ലോഗോ പരിഷ്‌കരിച്ച് ഇൻസ്റ്റഗ്രാം, 10 വർഷത്തിനിടെ ആദ്യമായി: Instagzam ആയെന്ന് വിമർശനം

ഒരു ദശാബ്ദത്തിനിടയിൽ ആദ്യമായി ലോഗോ പരിഷ്‌കരിച്ച് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ് പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. ആപ്പിന്റെ പരിചിതമായ മൾട്ടികളർ ക്യാമറ ഐക്കണിന് മാറ്റമില്ല. ആപ്പിന്റെ മുകളിൽ കാണുന്ന വേഡ്മാർക്കിന് മാത്രമാണ് മെറ്റ പുതിയ രൂപം നൽകിയിരിക്കുന്നത്.
അതിനിടെ പുതിയ രൂപമാറ്റം സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിക്കുന്നത്. പുതിയ വേഡ്മാർക്ക് കൂടുതൽ വ്യക്തതയുള്ളതും ആധുനികവുമാണെന്ന് മെറ്റ അവകാശപ്പെടുന്നു. എന്നാൽ പുതിയ അക്ഷരവിന്യാസം ആപ്പിന്റെ പേര് വായിക്കാൻ പ്രയാസമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി ഉപയോക്താക്കൾ രംഗത്തെത്തി. ഇത് Instagzam എന്നാണ് വായിക്കുന്നതെന്ന് ചിലർചൂണ്ടിക്കാട്ടി. മറ്റുചിലർ Instagwam എന്നും തമാശയായി വിശേഷിപ്പിച്ചു.
ആദം മൊസ്സേരി പറയുന്നത് എന്താണ്?
10 വർഷമായി മാറ്റമില്ലാതെ തുടർന്ന ലോഗോ ആധുനികവത്കരിക്കാൻ സമയമായി എന്നാണ് പുതിയ ഡിസൈൻ പ്രഖ്യാപിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസ്സേരി പറഞ്ഞത്. 'ആപ്പിന്റെ മുകളിൽ കാണുന്ന വേഡ്മാർക്ക് 10 വർഷമായി മാറിയിട്ടില്ല. മാറ്റം വരുത്തേണ്ട സമയമായിരുന്നു.' മൊസ്സേരി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ എഴുതി. ജനങ്ങളുടെ പ്രതികരണം അറിയാനുള്ള ജിജ്ഞാസയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഇതാണ് സമ്മിശ്ര പ്രതികരണത്തിന് ഇടയാക്കിയത്. പുതിയ ഡിസൈൻ ഇൻസ്റ്റാഗ്രാമിലും എക്‌സിലും വളരെവേഗം ചർച്ചാവിഷയമായി. പല അക്ഷരങ്ങളും തിരിച്ചറിയാൻ പ്രയാസമാണെന്നാണ് നിരവധി ഉപയോക്താക്കൾ പറയുന്നത്.
Content Highlights: Instagram updated its app wordmark for the first time in 10 years., The iconic multicoloured camera icon remains unchanged., Head Adam Mosseri stated the redesign aims for a cleaner, more modern look., Users on X and Instagram criticized the new font, joking it looks like 'Instagzam' or 'Instagwam'.