ഭൂമിക്കടുത്തുകൂടി 3I/ATLAS കടന്നുപോയി, നിരീക്ഷിച്ച് ശാസ്ത്രലോകം; രഹസ്യ ആയുധമെന്ന് പുതിന്റെ തമാശ

#ടെക്‌നോളജി ന്യൂസ്
3I/ATLAS | Photo - Dr. Sebastian VoltmerX
3I/ATLAS | Photo - Dr. Sebastian VoltmerX

സൗരയൂധത്തിലെത്തിയ മൂന്നാമത്തെ നക്ഷത്രാന്തര വസ്തുവായ 3I/ATLAS അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ടുകൊണ്ട് ഭൂമിക്കരികിലൂടെ സുരക്ഷിതമായി കടന്നുപോയി. ഡിസംബർ 19-നാണ് വാനനിരീക്ഷകർക്കും ശാസ്ത്രലോകത്തിനും സുപ്രധാന നിമിഷം സമ്മാനിച്ചുകൊണ്ട് ഈ വാൽനക്ഷത്രം ഭൂമിക്ക് ഏറ്റവും അടുത്തെത്തിയത്. സാങ്കേതിക വൈദഗ്ധ്യം പരമാവധി പ്രയോജനപ്പെടുത്തികൊണ്ട് ശാസ്ത്രജ്ഞർ 3I/ATLAS-ന്റെ ചിത്രം പകർത്തി.

തെളിഞ്ഞ ആകാശത്തിൽ സ്റ്റെല്ലാറിയം പോലുള്ള ആപ്പുകൾ ഉപയോഗിച്ച് ഇതിനെ ട്രാക്ക് ചെയ്യാൻ കഴിയുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. 2026 മാർച്ചോടെ 3I/ATLAS വ്യാഴത്തിനടുത്തേക്കുള്ള നീണ്ട യാത്ര തുടങ്ങും. ഭൂമിക്ക് യാതൊരു ഭീഷണിയും ഉയർത്തിയില്ലെങ്കിലും 3I/ATLAS അതിന്റെ പൊടിപടലങ്ങളിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളെക്കുറിച്ചും ഭൂമിക്ക് പുറത്ത് മറ്റെവിടെയെങ്കിലും ജീവന്റെ സാധ്യതയെക്കുറിച്ചുമുള്ള വലിയ ചോദ്യങ്ങൾ അവശേഷിപ്പിച്ചാണ് കടന്നുപോയത്. നാസയുടെ പാർക്കർ സോളാർ പ്രോബടക്കം അതിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അന്യഗ്രഹ സാങ്കേതികവിദ്യ 3I/ATLAS-ന് പിന്നിലുണ്ടാകാം എന്നതരത്തിൽ ഹാർവാഡ് ശാസ്ത്രജ്ഞൻ ആവി ലോബ് നടത്തിയ പരാമർശങ്ങൾ നാസ നേരത്തെതന്നെ തള്ളിക്കളഞ്ഞിരുന്നു. വാൽനക്ഷത്രം എന്നാണ് നാസ ഇതിനെ വിശേഷിപ്പിക്കുന്നത്.

ആവി ലോബിന് പിന്നാലെ 3I/ATLAS-നെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ വാർത്താ സമ്മേളനത്തിനിടെ തമാശ പറഞ്ഞതും ലോകശ്രദ്ധ നേടി. റഷ്യയുടെ രഹസ്യ ആയുധമാണ് അതെന്നും അവശ്യ ഘട്ടത്തിലല്ലാതെ അത് ഉപയോഗിക്കില്ലെന്നും ആയിരുന്നു മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് മറുപടിയായി പുതിൻ പറഞ്ഞ തമാശ. 'ചോദ്യത്തിന് മറുപടി നൽകാം, പക്ഷെ അത് നമുക്കിടയിൽ മാത്രം ഒതുങ്ങണം. രഹസ്യ വിവരമാണ്. ഇത് നമ്മുടെ രഹസ്യ ആയുധമാണ്. പക്ഷെ നമ്മൾ അത് അവശ്യ സാഹചര്യങ്ങളിൽ മാത്രമേ ഉപയോഗിക്കൂ. കാരണം ഞങ്ങൾ ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിക്കുന്നതിന് എതിരാണ്'- പുതിൻ പറഞ്ഞു.

പിന്നീട് 3I/ATLAS- നെക്കുറിച്ചുള്ള ചോദ്യത്തിന് പുതിൻ ഗൗരവമായ മറുപടിയും നൽകി. 'അത് ഒരു വാൽനക്ഷത്രമാണ്. എന്താണ് സംഭവിക്കുന്നതെന്ന് ശാസ്ത്രജ്ഞർക്ക് അറിയാം. അത് മറ്റൊരു ഗാലക്‌സിയിൽ നിന്നുള്ളതാണ്. അതിനാൽ ഇത് നമ്മുടെ ഗാലക്‌സിയിലുള്ള വാൽനക്ഷത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പെരുമാറുന്നു. സൂര്യനോട് അടുക്കുമ്പോൾ അതിന്റെ ഉപരിതലത്തിൽ വ്യത്യാസങ്ങൾ സംഭവിക്കുന്നു. അതോടെ കാര്യങ്ങൾ വ്യത്യസ്തമായി കാണപ്പെടുന്നു. പക്ഷെ അത് വളരെ വലുതാണ്. നിങ്ങൾ സംസാരിക്കുന്ന വസ്തു ലക്ഷക്കണക്കിന് കിലോമീറ്റർ അകലെയാണ്. ഇത് നമുക്ക് ഒരു ഭീഷണിയാണെന്ന് ഞാൻ കരുതുന്നില്ല. നമ്മൾ അതിനെ വ്യാഴത്തിലേക്ക് അയക്കും, അടുത്ത വർഷം തുടക്കത്തിൽ സൗരയൂഥം വിട്ട് പോകും.'- അദ്ദേഹം പറഞ്ഞു.

Content Highlights: Witness the incredible journey of interstellar comet 3I/ATLAS. Captured by observatories and NASA`s Parker Solar Probe, learn about its closest approach to Earth and its cosmic origins.