ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ജൂണ്‍ എട്ടിന്, ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

ശുഭാംശു ശുക്ല
ശുഭാംശു ശുക്ല

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കാലുകുത്തുന്ന ആദ്യ ഇന്ത്യന്‍പൗരനെന്ന പട്ടം ശുഭാംശു ശുക്ലയുടെ സ്വന്തമാകാന്‍ ഇനി ദിവസങ്ങള്‍മാത്രം.

ഒരുക്കങ്ങളുടെ അവസാനഘട്ടത്തിലെത്തിയ ആക്സിയം-4 പേടകം ഫ്‌ലോറിഡയിലെ കെന്നഡി സ്‌പെയ്സ് സെന്ററില്‍നിന്ന് ജൂണ്‍ എട്ടിന് കുതിക്കും. ഇന്ത്യന്‍ സമയം വൈകീട്ട് 6.41 മുന്‍പാകും ഡ്രാഗണ്‍ ബഹിരാകാശവാഹനത്തിന്റെ വിക്ഷേപണം.

ആക്സിയം-4 ദൗത്യത്തിന്റെ പൈലറ്റാണ് ശുഭാംശു ശുക്ല. 1984-ല്‍ റഷ്യയുടെ സോയൂസ് പേടകത്തില്‍ ബഹിരാകാശത്തെത്തിയ രാകേഷ് ശര്‍മയ്ക്കുശേഷം ആദ്യമായി ബഹിരാകാശത്തെത്തുന്ന ഇന്ത്യന്‍ പൗരനാകും ശുഭാംശു. കമാന്‍ഡറായ യുഎസ് ബഹിരാകാശസഞ്ചാരി പെഗ്ഗി വിറ്റ്സണടക്കം മൂന്നുപേര്‍കൂടി ദൗത്യത്തിന്റെ ഭാഗമാണ്.

അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിയുന്ന 14 ദിവസവും ഭക്ഷണവും പോഷകവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാകും ശുഭാംശു നടത്തുക. ബഹിരാകാശത്ത് പരീക്ഷണം നടത്തിയ വിത്തുകളെ ഭൂമിയിലെത്തിച്ച് കൃഷിക്കുപയോഗിക്കാനും ലക്ഷ്യമിടുന്നുണ്ട്.

അന്താരാഷ്ട്രനിലയത്തിലെ അനുഭവങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുമെന്നും അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു. 550 കോടിരൂപയാണ് ആക്സിയം -4 ദൗത്യത്തിനായി ഐഎസ്ആര്‍ഒ മുടക്കുന്നത്.

Content Highlights: Shubhshash Shukla's ISS mission, Axiom 4, June8 launch in the final phase