വിൻഡോസ് അപ്‌ഡേറ്റ് മാറ്റിവെക്കാം, ഇനി ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന് മൈക്രോസോഫ്റ്റ്

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | AFP
പ്രതീകാത്മകചിത്രം | AFP

തിരക്കിട്ട ജോലികൾക്കിടയിൽ വിൻഡോസ് അപ്‌ഡേറ്റ് പല ഉപയോക്താക്കൾക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കാം. ഒരു പ്രധാനപ്പെട്ട പ്രസന്റേഷൻ നടത്തുകയോ, ഒരുമീറ്റിങ്ങിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയോ ചെയ്യുമ്പോഴാകാം നിങ്ങളുടെ പിസി വിൻഡോസ് അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാൻ നിർദേശിക്കുക. നിരവധി ഉപയോക്താക്കളിൽനിന്നുള്ള ഫീഡ്ബാക്ക് വിലയിരുത്തി ഈ പ്രശ്‌നത്തിന് ഒടുവിൽ പരിഹാരം ഉണ്ടാക്കിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. വിൻഡോസ് അപ്‌ഡേറ്റുകൾ എത്രനാളേക്ക് വേണമെങ്കിലും താത്കാലികമായി മാറ്റിവെക്കാനുള്ള ഓപ്ഷൻ നൽകുമെന്നാണ് പ്രഖ്യാപനം.

ഉപയോക്താക്കളുടെ ഫീഡ്ബാക്ക് വിലയിരുത്തി വിൻഡോസ് അപ്‌ഡേറ്റുകളുടെ പ്രവർത്തനം മാറ്റുന്നുവെന്ന് ബ്ലോഗ് പോസ്റ്റിലൂടെയാണ് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇനി അപ്‌ഡേറ്റുകൾ താത്കാലികമായി നീട്ടിവെക്കാനും അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാതെ തന്നെ പിസി റീസ്റ്റാർട്ട് ചെയ്യാനും കഴിയും. രണ്ട് പ്രധാന പരാതികൾ പരിഹരിക്കുന്നതിനാണ് ഈ സൗകര്യം ഏർപ്പെടുത്തുന്നതെന്ന് കമ്പനി പറയുന്നു. 1. തിരക്കിട്ട ജോലികൾക്കിടയിൽ അപ്‌ഡേറ്റുകൾ തടസം സൃഷ്ടിക്കുന്നു. 2. എപ്പോൾ അപ്‌ഡേറ്റ് ചെയ്യണം എന്നകാര്യത്തിൽ ഉപയോക്താവിന് നിയന്ത്രണവുമില്ലാത്ത സാഹചര്യം. ഇവണ്ടും പരിഹരിക്കുമെന്നാണ് കമ്പനി പറയുന്നത്.

നാല് പ്രധാന മാറ്റങ്ങളാണ് കമ്പനി വരുത്തുന്നത്.

1. ഉപയോക്താക്കൾക്ക് ഔട്ട്-ഓഫ്-ബോക്‌സ് (OOBE) സമയത്ത് അപ്‌ഡേറ്റുകൾ ഒഴിവാക്കാൻ കഴിയും. ഒരു പുതിയ ഉപകരണം ആദ്യമായി ഓൺ ചെയ്യുന്ന സാഹചര്യമാണിത്. ഇനി മുമ്പത്തേക്കാൾ വേഗത്തിൽ പുതിയ വിൻഡോസ് ലാപ്‌ടോപ് സജ്ജീകരിക്കാനും പിന്നീട് അത് അപ്‌ഡേറ്റ് ചെയ്യാനും കഴിയും.

2. അപ്‌ഡേറ്റുകൾ താത്കാലികമായി മാറ്റിവെക്കാനും അതിന് ഒരു പ്രത്യേക ദിവസം തിരഞ്ഞെടുക്കാനും ഇനി കഴിയും. ഇതിനായി ഉപയോക്താക്കൾക്ക് ഒരു കലണ്ടർ ഇന്റർഫേസ് ലഭിക്കും. അത് 35 ദിവസം വരെയാകാം. ഈ കാലയളവ് അവസാനിക്കുമ്പോൾ, നിങ്ങൾക്ക് വീണ്ടും 35 ദിവസത്തേക്ക് അപ്‌ഡേറ്റുകൾ താൽക്കാലികമായി നീട്ടിവെക്കാം. തീയതി എത്ര തവണ നീട്ടാം എന്നതിന് പരിധിയില്ല.

3. നിർബന്ധിത അപ്‌ഡേറ്റ് ഇൻസ്റ്റാളേഷനുകൾ ഇനിയില്ല. മൈക്രോസോഫ്റ്റ് പവർ മെനുവും മാറ്റുകയാണ്. നിങ്ങളുടെ കമ്പ്യൂട്ടർ 'അപ്‌ഡേറ്റ് ചെയ്ത് ഷട്ട് ഡൗൺ ചെയ്യുക' അല്ലെങ്കിൽ 'അപ്‌ഡേറ്റ് ചെയ്ത് റീസ്റ്റാർട്ട് ചെയ്യുക' എന്ന് ഇനി നിർബന്ധിക്കില്ല. പകരം, അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യാൻ കാത്തിരിക്കുകയാണെങ്കിൽ പോലും സാധാരണ റീസ്റ്റാർട്ട്, ഷട്ട് ഡൗൺ ഓപ്ഷനുകൾ ലഭിക്കും.

ഉപയോക്താക്കൾ റീസ്റ്റാർട്ട് അല്ലെങ്കിൽ ഷട്ട് ഡൗൺ തിരഞ്ഞെടുത്താൽ വിൻഡോസ് അപ്രതീക്ഷിതമായി ഒരു അപ്‌ഡേറ്റ് ആരംഭിക്കില്ലെന്ന് കമ്പനി പറയുന്നു.

4. മൈക്രോസോഫ്റ്റ് അപ്‌ഡേറ്റ് ലേബലുകളിലേക്ക് ഇനി കൂടുതൽ വിശദാംശങ്ങൾ ചേർക്കും. പ്രത്യേകിച്ച് ഡ്രൈവർ അപ്‌ഡേറ്റുകൾക്ക്. ടൈറ്റിലുകളിൽ ഇനി ഡിവൈസ് ക്ലാസ് ഉൾപ്പെടുത്തും. അതിനാൽ ഒരു അപ്‌ഡേറ്റ് ഡിസ്‌പ്ലേ, ഓഡിയോ, ബാറ്ററി, വിപുലീകരണം, എച്ച്ഡിസി, അല്ലെങ്കിൽ മറ്റൊരു ഡ്രൈവർ വിഭാഗത്തിന് ബാധകമാണോ എന്ന് ഉപയോക്താക്കൾക്ക് കാണാൻ കഴിയും. ഇത് അപ്‌ഡേറ്റുകൾ എന്തിനാണ് എന്ന് ഉപയോക്താക്കൾക്ക് വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കും.

ഈ ഫീച്ചറുകൾ എങ്ങനെ ലഭ്യമാക്കുമെന്നും അഡ്മിനിസ്‌ട്രേറ്റർമാർക്ക് എന്ത് നിയന്ത്രണങ്ങൾ സാധ്യമാകുമെന്നും പിന്നീട് വ്യക്തമാക്കുമെന്നാണ് കമ്പനി പറയുന്നത്.

Content Highlights: Users can now pause Windows updates for 35-day intervals indefinitely., New OOBE options allow skipping updates during initial device setup., Forced 'Update and Restart' or 'Update and Shutdown' options are removed., Improved update labels provide clarity on driver categories like audio and display., Features are currently rolling out to Windows Insider Dev and Experimental channels.