ഇന്‍സ്റ്റയില്‍ ഇനി എല്ലാവര്‍ക്കും ലൈവ് സാധ്യമല്ല; നയംമാറ്റത്തിന്റെ കാരണം വ്യക്തമാക്കാതെ മെറ്റ

പ്രതീകാത്മകചിത്രം | AI, Mathrubhumi archives
പ്രതീകാത്മകചിത്രം | AI, Mathrubhumi archives

ലൈവ് സ്ട്രീമിങ്ങില്‍ നയംമാറ്റവുമായി ഇന്‍സ്റ്റഗ്രാം. എല്ലാ ഉപയോക്താക്കള്‍ക്കും ഇനി ഇന്‍സ്റ്റയില്‍ ലൈവ് സാധ്യമല്ലെന്നാണ് ടെക് ക്രഞ്ച് റിപ്പോര്‍ട്ടു ചെയ്യുന്നത്. കുറഞ്ഞത് 1,000 ഫോളോവേഴ്സും ഒരു പബ്ലിക് അക്കൗണ്ടും ഉള്ള ഉപയോക്താക്കള്‍ക്ക് മാത്രമേ ഇനി 'ലൈവ്' ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കൂ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതുവരെ, ഫോളോവേഴ്സിന്റെ എണ്ണമോ അക്കൗണ്ട് പബ്ലിക് ആണോ പ്രൈവറ്റ് ആണോ എന്നതോ പരിഗണിക്കാതെ ഏതൊരു ഉപയോക്താവിനും ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ലൈവില്‍ പോകാന്‍ അനുവാദമുണ്ടായിരുന്നു. ടിക് ടോക്ക് അതിന്റെ ഉപയോക്താക്കള്‍ക്കായി വെച്ചിട്ടുള്ള 1,000-ഫോളോവേഴ്സ് എന്ന നിബന്ധനയ്ക്ക് സമാനമാണ് ഇന്‍സ്റ്റാഗ്രാമിന്റെ ഈ നീക്കം. ലൈവ് തുടങ്ങാന്‍ ശ്രമിക്കുകയും എന്നാല്‍ യോഗ്യതയില്ലാത്തവരുമായ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഇനി അവര്‍ക്ക് ലഭ്യമല്ലെന്ന ഒരു സന്ദേശം കാണാനാകും. 'നിങ്ങളുടെ അക്കൗണ്ടിന് ഇനി ലൈവ് ചെയ്യാന്‍ യോഗ്യതയില്ല. ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിനുള്ള നിബന്ധനകളില്‍ മാറ്റം വരുത്തി. 1,000-ത്തില്‍ അധികം ഫോളോവേഴ്സുള്ള പബ്ലിക് അക്കൗണ്ടുകള്‍ക്ക് മാത്രമേ ഇനി ലൈവ് വീഡിയോകള്‍ ചെയ്യാന്‍ കഴിയൂ,' എന്ന് പുതിയ സന്ദേശത്തില്‍ പറയുന്നു.

ഈ മാറ്റത്തിന് ഇന്‍സ്റ്റാഗ്രാം പ്രത്യേക കാരണമൊന്നും നല്‍കിയിട്ടില്ലെങ്കിലും, ലൈവ് കാണുന്നതിലുള്ള മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്താനാണ് ഈ നീക്കമെന്ന് കരുതപ്പെടുന്നു. ഈ പുതിയ മാറ്റത്തില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അത്ര തൃപ്തരല്ല. ഈ തീരുമാനം ചെറിയ ഉള്ളടക്ക നിര്‍മ്മാതാക്കളെയും സുഹൃത്തുക്കളുമായി ലൈവ് സ്ട്രീമിംഗ് ആസ്വദിച്ചിരുന്ന സാധാരണ ഉപയോക്താക്കളെയും ബാധിക്കുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇനി എന്തിന് ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കണം എന്നറിയില്ല എന്ന് ചിലര്‍ പരാതിപ്പെട്ടു. ലൈവ് വീഡിയോ സ്ട്രീമുകള്‍ക്കായി തത്സമയ സ്ട്രീമിംഗ് ബാന്‍ഡ്വിഡ്ത്തും അടിസ്ഥാന സൗകര്യങ്ങളും നീക്കിവെക്കാന്‍ ഇന്‍സ്റ്റാഗ്രാം ആഗ്രഹിക്കുന്നുണ്ടാവില്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.


 

Content Highlights: Instagram now requires 1,000 followers for Live access, impacting smaller creators and casual users.