ഇന്റര്‍നെറ്റ് ആര്‍ക്കൈവ് കയ്യടക്കി പലസ്തീന് അനുകൂല ഹാക്കര്‍മാര്‍, 3.1 കോടി പാസ് വേഡുകള്‍ ചോർന്നു

ഇന്റര്‍നെറ്റിലെ എല്ലാ വിവരങ്ങളും ആര്‍ക്കൈവ് ചെയ്ത് സുക്ഷിക്കുന്ന ഇന്റര്‍നെറ്റ് ആര്‍ക്കൈവ് പ്ലാറ്റ്ഫോം ഹാക്ക് ചെയ്യപ്പെട്ടു. 3.1 കോടി ഒതന്റിക്കേഷന്‍ വിവരങ്ങള്‍ ചോര്‍ന്നതായാണ് വിവരം. ബുധനാഴ്ച ഉച്ചയോടെയാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്. വെബ്സൈറ്റ് ഹാക്ക് ചെയ്തതായറിച്ചുകൊണ്ടുള്ള ഒരു ജാവാ സ്ക്രിപ്റ്റ് സന്ദേശം ഹാക്കര്‍മാര്‍ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
'ഇന്റര്‍നെറ്റ് ആര്‍ക്കൈവ് വലിയൊരു സുരക്ഷാ ലംഘനത്തിന്റെ വക്കിലാണെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അത് സംഭവിച്ചിരിക്കുന്നു. എച്ച്ഐബിപി നോക്കൂ' എന്ന സന്ദേശത്തില്‍ പറയുന്നു. ട്രോയ് ഹണ്ട് നിര്‍മിച്ച ഡാറ്റാ ബ്രീച്ച് നോട്ടിഫിക്കേഷന്‍ സര്‍വീസ് ആണ് എച്ച്ഐബിപി അഥവാ ' ഹാവ് ഐ ബീന്‍ പൗണ്ഡ്'. ഇത്തരം ഹാക്കര്‍മാര്‍ സാധാരണ മോഷ്ടിച്ച വിവരങ്ങള്‍ ഇതില്‍ ചേര്‍ക്കാറുണ്ട്.
എസ്എന്‍ ബ്ലാക്ക് മെറ്റ എന്ന അക്കൗണ്ടാണ് സൈബറാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. പലസ്തീന് അനുകൂല ഹാക്കര്‍ സംഘമാണിത്.
'ഇന്റര്‍നെറ്റ് ആര്‍ക്കൈവ് ഒരു വിനാശകരമായ ആക്രമണമാണ് നേരിടുന്നത്. അഞ്ച് മണിക്കൂറുകളായി ഞങ്ങള്‍ വിജയകരമായ നിരവധി ആക്രമണങ്ങള്‍ നടത്തി. ഈ നിമിഷം വരെ, അവരുടെ എല്ലാ സംവിധാനങ്ങളും പൂര്‍ണ്ണമായും തകരാറിലാണ്. എന്ന് അവര്‍ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
ഇമെയില്‍ ഐഡികള്‍, സ്ക്രീന്‍ നെയിമുകള്‍, പാസ് വേഡുകള്‍ ഉള്‍പ്പടെ 3.1 കോടി വിവരങ്ങളാണ് ചോര്‍ന്നത്. 6.4 ജിബി വരുന്ന ഡാറ്റാ ബേസ് ലഭിച്ചതായി എച്ച്ഐബിപി സ്ഥാപകന്‍ ട്രോയ് ഹണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്.
ഡിസ്ട്രിബ്യൂട്ടഡ് ഡിനയല്‍ ഓഫ് സര്‍വീസ് ആക്രമണമാണ് നടന്നതെന്ന് ഇന്റര്‍നെറ്റ് ആര്‍ക്കൈവ് സ്ഥാപകന്‍ ബ്ര്യൂസ്റ്റര്‍ കാലെ പറഞ്ഞു. ആക്രമണം തടഞ്ഞിട്ടുണ്ടെന്നും. സുരക്ഷ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാമെന്നും അദ്ദേഹം എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. നിലവില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് ആര്‍ക്കൈവ് വെബ്സൈറ്റ് ഓഫ്ലൈന് ആക്കിയിട്ടുണ്ട്.
Content Highlights: The Internet Archive, a platform that archives information from the internet, was hacked.