രാജ്യത്ത് പ്രതിദിനം 75 കോടി UPI ഇടപാടുകൾ, ഇന്റർനെറ്റ് കണക്ഷനുകൾ 107 കോടി

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

യൂണിഫൈഡ് പേയ്മെന്റ്‌സ് ഇന്റർഫേസ് (യുപിഐ) പ്രതിദിനം കൈകാര്യം ചെയ്യുന്നത് ഏകദേശം 75 കോടി ഇടപാടുകൾ. രാജ്യത്തെ ഇന്റർനെറ്റ് കണക്ഷനുകൾ 107 കോടി കവിഞ്ഞെന്നും ഇലക്ട്രോണിക്‌സ് - വിവരസാങ്കേതികവിദ്യ സെക്രട്ടറി എസ്. കൃഷ്ണൻ വെളിപ്പെടുത്തിയതായി എൻഡിടിവി റിപ്പോർട്ടു ചെയ്യുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ വൻതോതിൽ വികസിച്ചതായി കണക്കുകൾ നിരത്തി അദ്ദേഹം പറയുന്നു. ബ്രോഡ്ബാൻഡ് വരിക്കാരുടെ എണ്ണം ഏകദേശം 100 കോടിയിലെത്തി. സർക്കാരിന്റെ ഡിജിറ്റൽ ഡോക്കുമെന്റ് സ്‌റ്റോറേജ് പ്ലാറ്റ്ഫോമായ ഡിജി ലോക്കറിന് 70 കോടിയിലധികം ഉപയോക്താക്കളുണ്ട്.

രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റുകളിൽ വിപ്ലവം സൃഷ്ടിച്ച യുപിഐ അന്താരാഷ്ട്ര തലത്തിലും അംഗീകാരം നേടി മുന്നേറുകയാണ്. അന്താരാഷ്ട്ര നാണയ നിധി (IMF) അതിനെ ലോകത്തെ ഏറ്റവും വലിയ റിയൽ ടൈം പേയ്മെന്റ് സംവിധാനമായാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഒമ്പത് രാജ്യങ്ങളിൽ യുപിഐ-ലിങ്ക്ഡ് സംവിധാനങ്ങൾ ഇതിനോടകം ലഭ്യമാണ്. വരും വർഷങ്ങളിൽ കൂടുതൽ രാജ്യങ്ങൾ ഇതിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ക്ഷേമപദ്ധതികളുടെ ആനുകൂല്യം ഗുണഭോക്താക്കൾക്ക് നേരിട്ട് കൈമാറുന്ന 323 ഡിബിടി (ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ) പദ്ധതികൾ നിലവിൽ സർക്കാർ നടപ്പാക്കുന്നുണ്ട്. ഗുണഭോക്താക്കൾക്ക് നേരിട്ട് 51.5 ലക്ഷം കോടി രൂപയിലധികം ഇതിനകം കൈമാറി. ഇത് സാമ്പത്തിക ചോർച്ച കുറയ്ക്കുകയും ക്ഷേമ പദ്ധതികളുടെ വിതരണത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

2014 മുതൽ ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് ഉത്പന്ന നിർമ്മാണ മേഖലയിൽ വലിയ മാറ്റം വന്നിട്ടുണ്ട്. അതിനുമുമ്പ് രാജ്യത്തിനാവശ്യമായ ഭൂരിഭാഗം സ്മാർട്ട്ഫോണുകളും ഇറക്കുമതി ചെയ്യുകയായിരുന്നു. എന്നാൽ ഇപ്പോൾ ആ സ്ഥിതി മാറി. ഇന്ന് സ്മാർട്ട്ഫോണുകൾ ഇന്ത്യയുടെ പ്രധാനപ്പെട്ട കയറ്റുമതി ഇനങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട്.

സെമികണ്ടക്ടർ രംഗത്തെ രജ്യത്തിന്റെ മുന്നേറ്റം വേഗത കൈവരിച്ച് തുടങ്ങിയിട്ടുണ്ട്. ഇതുവരെ പന്ത്രണ്ട് സെമികണ്ടക്ടർ പ്രോജക്റ്റുകൾക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. നിർമിതബുദ്ധിയുടെ (AI) രംഗത്ത് ലോകമെമ്പാടും ഉണ്ടാകുന്ന സംഭവവികാസങ്ങൾ ഇന്ത്യ നിരീക്ഷിച്ചു വരികയാണ്. ആഭ്യന്തര എഐ മോഡലുകളും അനനബന്ധ സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ സർക്കാർ പിന്തുണയ്ക്കുന്നുണ്ട്. എഐ അടക്കമുള്ള നിർണായക സാങ്കേതികവിദ്യകളിൽ ഇന്ത്യ തന്ത്രപരമായ സ്വയംഭരണാവകാശം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേർത്തതായി എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു.

Content Highlights: UPI processes nearly 75 crore daily transactions globally recognized by IMF., 107 crore internet connections and 100 crore broadband subscribers achieved., Direct Benefit Transfer has successfully distributed over Rs 51.5 lakh crore., Significant shift in electronics manufacturing from import-heavy to export-led., Strategic focus on indigenous AI models and semiconductor manufacturing.