ഇന്ത്യക്കെതിരെ സൈബര്‍ ആക്രമണ ഭീഷണി; 'സൈബര്‍ പാര്‍ട്ടി' പ്രഖ്യാപിച്ച് കുപ്രസിദ്ധ ഹാക്കര്‍സംഘം

ലോകത്തെ ഏറ്റവും വലിയ ഹാക്കർഗ്രൂപ്പുകളിലൊന്ന് ഇന്ത്യൻ വെബ്സൈറ്റുകൾക്കും ഐടി ശൃംഖലയ്ക്കും നേരെ സൈബറാക്രമണം പ്രഖ്യാപിച്ചു. ഇതേത്തുടർന്ന് കേന്ദ്ര ഏജൻസികൾ രാജ്യവ്യാപകമായി ജാഗ്രതാ നിർദേശം നൽകി. മന്ത്രാലയങ്ങളും വിവിധ വകുപ്പുകളും സൈബർസുരക്ഷ ബലപ്പെടുത്താനുള്ള നടപടികൾ ശക്തമാക്കിയതായി ന്യൂസ് 18 റിപ്പോർട്ടിൽ പറയുന്നു. സൈബർ ഹൈജീൻ സ്റ്റാന്റേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ നടപ്പാക്കാനും ഹാക്കിങിലൂടെ വിവരങ്ങൾ ചോരുന്നത് തടയാനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ആരോഗ്യമേഖലയിലെ ഐടി ശൃംഖലയായിരിക്കാം ഹാക്കർമാരുടെ പ്രഥമലക്ഷ്യം എന്നാണ് കരുതുന്നത്. കോവിഡ് കാലത്തിന് ശേഷം ഇത്തരം ഹാക്കർസംഘങ്ങൾ സാധാരണയായി ആരോഗ്യമേഖല ലക്ഷ്യം വെക്കാറുണ്ട്. ഇത് പരിഗണിച്ച് കേന്ദ്രഏജൻസികൾ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് സൈബർസുരക്ഷ ശക്തമാക്കാൻ നിർദേശം നൽകി.
ഇന്ത്യൻ ഡിജിറ്റൽശൃംഖലയുടെ പ്രവർത്തനം തടസ്സപ്പെടുത്താനും കയ്യടക്കാനുമായി ഡിസംബർ 11 ന് സംഘടിതമായി 'സൈബർ പാർട്ടി' നടത്തുമെന്ന് ഹാക്കർ ഗ്രൂപ്പ് മുന്നറിയിപ്പ് നൽകി. പാകിസ്താനിൽ നിന്നും ഇൻഡൊനീഷ്യയിൽ നിന്നുമുള്ള കുപ്രസിദ്ധ ഹാക്കർസംഘങ്ങൾ ടെലഗ്രാം ചാനലുകളിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്. നാലായിരത്തിലേറെ അംഗങ്ങൾ തങ്ങൾക്കുണ്ടെന്നാണ് ഹാക്കർഗ്രൂപ്പിന്റെ അവകാശവാദം.
12,000 സർക്കാർ വെബ്‌സൈറ്റുകളെ ലക്ഷ്യമിട്ട് ഇതേ ഗ്രൂപ്പ് മുമ്പ് ''റെഡ് നോട്ടീസ്'' പുറപ്പെടുവിച്ചിരുന്നു. യുഎസ്, സ്വീഡൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലും ഇവർ ആക്രമണം നടത്തിയിട്ടുണ്ട്. സ്വീഡനിലെ സോഷ്യൽ മീഡിയാ ഉപഭോക്താക്കളുടെ വിവരങ്ങൾ ഈ സംഘങ്ങൾ ചോർത്തിയിരുന്നു. ഇസ്രായേലിൽ നിന്നുള്ള ജനങ്ങളുടെ ആരോഗ്യവിവരങ്ങളും സോഷ്യൽ മീഡിയാ ഡാറ്റയും ഇവർ ചോർത്തി. ന്യൂയോർക്കിലെ പോലീസ് വകുപ്പിൽ നിന്ന് ഇവർ വിവരങ്ങൾ ചോർത്തിയിട്ടുണ്ട്. ഇക്കാരണത്താലാണ് ഇന്ത്യൻ ഏജൻസികൾ ഭീഷണി ഏറെ ഗൗരവത്തിലെടുത്തിട്ടുള്ളത്.
Content Highlights: hacker group plans cyber party' to attack on Indian digital networks