അമേരിക്കയിലേക്കുള്ള സ്മാർട്ട് ഫോൺ കയറ്റുമതി, ചൈനയെ മറികടന്ന് ഇന്ത്യ

Photo: Gettyimages
Photo: Gettyimages

മുംബൈ: അമേരിക്കയിലേക്കുള്ള സ്മാർട്ട്ഫോൺ കയറ്റുമതിയിൽ ആദ്യമായി ചൈനയെ മറികടന്ന് ഇന്ത്യ. അമേരിക്കയുമായുള്ള പകരച്ചുങ്കത്തിന്റെ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടയിലാണ് ഈ മുന്നേറ്റം.

ടെക്നോളജി രംഗത്തെ ആഗോള അനലിസ്റ്റ് കമ്പനിയായ കാനലിസിന്റെ റിപ്പോർട്ട് പ്രകാരം ഏപ്രിൽ-ജൂൺ കാലയളവിൽ അമേരിക്കയിലേക്കെത്തുന്ന സ്മാർട്ട്ഫോണുകളിൽ 44 ശതമാനം വരെ ഇന്ത്യയിൽനിന്നുള്ളതാണ്. ഒരു വർഷത്തിനിടെ ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയിൽ 240 ശതമാനമാണ് വർധന. 2024 ഏപ്രിൽ-ജൂൺ മാസക്കാലത്ത് ഇന്ത്യയിൽനിന്നുള്ള വിഹിതം 13 ശതമാനം മാത്രമായിരുന്നു. അതേസമയം, ചൈനയിൽനിന്നുള്ള ഫോൺ ഇറക്കുമതി മുൻവർഷത്തെ 61 ശതമാനത്തിൽനിന്ന് 25 ശതമാനമായി കുറഞ്ഞതായും കാനലിസ് പറയുന്നു.

ആപ്പിളിന്റെ വിതരണശൃംഖലയിലെ മാറ്റമാണ് അമേരിക്കയിലേക്കുള്ള സ്മാർട്ട്ഫോണുകളിൽ കൂടുതൽ ഇന്ത്യയിൽനിന്നാകാൻ കാരണമെന്ന് കാനലിസ് പ്രിൻസിപ്പൽ അനലിസ്റ്റ് സന്യം ചൗരസ്യ വ്യക്തമാക്കി. ചൈനയ്ക്കുള്ള പകരച്ചുങ്കം ഉയർത്തിയതിനെത്തുടർന്ന് ഇന്ത്യയിൽ ഉത്പാദനശേഷി ഉയർത്തിക്കൊണ്ടിരിക്കുകയാണ് ആപ്പിൾ. കോവിഡിനുശേഷം ചൈനയ്ക്കൊപ്പം മറ്റൊരു ഉത്പാദനകേന്ദ്രമെന്ന ലക്ഷ്യമാണ് ആപ്പിളിനെ ഇന്ത്യയിലെത്തിച്ചത്.

അതിനിടെ തമിഴ്നാട് കേന്ദ്രീകരിച്ച് കൂടുതൽ നിക്ഷേപത്തിന് ആപ്പിളും അനുബന്ധ ഘടകനിർമാതാക്കളും തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. ഏകദേശം 30,000 കോടിയോളം രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.

സാംസങ്, മോട്ടറോള കമ്പനികളും ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി കൂട്ടിയിട്ടുണ്ട്. എന്നാൽ, ആപ്പിളിനെയപേക്ഷിച്ച് ഇതിന് വേഗംകുറവാണെന്ന് കാനലിസ് പറയുന്നു. മോട്ടറോളയുടെ പ്രധാന ഉത്പാദനകേന്ദ്രം ഇപ്പോഴും ചൈനയാണ്. സാംസങ് വിയറ്റ്നാമിനെയാണ് കൂടുതലായി ആശ്രയിക്കുന്നത്.

ചൈനയിൽ സ്റ്റോർ പൂട്ടി ആപ്പിൾ

:ചൈനയിൽ ഒരു സ്റ്റോറിന്റെ പ്രവർത്തനം നിർത്തി ആപ്പിൾ. ചോങ്ഷാൻ ജില്ലയിലെ പാർക്ക് ലാൻഡ് മാളിലുള്ള ആപ്പിൾ സ്റ്റോറിന്റെ പ്രവർത്തനം ഓഗസ്റ്റ് ഒൻപതുമുതൽ നിർത്തുമെന്നാണ് ആപ്പിൾ പ്രഖ്യാപിച്ചത്. നിലവിൽ കമ്പനിക്ക് 56 സ്റ്റോറുകളാണ് ചൈനയിലുള്ളത്. ആഗോളതലത്തിലുള്ള 530 സ്റ്റോറുകളിൽ പത്തുശതമാനത്തോളം വരുമിത്.

Content Highlights: India`s smartphone exports to the US surged 240% YoY, exceeding China for the first time