ലിക്വിഡ് ഗ്ലാസ് തീമില്‍ ആപ്പിളിന്റെ 'IOS 26' അവതരിപ്പിച്ചു, ഡെവലപ്പര്‍ വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യാം

തിങ്കളാഴ്ച നടന്ന വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ആപ്പിള്‍ പുതിയ ഐഒഎസ് 26 അവതരിപ്പിച്ചു. രൂപകല്‍പനയില്‍ വന്ന മാറ്റത്തിനൊപ്പം പുതിയ ഫീച്ചറുപകളും എഐ കഴിവുകളും ഉള്‍പ്പെടുത്തിയാണ് പുതിയ ഐഒഎസ് ഒരുക്കിയിരിക്കുന്നത്. പുറത്തിറക്കാനിരിക്കുന്ന പുതിയ ഐഫോണുകളിലാണ് ഐഒഎസ് 26 ആദ്യം എത്തുക. ഇതിന് പിന്നാലെ ഒഎസ് അപ്‌ഡേറ്റുകളായി മുന്‍ വര്‍ഷങ്ങളിലെ ഫോണുകളിലും എത്തും.
പേരിലുള്ള മാറ്റം
ഐഒഎസ് ഉള്‍പ്പടെ ആപ്പിളിന്റെ എല്ലാ ഒഎസുകളുടേയും പേരില്‍ പുതിയ മാറ്റം കൊണ്ടുവരുന്നുവെന്ന് ആപ്പിള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഐഒഎസ് 26 എന്നാണ് പുതിയ ഐഫോണ്‍ ഒഎസിന് പേര്. ആപ്പിളിന്റെ മറ്റ് ഒഎസുകള്‍ക്കെല്ലാം ഒപ്പം 26 ഉണ്ടായിരിക്കും. ഓരോ വര്‍ഷവും പുറത്തിറങ്ങുന്ന ആപ്പിള്‍ ഒഎസുകള്‍ക്ക് തൊട്ടടുത്ത വര്‍ഷത്തെ പ്രതിനിധീകരിക്കുന്ന അക്കങ്ങളാണ് ഇനി വേര്‍ഷന്‍ നമ്പറുകളായി നല്‍കുക.
ലിക്വിഡ് ഗ്ലാസിന്റെ ഭംഗി
യൂസര്‍ ഇന്റര്‍ഫെയ്‌സില്‍ കാഴ്ചയില്‍ പുതുമ കൊണ്ടുവരുന്ന അപ്‌ഡേറ്റാണ് ലിക്വിഡ് ഗ്ലാസ് തീമിലുള്ള ഐഒഎസിന്റെ പുതിയ യൂസര്‍ ഇന്റര്‍ഫെയ്‌സ്. ഒരു കണ്ണാടിച്ചില്ലിന് സമാനമായ രീതിയില്‍ ഐഒസിലെ വിവിധ വിന്‍ഡോകളും ഐക്കണുകളും പശ്ചാത്തലങ്ങളും വിഡ്‌ജെറ്റുകളും നാവിഗേഷനുകളുമെല്ലാം ആപ്പിള്‍ ഒരുക്കിയിരിക്കുന്നു. ഗ്ലാസ് പോലെ സുതാര്യതയുള്ളതും ഒപ്പം ചുറ്റുമുള്ള മറ്റ് വിഷ്വല്‍ എലമെന്റുകള്‍ പ്രതിഫലിക്കുകയും ചെയ്യുന്നതായിരിക്കും ഈ ഗ്ലാസ് ഐക്കണുകള്‍.
പുതിയ കസ്റ്റമൈസേഷന്‍ ഓപ്ഷനുകളും ഐഒഎസ് 26 നല്‍കുന്നുണ്ട്. ഇതുവഴി ഉപഭോക്താവിന് ഇഷ്ടാനുസരണം ഐഒഎസ് തീം തയ്യാറാക്കാനാവും.
ഇത് കൂടാതെ ക്യാമറ ആപ്പ്, ഫോട്ടോസ് ആപ്പ്, സഫാരി, ആപ്പിള്‍ മ്യൂസിക്, ന്യൂസ്, പോഡ് കാസ്റ്റ് എന്നിവയിലെല്ലാം പുതിയ ഡിസൈന്‍ ലാംഗ്വേജ് അടിസ്ഥാനമാക്കിയും ഉപഭോക്താക്കളുടെ സൗകര്യം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയും വിവിധ അപ്‌ഡേറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ആപ്പിള്‍ ഇന്റലിജന്‍സ്
ലൈവ് ട്രാന്‍സ്ലേഷന്‍ ഉള്‍പ്പടെ വിവിധങ്ങളായ കഴിവുകള്‍ ഉള്‍പ്പെടുത്തി ആപ്പിള്‍ ഇന്റലിജന്‍സിനെ പരിഷ്‌കരിച്ചു. മെസജേസ്, ഫേസ്‌ടൈം, ഫോണ്‍ തുടങ്ങിയ ആപ്പുകളില്‍ ഈ ലൈവ് ട്രാന്‍സ്ലേഷന്‍ ഫീച്ചര്‍ ഉപയോഗിക്കാനാവും. ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, സ്പാനിഷ്, ചൈനീസ്, ഉള്‍പ്പടെയുള്ള ഭാഷകള്‍ ഈ ഫീച്ചറില്‍ ലഭ്യമാകും.
സ്‌ക്രീനില്‍ കാണുന്ന വസ്തുക്കളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ചാറ്റ്ജിപിടിയോട് ചോദിച്ചറിയാനുള്ള സൗകര്യം ഐഫോണില്‍ ലഭിക്കും.
ഫോണ്‍ ആപ്പിന്റെ ലേ ഔട്ടില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മെസേജ് ആപ്പിന് അപരിചിതരായവരില്‍ നിന്നുള്ള സന്ദേശങ്ങള്‍ ഫില്‍റ്റര്‍ ചെയ്യാന്‍ കഴിയും. ആപ്പിള്‍ മ്യൂസിക്കില്‍ ലിറിക്‌സ് ട്രാന്‍സിലേഷന്‍ ഫീച്ചര്‍, ആപ്പിള്‍ മാപ്പില്‍ വിസിറ്റഡ് പ്ലേസസ് തുടങ്ങിയ പുതിയ മാറ്റങ്ങളും ഐഒഎസ് 26 ല്‍ എത്തും.
ആപ്പിള്‍ ഗെയിംസ് എന്ന പേരില്‍ ആപ്പിള്‍ പുതിയ ആപ്പ് അവതരിപ്പിച്ചു. ഗെയിമിങ് ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള എകജാലക ആപ്പ് എന്ന നിലയ്ക്കാണ് കമ്പനി ഇത് അവതരിപ്പിക്കുന്നത്. ഇതോടൊപ്പം ആപ്പിളിന്റെ കാര്‍പ്ലേയിലും ഡിസൈന്‍ തലത്തില്‍ മാറ്റങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
നിലവില്‍ ഐഒഎസ് 26 ന്റെ ഡെവലപ്പര്‍ വേര്‍ഷന്‍ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. സ്റ്റേബിള്‍ വേര്‍ഷന്‍ പുതിയ ഐഫോണുകള്‍ എത്തിയതിന് ശേഷമായിരിക്കും ലഭിക്കുക.
Content Highlights: Apple unveils iOS 26 with a redesigned interface