ബിയര്‍ കമ്പനിയുമായി ചേര്‍ന്ന് 'ബോറിങ് ഫോണ്‍' അവതരിപ്പിച്ച് എച്ച്എംഡി ഗ്ലോബല്‍

വിവിധങ്ങളായ ആപ്പുകളുടേയും അവയില്‍ നിന്നെല്ലാമുള്ള നോട്ടിഫിക്കേഷനുകളുടേയും കോലാഹലമാണ് സ്മാര്‍ട്‌ഫോണുകളില്‍. എന്നാല്‍ ഈ ബഹളത്തില്‍ നിന്നെല്ലാം മാറാന്‍ ആഗ്രഹിക്കുന്നവര്‍ പരിമിതമായ സൗകര്യങ്ങള്‍മാത്രമുള്ള ചെറിയ ഫോണുകള്‍ വാങ്ങാറുണ്ട്. ബോറിങ് ഫോണുകള്‍ എന്നാണ് അവയെ വിശേഷിപ്പിക്കാറ്. നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ എന്ന കമ്പനി പുതിയൊരു ഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ് ' ബോറിങ് ഫോണ്‍' എന്ന് തന്നെയാണ് അതിന് പേരിട്ടിരിക്കുന്നത്.
ബിയര്‍ നിര്‍മാതാക്കളായ ഹെയ്ന്‍കെന്‍, ഫാഷന്‍ ബ്രാന്‍ഡായ ബൊഡേഗ എന്നിവരുമായി ചേര്‍ന്നാണ് എച്ച്എംഡി പുതിയ ഫോണ്‍ അവതരിപ്പിച്ചത്. സുതാര്യമായ രൂപകല്‍പനയാണ് എച്ച്എംഡിയുടെ മറ്റ് ഫോണുകളില്‍ നിന്ന് ബോറിങ് ഫോണിനെ വ്യത്യസ്തമാക്കുന്നത്.
കോളുകള്‍ ചെയ്യാം, ടെക്‌സ്റ്റ് സന്ദേശങ്ങള്‍ അയക്കാം എന്നതല്ലാതെ മറ്റൊരു ഉപയോഗവും ഈ ഫോണില്‍ സാധ്യമല്ല. ആപ്പുകളില്ല, സോഷ്യല്‍ മീഡിയയില്ല, സ്‌ക്രോള്‍ ചെയ്തിരിക്കേണ്ടതില്ല. എന്നാല്‍ നോക്കിയ ഫോണുകളിലുണ്ടായിരുന്ന സ്‌നേക്ക് ഗെയിം ഫോണിലുണ്ട്.
2.8 ഇഞ്ച് ഇന്നര്‍ ഡിസ്‌പ്ലേയും, 1.77 ഇഞ്ച് ഔട്ടര്‍ ഡിസ്‌പ്ലേയും ഫോണിനുണ്ട്. 0.3 എംപി ക്യാമറയാണിതിന്. 2ജി, 3ജി, 4ജി നെറ്റ് വര്‍ക്കുകള്‍ പിന്തുണയ്ക്കും. സ്റ്റാന്റ് ബൈ മോഡില്‍ ഒരാഴ്ച വരെ ഫോണില്‍ ചാര്‍ജ് നില്‍ക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.
ബോറിങ് ഫോണ്‍ സാധാരണ ഫോണുകളെ പോലെ നേരിട്ട് റീട്ടെയില്‍ സ്‌റ്റോറുകളിലോ ഓണ്‍ലൈന്‍ സ്‌റ്റോറുകളിലോ വില്‍പനയ്‌ക്കെത്തില്ല. ആഗോള തലത്തില്‍ ആകെ 5000 യൂണിറ്റുകള്‍ മാത്രം വിതരണം ചെയ്യാനാണ് എച്ച്എംഡിയുടെ പദ്ധതി. അതും പ്രചാരണ പരിപാടികള്‍, മത്സരങ്ങള്‍ എന്നിവയില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യമായാണ് ഇത് നല്‍കുക. ഏപ്രില്‍ 18 ന് ഇറ്റലിയില്‍ നടക്കുന്ന മിലന്‍ ഡിസൈന്‍ വീക്കിലാണ് പ്രചാരണ പരിപാടികള്‍ ആരംഭിക്കുക. ഇന്ത്യയില്‍ എത്തുമോ എന്നും വ്യക്തമല്ല.
Content Highlights: hmd global unveiled boring phone parnering with heinken and bodega