'സഞ്ചാര്‍ സാഥി' ആപ്പ് എല്ലാ ഫോണിലും പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുമോ? പ്രതികരിക്കാതെ ആപ്പിള്‍ അടക്കമുള്ളവ

സൈബര്‍ സുരക്ഷ ഉറപ്പാന്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രധാന നടപടിക്കൊരുങ്ങുന്നതായി വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. എല്ലാ പുതിയ സ്മാര്‍ട്ട്‌ഫോണുകളിലും ഡിലീറ്റ് ചെയ്യാന്‍ സാധിക്കാത്ത രീതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളോട് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടതായയാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ഉത്തരവ് ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.
'സഞ്ചാര്‍ സാഥി' ആപ്പ് ആണ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്. സ്വകാര്യതയ്ക്കുവേണ്ടി വാദിക്കുന്ന ആപ്പിള്‍ അടക്കമുള്ള നിര്‍മാതാക്കള്‍ ഈ നീക്കത്തോട് എങ്ങനെ പ്രതികരിക്കും എന്നതില്‍ വ്യക്തതയില്ല. 120 കോടിയിലധികം വരിക്കാരുള്ള ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ടെലിഫോണ്‍ വിപണികളിലൊന്നാണ്. ജനുവരിയില്‍ പുറത്തിറക്കിയ ഈ ആപ്പ് ഒക്ടോബറില്‍ മാത്രം 700,000-ല്‍ അധികം നഷ്ടപ്പെട്ട ഫോണുകള്‍ വീണ്ടെടുക്കാന്‍ സഹായിച്ചുവെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
സര്‍ക്കാറിന്റെ ആന്റി-സ്പാം മൊബൈല്‍ ആപ്പുമായി ബന്ധപ്പെട്ട് അധികൃതരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്ന ആപ്പിള്‍, സാംസങ്, വിവോ, ഓപ്പോ, ഷവോമി എന്നിവ ഉള്‍പ്പെടെയുള്ളവയ്ക്ക് പുതിയ ഉത്തരവ് ബാധകമാണെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നവംബര്‍ 28-നാണ് ഉത്തരവ് ഇറങ്ങിയതെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. പുതിയ മൊബൈല്‍ ഫോണുകളില്‍ സര്‍ക്കാരിന്റെ 'സഞ്ചാര്‍ സാഥി' ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ക്ക് ഉത്തരവില്‍ 90 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ഇത് പ്രവര്‍ത്തനരഹിതമാക്കാന്‍ കഴിയരുത് എന്ന വ്യവസ്ഥയുമുണ്ട്.
വിതരണത്തിനായി എത്തിച്ചിട്ടുള്ള ഫോണുകളില്‍ സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റിലൂടെ നിര്‍മ്മാതാക്കള്‍ ഈ ആപ്പ് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്. ഈ ഉത്തരവ് പരസ്യമാക്കിയിട്ടില്ലെന്നും കമ്പനികളെ സ്വകാര്യമായി അറി യിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിപ്പുകള്‍ക്കടക്കം വഴിവയ്ക്കുന്ന വ്യാജ ഐഎംഇഐ നമ്പറുകളില്‍ നിന്നുള്ള സൈബര്‍ സുരക്ഷാ ഭീഷണികളെ നേരിടാന്‍ ഈ ആപ്പ് അത്യന്താപേക്ഷിതമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്വന്തം ആപ്പുകള്‍ ആപ്പിള്‍ ഫോണുകളില്‍ പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യാറുണ്ടെങ്കിലും സ്മാര്‍ട്ട്‌ഫോണ്‍ വില്‍ക്കുന്നതിന് മുമ്പ് ഏതെങ്കിലും സര്‍ക്കാര്‍ അല്ലെങ്കില്‍ തേഡ് പാര്‍ട്ടി ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കമ്പനിയുടെ നയം അനുവദിക്കുന്നില്ല എന്നാണ് നിരീക്ഷകര്‍ പറയുന്നത്. സര്‍ക്കാരുകളില്‍ നിന്നുള്ള ഇത്തരം അഭ്യര്‍ഥനകള്‍ ആപ്പിള്‍ മുന്‍പ് നിരസിച്ചിട്ടുണ്ടെന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് ഡയറക്ടര്‍ തരുണ്‍ പതക് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കുന്നതിന് പകരം, ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരുമായി അവര്‍ ചര്‍ച്ച നടത്തുകയും ഒരു സമവായത്തില്‍ എത്തുകയും ചെയ്യാനാണ് സാധ്യത എന്നാണ് വിലയിരുത്തപ്പെടുന്നത്.
നിര്‍ണായക നീക്കത്തെക്കുറിച്ച് ആപ്പിള്‍, ഗൂഗിള്‍, സാംസങ്, ഷവോമി എന്നിവ പ്രതികരിച്ചില്ല. ടെലികോം മന്ത്രാലയവും പ്രതികരിച്ചിട്ടില്ല. സംശയാസ്പദമായ കോളുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും, ഐഎംഇഐ പരിശോധിക്കാനും, ഒരു സെന്‍ട്രല്‍ രജിസ്ട്രി വഴി മോഷ്ടിക്കപ്പെട്ട ഉപകരണങ്ങള്‍ ബ്ലോക്ക് ചെയ്യാനും സഹായിക്കുന്നതാണ് സര്‍ക്കാരിന്റെ സഞ്ചാര്‍ സാഥി ആപ്പ്.
Content Highlights: India`s telecoms ministry orders all new smartphones to include a non-removable cyber security app. Impacting Apple, Samsung, & more. Learn about the Sanchar Saathi app & its purpose.