ആദ്യ ഇന്ത്യൻ നിർമിത നെറ്റ്വർക്കിങ് ചിപ്പ് ‘വിഹാൻ’, രാജ്യത്തെ ഞെട്ടിച്ച് മലയാളി സ്റ്റാർട്ടപ്പ്

ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച നെറ്റ്വർക്കിങ് സിസ്റ്റം-ഓൺ-ചിപ്പ് (എസ്.ഒ.സി.) 'വിഹാൻ' പുറത്തിറക്കി മലയാളിയുടെ ഉടമസ്ഥതയിലുള്ള അഹീസ ടെക്നോളജീസ്. യശോഭൂമിയിൽ തുടങ്ങിയ സെമികോൺ ഇന്ത്യ വേദിയിലാണ് അഹീസ ഡിജിറ്റൽ ഇന്നവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ചിപ്പ് അവതരിപ്പിച്ചത്.
ഇന്ത്യയുടെ സെമികണ്ടക്ടർ സാങ്കേതികവിദ്യാരംഗത്തെ സുപ്രധാന മുന്നേറ്റമാണിതെന്നും ഇതിനകം കമ്പനി ചിപ്പ് വിപണനം തുടങ്ങിയതായും കമ്പനി മാനേജിങ് ഡയറക്ടറും തിരുവനന്തപുരം സ്വദേശിയുമായ അനിൽരാജ് തുളസീദാസ് 'മാതൃഭൂമി'യോട് പറഞ്ഞു. നിലവിൽ തായ്‌വാനിൽനിന്നുള്ള ചിപ്പുകളാണ് ഇന്ത്യയിൽ ഉപയോഗിക്കുന്നതെന്നും ആദ്യമായാണ് ഇന്ത്യയുടെ തദ്ദേശീയ ചിപ്പ് പുറത്തിറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശീയ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഡിസൈൻ ലിങ്ക്ഡ് ഇൻസെന്റീവ് (ഡി.എൽ.ഐ.) പദ്ധതിയുടെ പിന്തുണയോടെയാണ് വിഹാൻ വികസിപ്പിച്ചത്. ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ച വേഗ പ്രോസസർ ആർക്കിടെക്ചർ അടിസ്ഥാനമാക്കിയുള്ളതാണിത്. ബ്രോഡ്ബാൻഡ്, ടെലികോം, എന്റർപ്രൈസ് നെറ്റ്വർക്കുകൾ, വ്യാവസായിക മേഖല, അടുത്ത തലമുറ നെറ്റ്വർക്കിങ് സംവിധാനങ്ങൾ തുടങ്ങിയ മേഖലകളിലെ ഉപയോഗം ലക്ഷ്യമിട്ടാണ് ചിപ്പ് രൂപകല്പന ചെയ്തിരിക്കുന്നത്.
ഇന്ത്യയിൽത്തന്നെ നൂതന സെമികണ്ടക്ടർ ഉത്പന്നങ്ങൾ രൂപകല്പനചെയ്ത് വികസിപ്പിക്കാനുള്ള ശേഷി വളർന്നുവരുന്നതിന്റെ തെളിവാണ് വിഹാന്റെ ഉത്പാദനമെന്ന് അനിൽരാജ് പറഞ്ഞു. ആഭ്യന്തര സാങ്കേതികശേഷി ശക്തിപ്പെടുത്തുന്നതിനും ആഗോള നിലവാരത്തിലുള്ള ചിപ്പ് ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഇത് കൂടുതൽ കരുത്തുപകരുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ലോകോത്തര സെമികണ്ടക്ടർ സാങ്കേതികവിദ്യകൾ ഇന്ത്യയിൽ വികസിപ്പിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് വിഹാൻ പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യൻ സെമികണ്ടക്ടർ മേഖലയിലെ വളർന്നുവരുന്ന ശേഷിയും ആഗോളതലത്തിൽ മത്സരിക്കാൻ കഴിയുന്ന സിലിക്കൺ ഉത്പന്നങ്ങൾ വികസിപ്പിക്കാനുള്ള ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ കഴിവും ഈ സംരംഭം തെളിയിക്കുന്നു', അനിൽരാജ് പറഞ്ഞു.
ഇന്ത്യയെ സെമികണ്ടക്ടർ നവീകരണത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തിന് പിന്തുണ നൽകുന്നതാണ് വിഹാന്റെ അവതരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശീയ ചിപ്പ് രൂപകല്പനയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രാധാന്യവും ഈ നേട്ടം വ്യക്തമാക്കുന്നു.
ടെലികോം, ബ്രോഡ്ബാൻഡ്, എന്റർപ്രൈസ്, വളർന്നുവരുന്ന ഡിജിറ്റൽ അടിസ്ഥാനസൗകര്യ മേഖലകൾക്കായി തദ്ദേശീയ സിലിക്കൺ സാങ്കേതികവിദ്യകളും നൂതന നെറ്റ്വർക്കിങ് സംവിധാനങ്ങളും വികസിപ്പിക്കുന്ന ഇന്ത്യൻ സെമികണ്ടക്ടർ കമ്പനിയാണ് അഹീസ ടെക്നോളജീസ്. ചെന്നൈയിലും കഴക്കൂട്ടത്തും ഹരിയാണയിലെ ഗുരുഗ്രാമിലും ഇവർക്ക് നിർമാണ കേന്ദ്രങ്ങളുണ്ട്. 'മേക്ക് ഇൻ ഇന്ത്യ. ഡിസൈൻഡ് ഇൻ ഇന്ത്യ. എൻജിനീയേർഡ് ഫോർ ദ വേൾഡ്' എന്ന ആശയമാണ് വിഹാന്റെ അവതരണത്തിലൂടെ അഹീസ മുന്നോട്ടുവെക്കുന്നത്.
Content Highlights: Aheesa Technologies, led by Thiruvananthapuram native Anilraj Thulasidas, has officially launched 'Vihaan', India's first indigenously designed networking System-on-Chip (SoC) powered by the Vega processor architecture under the Centre's DLI scheme.