നേവിക്ക് അണ്ടര്‍വാട്ടര്‍ ഡ്രോണുകള്‍ ഇനി കേരളത്തില്‍നിന്ന്; 47 കോടിയുടെ കരാര്‍നേടി ഐറോവ്

ഐറോവ് സ്ഥാപകരായ കണ്ണപ്പ പളനിയപ്പയും ജോൺസ് ടി മത്തായിയും.
ഐറോവ് സ്ഥാപകരായ കണ്ണപ്പ പളനിയപ്പയും ജോൺസ് ടി മത്തായിയും.

കൊച്ചി: കേരളം ആസ്ഥാനമായ ഐറോവ് ടെക്നോളജീസ് എന്ന സ്റ്റാര്‍ട്ടപ്പിന് ഇന്ത്യന്‍ നേവിയില്‍നിന്ന് 47 കോടി രൂപയുടെ കരാര്‍. അണ്ടര്‍വാട്ടര്‍ ഡ്രോണുകള്‍ നിര്‍മിച്ചു നല്‍കുന്നതിനാണ് കരാര്‍. സമുദ്രത്തിന്റെ അടിയിലെ നിരീക്ഷണത്തിനും മറ്റുമായിരിക്കും ഇത് ഉപയോഗിക്കുക.

ഇന്ത്യയില്‍ ആദ്യമായി അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ നിര്‍മിച്ച് ശ്രദ്ധേയരായി മാറിയ സംരംഭമാണ് ഐറോവ്. ഡാമുകള്‍, എണ്ണപ്പാടങ്ങള്‍, റെയില്‍വേ പാലങ്ങള്‍ എന്നിവയുടെ അടിയില്‍ ചെന്ന് ഫോട്ടോകളും വീഡിയോകളും എടുത്ത് പരിശോധിക്കാന്‍ സഹായിക്കുന്ന ഡ്രോണുകളാണ് ഇവരുടേത്. ട്രൗട്ട് എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്.

തിരുവനന്തപുരം സിഇടിയിലെയും ഐഐടി ഡല്‍ഹിയിലെയും പൂര്‍വ വിദ്യാര്‍ഥിയായ എറണാകുളം പട്ടിമറ്റം സ്വദേശി ജോണ്‍സ് ടി. മത്തായിയും സുഹൃത്ത് കണ്ണപ്പ പളനിയപ്പയും ചേര്‍ന്ന് 2016-ലാണ് ഐറോവ് തുടങ്ങിയത്. ഇതിനോടകം, ഇന്ത്യയിലും പശ്ചിമേഷ്യയിലും യൂറോപ്പിലുമായി നൂറിലേറെ അണ്ടര്‍വാട്ടര്‍ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്.

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡിവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ), ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍) തുടങ്ങിയ സ്ഥാപനങ്ങളാണ് ഗുണഭോക്താക്കള്‍. ബിപിസിഎല്‍, ഗെയില്‍ എന്നിവയില്‍നിന്നുള്‍പ്പെടെ 16 കോടിയുടെ മൂലധന നിക്ഷേപം നേടിയിട്ടുണ്ട്.

Content Highlights: Kerala-based iRov Technologies secures a ₹47 crore Indian Navy contract to build advanced underwater drones for marine surveillance and inspection. First in India.