ഇന്ത്യയിൽനിന്ന് സിംഗപ്പുരിലേക്ക് വൈദ്യുതി ലൈൻ വരുന്നു, 3000 കിലോമീറ്റർ ദൈർഘ്യം; ലക്ഷ്യം ഊർജസുരക്ഷ

ഇന്ത്യയേയയും സിംഗപ്പൂരിനെയും ബന്ധിപ്പിച്ചുകൊണ്ട് 3000 കിലോമീറ്റർ ർൈഘ്യമുള്ള വൈദ്യുതി ലൈൻ വരുന്നു. സിയാൻ (അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്) പവർ ഗ്രിഡ് പ്രോജക്റ്റിന്റെ ഭാഗമായാണിത്. 2,000 മെഗാവാട്ട് (MW) ശേഷിയുള്ള അതിർത്തി കടന്നുള്ള വൈദ്യുതി ലൈനാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ സ്ഥാപിക്കാനൊരുങ്ങുന്നത്. പദ്ധതി യാഥാർഥ്യമാക്കാൻ ഇന്ത്യയും സിംഗപ്പുരും പ്രവർത്തിച്ചുവരികയാണെന്ന് പവർ ആൻഡ് ന്യൂ ആൻഡ് റിന്യൂവബിൾ എനർജി സഹമന്ത്രി ശ്രീപാദ് നായിക് പറഞ്ഞു.
3000 കിലോമീറ്റർ ദൈർഘ്യമുള്ള ലൈൻ കരമാർഗം
മണിപ്പുരിലെ ഇംഫാലിനെ സിംഗപ്പൂരുമായി ബന്ധിപ്പിക്കുന്ന ഏകദേശം 3,000 കിലോമീറ്റർ ദൈർഘ്യമുള്ള ട്രാൻസ്മിഷൻ ഇടനാഴിയാണ് പരിഗണനയിലുള്ള ഓപ്ഷനുകളിൽ ഒന്ന്. മ്യാൻമർ, തായ്‌ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങളിലൂടെ കരമാർഗമുള്ള വൈദ്യുതി ലൈൻ കടന്നുപോകും.
ഊർജ സുരക്ഷ ശക്തിപ്പെടുത്താനുള്ള നീക്കം
അതിർത്തി കടന്നുള്ള വൈദ്യുതി വ്യാപാരം സുഗമമാക്കാനും, ശുദ്ധമായ ഊർജ്ജ ഉപയോഗത്തെ പിന്തുണയ്ക്കാനും, പ്രാദേശിക ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്താനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിർദിഷ്ട പദ്ധതി ഈ ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കുമെന്ന് ഫിലിപ്പീൻസിലെ മനിലയിൽ നടന്ന 20-ാമത് ഈസ്റ്റ് ഏഷ്യ എനർജി മിനിസ്റ്റേഴ്‌സ് സമ്മിറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കവെ കേന്ദ്ര സഹമന്ത്രി ശ്രീപാദ് നായിക് പറഞ്ഞു.
പുനരുപയോഗ ഊർജ്ജ വിന്യാസം, ഗ്രിഡ് ഇന്റഗ്രേഷൻ, ട്രാൻസ്മിഷൻ പ്ലാനിങ്, എനർജി സ്റ്റോറേജ്, ഗ്രീൻ ഹൈഡ്രജൻ, ശുദ്ധമായ മറ്റ് ഊർജ്ജ സാങ്കേതികവിദ്യകൾ എന്നിവയിലെ അറിവുകൾ പങ്കുവെക്കാൻ ഇന്ത്യ തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എൻടിപിസി, പവർ ഗ്രിഡ് കോർപ്പറേഷൻ, സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിൻഡ് എനർജി (എൻഐഡബ്ല്യുഇ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളാർ എനർജി (എൻഐഎസ്ഇ) എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ സ്ഥാപനങ്ങളും ആസിയാൻ സെന്റർ ഫോർ എനർജിയും തമ്മിലുള്ള ബന്ധം ഇനിയും ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പവർ ഗ്രിഡ് വ്യാപിപ്പിക്കാൻ ഇന്ത്യ
വൈദ്യുതി വിതരണ ശൃംഖല അയൽ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ ഊർജിതമാക്കുന്നതിനിടയിലാണ് ഈ നിർദ്ദേശം എന്നത് ശ്രദ്ധേയമാണ്. നിലവിൽ ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ, ഭൂട്ടാൻ എന്നിവയുമായി ഇന്ത്യയ്ക്ക് വൈദ്യുതി രംഗത്തെ സഹകരണമുണ്ട്. ഈ രാജ്യങ്ങളിലേക്ക് ഇന്ത്യ വൈദ്യുതി നൽകുകയും ചെയ്യുന്നുണ്ട്. ശ്രീലങ്കയുമായുള്ള ഇന്റർകണക്ഷനെക്കുറിച്ചുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. കൂടാതെ സൗദി അറേബ്യ, യുഎഇ എന്നിവയുടെ പവർ ഗ്രിഡുകളുമായി ഇന്ത്യയുടെ പവർ ഗ്രിഡ് ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികളും പരിഗണനയിലുണ്ട്.
Content Highlights: India and Singapore are exploring a 2,000 MW cross-border power interconnection project., A 3,000 km land-based transmission corridor is under consideration connecting Imphal to Singapore via Myanmar, Thailand, and Malaysia., The project supports the ASEAN Power Grid and clean energy integration., India emphasized its commitment to regional energy cooperation at the 20th East Asia Summit Energy Ministers' Meeting.