നിർമ്മിത ബുദ്ധി നിയന്ത്രിക്കാൻ ഉടൻ നിയമം: കരടുരേഖ ഉടൻ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

#ടെക്നോളജി ഡെസ്ക്
അശ്വിനി വൈഷ്ണവ് | ഫോട്ടോ - എഎൻഐ
അശ്വിനി വൈഷ്ണവ് | ഫോട്ടോ - എഎൻഐ

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിത ബുദ്ധി) മേഖലയെ നിയന്ത്രിക്കുന്നതിന് നിയമനിർമാണം നടത്തുന്നതിനുള്ള കൂടിയാലോചനകൾ വരുംആഴ്ചകളിൽ ആരംഭിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി, വാർത്താവിതരണ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. എൻഡിടിവി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ നിർണായക പരിധി കടന്നിരിക്കുകയാണെന്നും അതിനാൽ പുതിയ നിയന്ത്രണങ്ങളും നിയമവും കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സാങ്കേതികവിദ്യ വരുത്തുന്ന ദോഷങ്ങൾ നിയന്ത്രിക്കാൻ സാധിക്കുമെന്നും ഇതിനായുള്ള കരടുരേഖ (Consultation Paper) തയാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുസമൂഹം, പൗരന്മാർ, വ്യവസായ മേഖല എന്നിവരിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വരൂപിക്കുന്നതിനായാണ് രേഖ ഉടൻ പുറത്തിറക്കുന്നത്. വ്യവസായ മേഖലയിൽ നിർമിത ബുദ്ധി അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ, ഇത് ഉപയോഗിക്കുന്നവരിൽനിന്നു വിപുലമായി വിവരങ്ങൾ ശേഖരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലോകത്തിലെ പ്രമുഖ എ.ഐ. ഇക്കോസിസ്റ്റങ്ങളിലുള്ള ആഗോള വമ്പന്മാർ ഈ സാങ്കേതികവിദ്യയുടെ അടിസ്ഥാന തത്വങ്ങളിൽ ഒന്നിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതോടൊപ്പം ഇലക്ട്രോണിക്സ്, അർധചാലക (Semiconductor) മേഖലകളിലെ മുന്നേറ്റങ്ങളെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. ഇന്ത്യയിൽ  രൂപകൽപന ചെയ്ത് നിർമിക്കുന്ന തദ്ദേശീയ മൊബൈൽ ഫോൺ ബ്രാൻഡുകളും ആദ്യത്തെ 'മെയ്ഡ് ഇൻ ഇന്ത്യ' ചിപ്പും 2028 ഒക്ടോബറോടെ യാഥാർത്ഥ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ സെമികോൺ മിഷൻ 1.0-ൽ അംഗീകരിച്ച 12 പ്ലാന്റുകളിൽ ആറാമത്തെ പ്ലാന്റ് ഉടൻ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Content Highlights: Union IT Minister Ashwini Vaishnaw announced that the central government will soon release a consultation paper to formulate new regulations for Artificial Intelligence. He also highlighted that India's first indigenous mobile chips and designed-in-India smartphone brands will become a reality by October 2028.