ജീവനക്കാരുടെ എണ്ണം കുറച്ച് പ്രമുഖ ടെക് കമ്പനികൾ; പ്രത്യേക വൈദഗ്ധ്യമുള്ളവർക്ക് ഡിമാൻഡ്

ഐ.ടി, എൻജിനീയറിങ് വിഭാഗങ്ങളിൽ ജീവനക്കാരുടെ എണ്ണം കുറച്ച് രാജ്യത്തെ പ്രമുഖ ടെക് കമ്പനികൾ. പുതുതായി നിയമനം ലഭിക്കുന്നതിനെക്കാൾ കൂടുതൽ പേർക്ക് ജോലി നഷ്ടമാകുന്നുവെന്നാണ് സ്റ്റാഫിങ് സ്ഥാപനമായ എക്സ്ഫെനോയുടെ (Xpheno) ഡാറ്റ വ്യക്തമാക്കുന്നത്. ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS), ഇൻഫോസിസ്, എച്ച്.സി.എൽ.ടെക്, വിപ്രോ, ടെക് മഹേന്ദ്ര, എൽ.ടി.ഐ മൈൻഡ്ട്രീ എന്നീ കമ്പനികളിലായി ആകെ 92,000 പേർക്ക് ജോലി നഷ്ടമായി.
കഴിഞ്ഞ ആറു മാസത്തിൽ അഞ്ചിലും ഐ.ടി, എൻജിനീയറിങ് വിഭാഗങ്ങളിൽ പുതിയ ജീവനക്കാർ നിയമിക്കപ്പെട്ടതിനെക്കാൾ കൂടുതൽ പേർക്ക് ജോലി നഷ്ടപ്പെട്ടുവെന്നാണ് കണക്കുകൾ. ഈ കാലയളവിൽ ആകെ ജീവനക്കാരുടെ എണ്ണം ഏകദേശം 3 ശതമാനം കുറഞ്ഞു. 2025 ഒക്ടോബറിലെ 822,144 എന്നതിൽ നിന്ന് 2026 ഒക്ടോബറിൽ ഇത് 797,722 ആയി കുറഞ്ഞു.
തൊഴിൽ മേഖലയിലെ മാറ്റങ്ങളും ജീവനക്കാരുടെ എണ്ണം കമ്പനികൾ ഒപ്റ്റിമൈസ് ചെയ്യുന്നതുമാണ് ഈ സ്ഥിതിവിശേഷത്തിന് കാരണമെന്ന് സ്റ്റാഫിങ് സ്ഥാപനങ്ങൾ വ്യക്തമാക്കുന്നു. ചില പരമ്പരാഗത ഐ.ടി റോളുകളിലെ പതിവ് ജോലികളുടെ ആവശ്യകത നിർമിതബുദ്ധ (എഐ) വ്യാപനം കുറച്ചിട്ടുമുണ്ട്.
പരമ്പരാഗത റോളുകൾക്ക് തിരിച്ചടി നേരിടുമ്പോൾ തന്നെ പ്രത്യേക സാങ്കേതിക വൈദഗ്ധ്യമുള്ളവരുടെ ആവശ്യം വർധിക്കുകയാണെന്നും വിദഗ്ധർ പറയുന്നു. മൊത്തത്തിലുള്ള ഐ.ടി നിയമനം 3 ശതമാനം കുറഞ്ഞെങ്കിലും, എഐ, ക്ലൗഡ്, സൈബർ സുരക്ഷ, സ്പെഷ്യലൈസ്ഡ് എൻജിനീയറിങ് റോളുകൾ എന്നിവ വർഷം തോറും 16 ശതമാനം എന്ന നിരക്കിൽ വളരുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്.
Content Highlights: Combined headcount of top Indian IT services firms fell nearly 3% to 797,722 between October 2025 and October 2026., Exits outpaced new hires in five of the last six months, resulting in a net intake drop of 24,422., AI automation and workforce optimization are reducing the need for traditional IT and manual testing roles., Demand for specialized skills like AI, cloud, and cybersecurity continues to grow at 16% year-on-year.