ചോർച്ചയുണ്ടായാൽ ഓട്ടോമാറ്റിക് ഷട്ട്-ഓഫ്; ഹൈഡ്രജൻ ട്രെയിനിലുള്ളത് മൾട്ടി ലെവൽ സുരക്ഷാ സംവിധാനം

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഫ്‌ളാഗ് ഓഫ് ചെയ്ത രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിനിൽ റെയിൽവെ ഒരുക്കിയിട്ടുള്ളത് ബഹുതല സുരക്ഷ. ഹൈഡ്രജൻ ചോർച്ച, താപനിലയിൽ ഉണ്ടാകുന്ന അസാധാരണമായ വർധന, തീ, പുക എന്നിവ നിമിഷങ്ങൾക്കുള്ളിൽ കണ്ടെത്താൻ കഴിയുന്ന സജ്ജീകരണങ്ങൾ ട്രെയിനിലുണ്ട്. ഹൈഡ്രജൻ ചോർന്നാലും അത് വായുവിൽ ലയിച്ച് സുരക്ഷിതമായി പുറത്തേക്ക് പോകുമെന്ന് ഉറപ്പാക്കുന്നതാണ് നിരന്തരം പ്രവർത്തിക്കുന്ന വെന്റിലേഷൻ സംവിധാനം. എന്തെങ്കിലും തകരാർ കണ്ടെത്തിയാൽ ഹൈഡ്രജൻ വിതരണം സ്വമേധയാ നിർത്തുന്ന ഓട്ടോമാറ്റിക് ഷട്ട്-ഓഫ് സംവിധാനവുമുണ്ട്.
ലോക്കോ പൈലറ്റിന്റെ ക്യാബിനും അധിക സുരക്ഷ ഉറപ്പാക്കിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ട്രെയിൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ പ്രത്യേക സംവിധാനവുമുണ്ട്. ട്രെയിന്റെ പ്രവർത്തനനില തത്സമയം നിരീക്ഷിക്കാൻ ഡിജിറ്റൽ ഡിസ്പ്ലേ അടക്കമുള്ളവയുണ്ട്.
ഹൈഡ്രജൻ റിഫ്യൂവലിങ് കേന്ദ്രം ജിന്ദിൽ
ട്രെയിനിനൊപ്പം രാജ്യത്തെ ഏറ്റവും വലിയ റെയിൽവേ ഹൈഡ്രജൻ റിഫ്യൂവലിങ് കേന്ദ്രവും ഹരിയാണയിലെ ജിന്ദിൽ പ്രവർത്തന സജ്ജമായിട്ടുണ്ട്. ഹൈഡ്രജൻ സംഭരണം, വിതരണം, സുരക്ഷാ സംവിധാനങ്ങൾ, എന്നിവ ഉൾപ്പെടുന്ന സമ്പൂർണ ഹൈഡ്രജൻ റെയിൽവേ ഇക്കോസിസ്റ്റമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഈ പദ്ധതിയിൽ നിന്ന് ലഭിക്കുന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കൽക്ക-ഷിംല പൈതൃക റെയിൽപാതയടക്കമുള്ള മറ്റ് റൂട്ടുകളിലും ഹൈഡ്രജൻ ട്രെയിനുകൾ വിന്യസിക്കാനുള്ള സാധ്യത ഇന്ത്യൻ റെയിൽവേ പരിശോധിക്കുന്നുണ്ട്. 99 ശതമാനത്തിലധികം ബ്രോഡ് ഗേജ് പാതകളും വൈദ്യുതീകരിച്ച ഇന്ത്യൻ റെയിൽവേ, ശുദ്ധ ഊർജത്തിലേക്കുള്ള അടുത്ത വലിയ ചുവടുവെയ്പ്പായാണ് ഹൈഡ്രജൻ ട്രെയിൻ പദ്ധതിയെ കാണുന്നത്.
ഇലക്ട്രിക് ട്രെയിനിൽനിന്ന് തികച്ചും വ്യത്യസ്തം
10 കോച്ചുകളുള്ള ട്രെയിനിൽ ഒരേസമയം ഏകദേശം 2,600 യാത്രക്കാർക്ക് സഞ്ചരിക്കാനാകും. മണിക്കൂറിൽ 75 കിലോമീറ്ററാണ് നിലവിലെ വേഗതയെങ്കിലും പരമാവധി 110 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ ട്രെയിനിന് കഴിയും.
ഓവർഹെഡ് ലൈനുകളിൽ നിന്ന് വൈദ്യുതി സ്വീകരിക്കുന്ന സാധാരണ ഇലക്ട്രിക് ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി, ഹൈഡ്രജനും അന്തരീക്ഷത്തിലെ ഓക്സിജനും തമ്മിലുള്ള രാസപ്രവർത്തനത്തിലൂടെ ട്രെയിനിനുള്ളിൽ തന്നെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യയാണ് ഈ ട്രെയിനിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ പ്രക്രിയയിലൂടെ ഉപോൽപ്പന്നങ്ങളായി പുറത്തുവരുന്നത് ജലബാഷ്പവും താപവും മാത്രമാണ്. കാർബൺ പുറന്തള്ളലോ പുകയോ ഉണ്ടാകില്ല.
വാണിജ്യാടിസ്ഥാനത്തിൽ ഹൈഡ്രജൻ യാത്രാ ട്രെയിൻ ആദ്യമായി അവതരിപ്പിച്ചത് ജർമനിയാണ്. ഫ്രാൻസ്, ഇറ്റലി, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ പരീക്ഷണാടിസ്ഥാനത്തിലോ പരിമിത സർവീസുകളായോ ഹൈഡ്രജൻ ട്രെയിനുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ അവയിൽ കൂടുതലും രണ്ട് മുതൽ നാല് കോച്ചുകൾ വരെയുള്ള ട്രെയിനുകളാണ്. 10 കോച്ചുകളും 2,600 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുമുള്ള ഇന്ത്യൻ ട്രെയിൻ ഈ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Advanced hydrogen leak detection and auto shut-off safety systems., Jindal facility serves as India's largest hydrogen refueling ecosystem., Capacity of 2,600 passengers with a top speed of 110 km/h., Hydrogen fuel cell technology produces only water vapor and heat., Strategic plans to deploy on heritage routes like Kalka-Shimla.