വരുന്നൂ, സൈബർ കമാൻഡോകൾ, പുതിയ പദ്ധതിയുമായി കേന്ദ്രം

#പ്രകാശൻ പുതിയേട്ടി
പ്രതീകാത്മക ചിത്രം | ഫോട്ടോ: Canva
പ്രതീകാത്മക ചിത്രം | ഫോട്ടോ: Canva

ന്യൂഡൽഹി: സൈബർ തട്ടിപ്പുതടയാൻ അഞ്ചുവർഷത്തിനുള്ളിൽ വിദഗ്ധരായ അയ്യായിരം സൈബർ കമാൻഡോകളെ വിന്യസിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്റർ (ഐ4സി) ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഇതടക്കം നാലു സുപ്രധാന സംരംഭങ്ങൾക്ക് കേന്ദ്രസർക്കാർ തുടക്കംകുറിച്ചു. സൈബർ കുറ്റകൃത്യ ലഘൂകരണകേന്ദ്രം (സി.എഫ്.എം.സി.), സൈബർ കുറ്റം അന്വേഷിക്കാൻ സംയുക്തവേദിയായി സമന്വയ ആപ്പ്, സാമ്പത്തികത്തട്ടിപ്പ് തടയാൻ സംശയകരമായ വ്യക്തികളുടെയും സാഹചര്യങ്ങളുടെയും രജിസ്റ്റർ എന്നിവ ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനംചെയ്തു.

വിജ്ഞാൻ ഭവനിൽനടന്ന ചടങ്ങിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരേയുള്ള ഓൺലൈൻകുറ്റകൃത്യം തടയുന്നതിലെ മികവിനുള്ള പുരസ്‌കാരം കേരള പോലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബ്, സൈബർ എസ്.പി. ഹരിശങ്കർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

• സൈബർ ഫ്രോഡ് മിറ്റിഗേഷൻ സെന്റർ: ബാങ്കുകൾ, സാമ്പത്തിക ഇടനിലക്കാർ, പേയ്‌മെന്റ് അഗ്രഗേറ്റർമാർ, ടെലികോം സേവനദാതാക്കൾ, ഐ.ടി. ഇടനിലക്കാർ, സംസ്ഥാന-കേന്ദ്രഭരണ നിയമനിർവഹണ ഏജൻസികൾ എന്നിവയുടെ പ്രതിനിധികളുമായി ന്യൂഡൽഹിയിൽ സൈബർ കുറ്റകൃത്യ ലഘൂകരണകേന്ദ്രം. ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യം കൈകാര്യം ചെയ്യുന്നതിനടക്കം ഇവർ ഒരുമിച്ച് പ്രവർത്തിക്കും

• സമന്വയ പ്ലാറ്റ്‌ഫോം: സൈബർ കുറ്റകൃത്യങ്ങൾ, ഡേറ്റ പങ്കിടൽ, ക്രൈം മാപ്പിങ് ഡേറ്റാ അനലിറ്റിക്‌സ്, ക്രമസമാധാനപാലന ഏജൻസികൾക്കായുള്ള സഹകരണം, ഏകോപനം എന്നിവയ്ക്കായി മാത്രമുള്ള വേദി

• സൈബർ കമാൻഡോസ്: സൈബർ സുരക്ഷാ ഭീഷണി നേരിടാൻ സംസ്ഥാനങ്ങൾ, കേന്ദ്രഭരണപ്രദേശങ്ങൾ, കേന്ദ്ര പോലീസ് എന്നിവിടങ്ങളിൽ പരിശീലനം ലഭിച്ച ‘സൈബർ കമാൻഡോകളുടെ’ പ്രത്യേകവിഭാഗം. ഡിജിറ്റലിടം സുരക്ഷിതമാക്കാൻ സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും കേന്ദ്ര ഏജൻസികളെയും സഹായിക്കും

• സംശയരജിസ്റ്റർ: സൈബർ കുറ്റം ചെയ്യുന്നവരെക്കുറിച്ച് സംസ്ഥാനങ്ങൾക്ക് പ്രത്യേകം രജിസ്ട്രി എന്നതിനുപകരം പൊതുരജിസ്റ്റർ തയ്യാറാക്കി ഏകോപനത്തിലൂടെയും സഹകരണത്തിലൂടെയും ഒന്നിച്ചു പ്രവർത്തിക്കും

Content Highlights: Indian government launches 4 initiatives to combat cybercrime, including a Cyber Fraud Mitigation