6.5 ടൺ ഭാരം, ബാഹുബലി എന്ന് ചെല്ലപ്പേര്; ‘ബ്ലൂബേർഡ്-6’ ISROയുടെ ചരിത്രത്തിലെ വഴിത്തിരിവാകുമ്പോൾ

#ടെക്നോളജി ഡെസ്ക്
LVM3 റോക്കറ്റ് | ഫോട്ടോ: PTI
LVM3 റോക്കറ്റ് | ഫോട്ടോ: PTI

6.5 ടൺ ഭാരം, 43.5 മീറ്റർ ഉയരം. ഇന്ത്യയിൽനിന്ന് വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹം എന്ന ഖ്യാതി ഇനി ബ്ലൂബേർഡ്-6 ന് സ്വന്തം. ഐഎസ്ആർഒയുടെ കരുത്തുറ്റ വിക്ഷേപണ വാഹനമായ എൽവിഎം-3യുടെ ചിറകിലേറി ബ്ലൂബേർഡ്-6 കുതിച്ചു. ഇതാണ് നമ്മുടെ വിക്ഷേപണ വാഹനങ്ങൾ ഇന്ത്യയിൽനിന്ന് ഉയർത്തിയ ഏറ്റവും ഭാരമേറിയ ഉപഗ്രഹമെന്നാണ് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ നേരത്തേ പ്രതികരിച്ചത്. റോക്കറ്റിന് മൂന്ന് ഘട്ടങ്ങളാണുള്ളത്. ഇതിൽ രണ്ട് എസ്200 സോളിഡ് ബൂസ്റ്ററുകൾ, എൽ110 ലിക്വിഡ് കോർ സ്റ്റേജ്, സി25 ക്രയോജനിക് അപ്പർ സ്റ്റേജ് എന്നിവ ഉൾപ്പെടുന്നു.

ഇന്ത്യയുടെ ബഹിരാകാശ വിപണിയിലെ വാണിജ്യപരമായ വളർച്ചയിൽ ഈ ദൗത്യം നിർണ്ണായകമായ ഘട്ടമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ടെലികോം ടവറുകളുടെയോ കേബിളുകളുടെയോ സഹായമില്ലാതെ സാധാരണ മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനം എത്തിക്കുകയെന്നതാണ് ബ്ലൂബേർഡ് ഉപഗ്രഹത്തിന്റെ ദൗത്യം. വിക്ഷേപണത്തിന് മേൽനോട്ടം വഹിക്കാൻ ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ സന്നിഹിതനായിരുന്നു. വൺവെബ്ബ് (OneWeb) ദൗത്യങ്ങൾക്ക് ശേഷം എൽവിഎം3 ഉപയോഗിച്ച് നടത്തുന്ന പ്രധാന വാണിജ്യ പ്രവർത്തനം കൂടിയാണിത്.

ദൗത്യത്തിന്റെ മറ്റു പ്രത്യേകതകൾ എന്തെല്ലാമെന്ന് നോക്കാം.

  • ബാഹുബലി എന്നാണ് 43.5 മീറ്റർ ഉയരവും 640 ടൺ ഭാരവുമുള്ള LVM3 യുടെ ഇരട്ടപ്പേര്. ഇത് ഇന്ത്യയുടെ ഏറ്റവും ശക്തമായ റോക്കറ്റാണ്. GTOയിലേക്ക് 4,200 കിലോഗ്രാം ഭാരം ഉയർത്താനും LEOയിലേക്ക് ഇതിലും കൂടുതൽ ഉയർത്താനും ഈ റോക്കറ്റിന് കഴിയും.
  • ഏകദേശം 6,100 കിലോഗ്രാം ആണ് ബ്ലൂബേർഡ്-6 ന്റെ ഭാരം. ഇത് ഇന്ത്യൻ റോക്കറ്റ് വിക്ഷേപിച്ചതിൽ ഏറ്റവും ഭാരമേറിയ പേലോഡ് ആണ്.
  • 2023-ൽ ചന്ദ്രയാൻ-3 ഉൾപ്പെടെ ഏഴ് ദൗത്യങ്ങളിൽ 100% വിജയനിരക്ക് നേടിയ ചരിത്രമുണ്ട് LVM3 ക്ക്.
  • LVM3-M6 എന്ന് പേരിട്ടിരിക്കുന്ന ഈ വിക്ഷേപണം, റോക്കറ്റിന്റെ എട്ടാമത്തെ പറക്കലും മൂന്നാമത്തെ സമർപ്പിത വാണിജ്യ ദൗത്യവുമാണ്, ഇത് ആഗോള വിക്ഷേപണ വിപണിയിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പങ്കിന് ഊന്നൽ നൽകുന്നതാണ്.
  • ഉപഗ്രഹത്തിൽ 2,200 ചതുരശ്ര മീറ്റർ (2,400 ചതുരശ്ര അടി) വ്യാപ്തിയുള്ള ഒരു ഫേസ്ഡ് അറേ ആന്റിന ഉണ്ട്. ഇത് ലോ എർത്ത് ഓർബിറ്റിൽ വിന്യസിച്ചിട്ടുള്ളതിൽ ഏറ്റവും വലുതാണ്. മുൻഗാമികളെക്കാൾ 10 മടങ്ങ് ഡാറ്റാ ശേഷിയുമുണ്ടിതിന്. ഈ സാങ്കേതികവിദ്യ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് 4G, 5G വോയ്‌സ്, വീഡിയോ കോളുകൾ, ടെക്സ്റ്റ് മെസേജിംഗ്, ഹൈ-സ്പീഡ് ഇന്റർനെറ്റ് എന്നിവ ലഭ്യമാക്കാൻ സഹായിക്കും
  • ടെലികോം ടവറുകളുടെയോ കേബിളുകളുടെയോ സഹായമില്ലാതെ സാധാരണ മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനം എത്തിക്കാൻ ദൗത്യത്തിലൂടെ സാധിക്കും.
  • ഇന്ത്യയെ ഉയർന്നുവരുന്ന വാണിജ്യ വിക്ഷേപണ രംഗത്തേക്ക് പ്രവേശിപ്പിക്കുന്നതാണ് ഈ ദൗത്യം. സ്പേസ്എക്സ്, അരിയാൻസ്‌പേസ്, റോസ്കോസ്മോസ് തുടങ്ങിയ ഭീമന്മാരുമായിട്ടാവും ഇനി ഇന്ത്യയുടെ മത്സരം.

Content Highlights: India's LVM3 Rocket Achieves New Payload Milestone: BlueBird 6 Launch Success, Key Features