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന ആപ്പിള്‍ ഒഎസുകള്‍ക്ക് തൊട്ടടുത്ത വര്‍ഷത്തെ പ്രതിനിധീകരിക്കുന്ന അക്കങ്ങളാണ് ഇനി വേര്‍ഷന്‍ നമ്പറുകളായി നല്‍കുക. 

ഐഒഎസ് 26 അപ്ഡേറ്റ് ലഭിക്കുന്ന ഐഫോണുകള്‍ 

എ13 ചിപ്പ്‌സെറ്റിലോ അതിന് ശേഷം വന്ന പുതിയ ചിപ്പ്‌സെറ്റുകളിലോ പ്രവര്‍ത്തിക്കുന്ന ഐഫോണുകളില്‍ ഐഒഎസ് 26 അപ്‌ഡേറ്റ് ലഭിക്കും.അതായത് ഐഫോണ്‍ XR, ഐഫോണ്‍ XS, ഐഫോണ്‍ XS Max എന്നീ മോഡലുകളില്‍ പുതിയ അപ്‌ഡേറ്റ് ലഭിക്കില്ല. താഴെ പട്ടികപ്പെടുത്തിയ ഫോണുകളിലാണ് പുതിയ ഒഎസ് അപ്‌ഡേറ്റ് ലഭിക്കുക. 

  • ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്സ്
  • ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്സ്
  • ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്സ്
  • ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്സ്
  • ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്സ്
  • ഐഫോണ്‍ 16ഇ, ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ്
  • ഐഫോണ്‍ എസ്ഇ (2-ാം തലമുറയും അതിന് ശേഷമുള്ളതും)

അപ്‌ഡേറ്റ് പുറത്തിറക്കുന്ന തീയ്യതി

പുതിയ ഐഫോണുകളുടെ വില്‍പന ആരംഭിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഐഒഎസ് അപ്‌ഡേറ്റ് ആപ്പിള്‍ അവതരിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ സെപ്റ്റംബര്‍ 16 ഓടുകൂടി അപ്‌ഡേറ്റുകള്‍ എത്തിത്തുടങ്ങും.
 

Content Highlights: iPhone 17 series launches today with iOS 26, featuring a new Liquid Glass design