ബഹിരാകാശ പദ്ധതിയിൽ ഇന്ത്യ ഇനിയും മുന്നോട്ട് കുതിക്കും-സ്റ്റീവന്‍ ലീ സ്മിത്ത്

കൊച്ചി: ചാന്ദ്രയാന്‍ ദൗത്യം വിജയിക്കാന്‍ കാരണമായത് ഇന്ത്യയുടെ അക്ഷീണമായ ശ്രമങ്ങളും ധീരമായ ചിന്താഗതിയുമാണെന്ന് നാസയുെട മുന്‍ ബഹിരാകാശ സഞ്ചാരിയും സാങ്കേതിക വിദഗ്ധനുമായ സ്റ്റീവന്‍ ലീ സ്മിത്ത്. കൊച്ചിയില്‍ നടക്കുന്ന അന്താരാഷ്ട്ര ജെന്‍ എ.ഐ. ഉച്ചകോടിയില്‍ 'ബഹിരാകാശ സഞ്ചാരിയായുള്ള അനുഭവപാഠങ്ങള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശ രംഗത്ത് കൈവരിച്ച പുരോഗതിയില്‍ ഇന്ത്യക്ക് അഭിമാനിക്കാം. ബഹിരാകാശ പദ്ധതിയെ കരുത്തോടെയും ധീരതയോടെയും മുന്നോട്ടു കൊണ്ടുപോകാന്‍ ഇന്ത്യക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
നാസയ്ക്കു വേണ്ടി നാലുതവണ ബഹിരാകാശത്ത് പോയിട്ടുണ്ട് സ്റ്റീവന്‍ സ്മിത്ത്. ഈ യാത്രയില്‍ 2.57 കോടി കിലോമീറ്റര്‍ ദൂരമാണ് അദ്ദേഹം താണ്ടിയത്. ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനിയുടെ അറ്റകുറ്റപ്പണികളില്‍ ഉള്‍പ്പെടെ പങ്കാളിയായി. ഏഴ് ബഹിരാകാശ നടത്തവും അദ്ദേഹത്തിന്റെ പേരിലുണ്ട്.
എല്ലാ മേഖലയിലും നിര്‍മിതബുദ്ധി (എ.ഐ.) ചര്‍ച്ച ചെയ്യപ്പെടുന്ന വേളയാണിത്. നിര്‍മിതബുദ്ധിയിലൂടെ ജീവിതം ലളിതമാക്കാനാകും. നിര്‍മിതബുദ്ധി മേഖലയില്‍ വൈദഗ്ധ്യമുള്ളവരെ സൃഷ്ടിക്കുന്നതിന് പരിശീലനം ആവശ്യമാണ്. ഇതിനുള്ള പിന്തുണ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച കോണ്‍ക്ലേവ് സമാപിക്കും.
Content Highlights: International Ai Conclave Kochi, Steven Lee Smith, Indian Space Missions