രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ: ഡിസ്‌പെൻസറുകളക്കം നിർമിച്ചത് കൊച്ചിയിലെ ഫ്‌ളൂയീട്രോൺ

#ടെക്‌നോളജി ഡെസ്‌ക്
1. രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍. 2. ഷാജു എസ്
1. രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍. 2. ഷാജു എസ്

കൊച്ചി: ലോകത്തെ ഏറ്റവും കരുത്തുള്ള ഹൈഡ്രജൻ ട്രെയിനുമായി ഇന്ത്യ കുതിക്കുമ്പോൾ പിന്നിൽ മലയാളിയുടെ കരസ്പർശവും. ഈ ട്രെയിനിൽ ഹൈഡ്രജൻ സംഭരിക്കാനുള്ള ഡിസ്‌പെൻസറുകളും ഉയർന്ന മർദത്തിലേക്ക് മാറ്റാനുള്ള ഉപകരണങ്ങളും കൊച്ചിയിലെ ഫ്‌ളൂയീട്രോൺ ഇന്ത്യ ആണ് നിർമിച്ചത്.

''പരിസ്ഥിതി നശിപ്പിക്കാത്ത ഇന്ധനത്തിനായുള്ള അന്വേഷണമാണ് ലോകമെങ്ങും നടക്കുന്നത്. ഹൈഡ്രജൻ ട്രെയിൻ അതിലൊരു കുതിപ്പാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാഗത്തുനിന്നുവന്ന ഒരു നിർദേശമാണ് ഹൈഡ്രജൻ ട്രെയിനിലെത്തിയത്.'' ഉദ്ഘാടനംനടന്ന ഹരിയാണയിലെ ജിന്ദിൽനിന്ന് ഫോണിൽ സംസാരിക്കവേ കമ്പനിയുടെ ഡയറക്ടർ ഓപ്പറേഷൻസ് ഷാജു എസ്. പറഞ്ഞു.

തൃപ്പൂണിത്തുറ സ്വദേശിയായ ഷാജു ഭാരത് പെട്രോളിയത്തിലും കൊച്ചി എണ്ണശുദ്ധീകരണശാലയിലും പ്രവർത്തിച്ച് വിരമിച്ചശേഷമാണ് ഫ്‌ളൂയീട്രോണിൽ ചേർന്നത്. മലയാളിയായ ടോം ജോസഫാണ് കമ്പനി പ്രസിഡന്റും സി.ഇ.ഒ.യും. കാക്കനാട് സ്‌പെഷ്യൽ ഇക്കണോമിക് സോണിലാണ് കമ്പനി പ്രവർത്തിക്കുന്നത്.

[object Object]

'നമോ ഗ്രീൻ ട്രെയിൻ

ജിന്ദ് (ഹരിയാണ): രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനെന്നും ലോകത്തിലെ ഏറ്റവും നീളമേറിയ ബ്രോഡ്‌ഗേജ് ഹൈഡ്രജൻ ട്രെയിനെന്നും ഖ്യാതിയുള്ള 'നമോ ഗ്രീൻ ട്രെയിനി'ന്റെ കന്നിസർവീസ് ഹരിയാണയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്.

എണ്ണപ്രതിസന്ധിക്കിടയിലും ഇന്ത്യയുടെ വികസനം സ്തംഭിച്ചില്ലെന്നതിന്റെ തെളിവാണ് എച്ച് ട്രെയിനെന്ന് മോദി വ്യക്തമാക്കി. ''2014-നുമുൻപായിരുന്നു പശ്ചിമേഷ്യൻ സംഘർഷംപോലുള്ള സാഹചര്യം ഉണ്ടായതെങ്കിൽ ഇന്ത്യൻ റെയിൽവേ സ്തംഭിക്കുമായിരുന്നു. കാരണം, അന്ന് മിക്ക ട്രെയിനിലും ഡീസൽ എൻജിനായിരുന്നു. എന്നാൽ, 12 വർഷത്തിനിടെ 99 ശതമാനം ശൃംഖലയും വൈദ്യുതീകരിച്ചു. ഇപ്പോൾ ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ട്രെയിനുമെത്തി'' -മോദി കൂട്ടിച്ചേർത്തു. ''കൽക്കരി, നീരാവി എന്നിവയിൽനിന്ന് ശുദ്ധവും സുസ്ഥിരവുമായ ഊർജസ്രോതസ്സുകളിലേക്കുള്ള റെയിൽവേയുടെ പരിണാമത്തിലെ പുതിയ അധ്യായമാണ് ഈ നാഴികക്കല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

യാത്ര

പ്രതിദിനം രണ്ടുറൗണ്ട് ട്രിപ്പുകളാണ് നിലവിൽ ഷെഡ്യൂൾചെയ്തിട്ടുള്ളത്. ഒരു വശത്തേക്കുള്ള യാത്രയ്ക്ക് രണ്ടുമണിക്കൂറെടുക്കും. ജിന്ദിൽനിന്ന് രാവിലെ 7.40ന് പുറപ്പെടുന്ന ട്രെയിൻ 9.40ന് സോനിപ്പത്തിലെത്തും. തിരിച്ച് 10.40ന് സോനിപ്പത്തിൽനിന്ന് പുറപ്പെട്ട് ഒരു മണിക്ക് ജിന്ദിലെത്തും. നിരക്ക് പത്തുമുതൽ 35 രൂപവരെയാണ് പ്രതീക്ഷിക്കുന്നത്.

നോർത്തേൺ റെയിൽവേയുടെ ഡൽഹി ഡിവിഷന് കീഴിലുള്ള 89 കിലോമീറ്റർ ദൈർഘ്യമുള്ള ജിന്ദ്-സോനിപ്പത് റൂട്ടിലാണ് സർവീസ്. 74010/74009 നമ്പറുകളിൽ സർവീസ് നടത്തുന്ന ഈ ട്രെയിനിന് യാത്രയ്ക്കിടയിൽ 12 സ്റ്റേഷനുകളുണ്ടാകും.

Content Highlights: India launches its first hydrogen-powered train, the 'Namo Green Train'., Kochi-based Fluidotron manufactured essential hydrogen dispensers and high-pressure components., The train operates on the 89km Jind-Sonipat route with two daily round trips., This initiative marks a major shift from fossil fuels to sustainable energy in Indian Railways.